Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി പഞ്ചായത്ത്...

അടിമാലി പഞ്ചായത്ത് പ്രസിഡൻറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം

text_fields
bookmark_border
അടിമാലി: പഞ്ചായത്ത് പ്രസിഡൻറിനെതിരെ യു.ഡി.എഫ് അവിശ്വാസത്തിന് ബുധനാഴ്ച നോട്ടീസ് നൽകും. പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ജോർജിനെതിരെയാണ് അവിശ്വാസം. ബുധനാഴ്ച രാവിലെ പത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയെന്ന് യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച നോട്ടീസ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ബ്ലോക്ക് പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പെടെ ജീവനക്കാർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിൽ എട്ടിന് വൈസ് പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് പ്രസിഡൻറിനെതിരെ അവിശ്വാസ നോട്ടീസ്. പത്ത് യു.ഡി.എഫ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്. 21 അംഗ അടിമാലി പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ് പത്ത്, എൽ.ഡി.എഫ് ഒമ്പത്, സ്വതന്ത്രർ രണ്ട് എന്നാണ് കക്ഷിനില. തുടക്കത്തിൽ ബിനുചോപ്ര യു.ഡി.എഫിന് ഒപ്പമായിരുന്നു. അന്ന് പ്രസിഡൻറായിരുന്ന സ്മിത മുനിസ്വാമിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ബിനുചോപ്ര എൽ.ഡി.എഫിനൊപ്പം ചേർന്നു. അവിശ്വാസം ചർച്ചക്കെടുക്കുന്ന ദിവസം സ്മിത മുനിസ്വാമി മെംബർ സ്ഥാനവും പ്രസിഡൻറ് സ്ഥാനവും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. ഇതോടെ 11 അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫിലെ ശ്രീജ ജോർജ് പ്രസിഡൻറായി. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും സ്വതന്ത്ര അംഗം എം.പി. വർഗീസ് യു.ഡി.എഫിന് പിന്തുണ നൽകുകയും ചെയ്തതോടെ ഭരണപക്ഷമായ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. പ്രസിഡൻറ് ശ്രീജ ജോർജ് ആറുമാസം പൂർത്തിയാക്കിയതോടെയാണ് ഇവർക്കെതിരെയും അവിശ്വാസം കൊണ്ടുവരുന്നത്. ആദിവാസി വനിത സംവരണമാണ് അടിമാലി പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം.
Show Full Article
TAGS:LOCAL NEWS 
Next Story