മലയോര ഹൈവേക്കായി സർവേ തുടങ്ങി

05:02 AM
06/12/2018
കട്ടപ്പന: മലയോര ഹൈവേക്കായി ഇടുക്കി സബ് ഡിവിഷനിൽ സർവേ തുടങ്ങി. കട്ടപ്പന ടൗണിലൂടെ കടന്നുപോകുന്ന അടിമാലി-കട്ടപ്പന-ശബരിമല ദേശീയപാതക്ക് പിന്നാലെ കട്ടപ്പനയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ പണികൂടി പൂർത്തിയാകുമ്പോൾ ടൂറിസം മേഖലയിൽ കട്ടപ്പനക്ക് വൻ കുതിപ്പുണ്ടാകും. കേരളത്തിലെ ആലപ്പുഴ ജില്ലയൊഴിച്ച് മറ്റ് എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന കാസർകോട്-തിരുവനന്തപുരം മലയോര ഹൈവേയുടെ ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന പാതകളുടെ സർവേ നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. ജില്ലയിൽ മുണ്ടക്കയത്തുനിന്ന് കുട്ടിക്കാനം-ഏലപ്പാറ-ചപ്പാത്ത്-കട്ടപ്പന-പുളിയന്മല-നെടുങ്കണ്ടം-രാജാക്കാട്-മൂന്നാർ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ഇതിൽ മുണ്ടക്കയം മുതൽ ചപ്പാത്തുവരെ ഭാഗം പീരുമേട് പി.ഡബ്ല്യു.ഡി സബ് ഡിവിഷ​െൻറ കീഴിലാണ് വരുന്നത്. ഈ ഭാഗത്തെ സർവേ നടപടി പൂർത്തിയായി. അവശേഷിക്കുന്ന ഭാഗത്ത് ചപ്പാത്ത് മുതൽ പുളിയന്മല വരെ ഭാഗം ഇടുക്കി സബ് ഡിവിഷ​െൻറ പരിധിയിലാണ് വരുന്നത്. ഈ ഭാഗത്തെ സർവേ നടപടിയാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്‌. ചപ്പാത്ത് മുതൽ പുളിയന്മല വരെ 27.71 കിലോമീറ്റർ ദൂരംവരുന്ന ഭാഗത്തെ സർവേയാണ് ചപ്പാത്തിൽനിന്ന് ആരംഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിനായി കണക്കാക്കിയിട്ടുള്ള ഭൂമിയിൽ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ കല്ല് സ്ഥാപിക്കുന്ന ജോലി കുട്ടിക്കാനത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്. ചപ്പാത്ത് മുതൽ പുളിയന്മല വരെ ഭാഗത്തെ പാത നിർമാണത്തിനായി 84.53 കോടിയാണ് അനുവദിച്ചിട്ടുള്ളത്. 12 മീറ്റർ വീതിയിലാണ് റോഡിനായി സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. വളവുകൾ നിവർത്താനും മറ്റും കൂടുതൽ സ്ഥലം ഏറ്റെടുക്കും. ഏഴ് മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ ഇൻറർലോക്ക് ടൈൽ പാകലും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തുമാണ് നിർമിക്കുക. ടൗൺ മേഖലയിൽ 16 മീറ്റർ വീതിയാകും നിശ്ചയിക്കുക. ബസ് കാത്തിരിപ്പുകേന്ദ്രവും മറ്റും നിർമിക്കാനാണ് ടൗൺ മേഖലകളിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്. ഇടുക്കി സബ് ഡിവിഷന് കീഴിലെ പാതയുടെ നിർമാണ ജോലി ഒരുമാസത്തിനകം ടെൻഡർ ചെയ്യാനായി നടപടി പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ-തേനി അന്തർസംസ്ഥാന പാതയും കട്ടപ്പനയിലൂടെ തന്നെയാണ് കടന്നുപോകുന്നത്. മൂന്ന് പ്രധാന പാതകളുടെയും നിർമാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏത് ജില്ലയിൽ നിന്നും ചുരുങ്ങിയ സമയംകൊണ്ട് കട്ടപ്പനയിലെത്താം. സ്വദേശ വിദേശ ടൂറിസ്റ്റുകൾ കട്ടപ്പനയിലേക്ക് എത്തുന്നതിനും ഇത് സഹായകമാകും.
Loading...
COMMENTS