കരിക്കുംതോളം, ഇരുകൂട്ടി ​പ്ര​േദശങ്ങൾ 'കാളവണ്ടിയുഗ'ത്തിലേക്ക്; ** ഒറ്റപ്പെട്ട്​ നാട്ടുകാർ

09:05 AM
11/07/2018
ചെറുതോണി: അറുപതു വർഷത്തിലധികമായി കുടിയേറി കൃഷിചെയ്തുവരുന്ന കർഷിക മേഖലയായ കരിക്കുംതോളം, ഇരുകൂട്ടി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു. തടിയമ്പാട്- കരിക്കുംതോളം- ഇരുകൂട്ടി വഴി പ്രകാശിലേക്കുള്ള റോഡ് തകർന്നതാണ് ഇൗ പ്രദേശങ്ങളെ ഒറ്റപ്പെടുത്തിയത്. തോപ്രാംകുടി പ്രകാശിലേക്ക് ആദ്യം വഴിതെളിഞ്ഞത് ഇരുകൂട്ടിവഴിയാണ്. എന്നാൽ കാലക്രമേണ മറ്റ് റോഡുകൾ നിർമിക്കപ്പെട്ടതോടെ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാതെയായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോഹന വാഗ്ദാനങ്ങളുമായി കടന്നുവരുന്ന രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും പിന്നീട് ഇവരെയും ഈ പ്രദേശത്തെയും മറക്കും. ഇതാണ് നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന വിമലഗിരി, കരിക്കുംതോളം, ഇരുകൂട്ടി ഗ്രാമങ്ങൾ ഒറ്റപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പലപ്പോഴായി ചെറുതുകകൾ റോഡ് ടാറിങ്ങിനായി ഇവിടെ ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം പാഴാവുകയായിരുന്നു. തടിയമ്പാട്, വിമലഗിരി, കരിക്കുംതോളം, ഇരുകൂട്ടി വഴി പ്രകാശിലേക്കുള്ള റോഡിന് ഫണ്ട് അനുവദിച്ചതായി നിരവധി തവണ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ചിത്രംെവച്ചുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബോർഡുകളല്ലാതെ റോഡുമാത്രമുണ്ടായില്ലെന്ന് ജനങ്ങൾ പറയുന്നു. ഇരുകൂട്ടിയിലുള്ള പാറമടയിലേക്ക് ടോറസുകളും ടിപ്പറുമുൾപ്പെടെ നൂറുകണക്കിന് ഭാരവാഹനങ്ങളാണ് കടന്നുപോകുന്നത്. പഞ്ചായത്ത് റോഡി​െൻറ നിലവാരം പോലുമില്ലാത്ത റോഡിലൂടെ ടൺകണക്കിന് ഭാരവുമായി ലോറികൾ പായുന്നതാണ് റോഡി​െൻറ നാശത്തിന് കാരണമായത്. വാഴത്തോപ്പ് സ​െൻറ് ജോർജ്, കേന്ദ്രീയ വിദ്യാലയം, വിമലഗിരി വിമലമാതാ, മരിയാപുരം സ​െൻറ് മേരീസ്, കരിമ്പൻ സ​െൻറ് തോമസ്, രാജമുടി ഡി പോൾ തുടങ്ങി നിരവധി സ്കൂളുകളിലേക്കും കോളജുകളിലേക്കും പഠനത്തിനായി പോകുന്ന നൂറിലധികം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാവുകയാണ്. പ്ലേ സ്കൂൾ മുതൽ കോളജ് വരെ വിദ്യാർഥികൾ വാഹനങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുന്നത്. കിലോമീറ്ററുകൾ അകലെ മാത്രേമ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളൂ. റോഡ് തകർന്നതോടെ സ്കൂൾ വാഹനങ്ങൾ വരാൻ സാധിക്കാത്ത സ്ഥിതിയാണ്. പ്രദേശവാസികളിൽ പലരുടെയും കാറുകളും ഇരുചക്ര വാഹനങ്ങളും വീട്ടിലെ ഷെഡിൽനിന്ന് പുറത്തിറക്കാതായിട്ട് നാളുകളായി. സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഇപ്പോൾ സഞ്ചരിക്കണമെങ്കിൽ കല്ലുമായി വരുന്ന ടിപ്പറുകളെയും മറ്റ് വലിയ വാഹനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടാണ്. കലക്ടർക്കും ജനപ്രതിനിധികൾക്കും മന്ത്രിക്കുമെല്ലാം നിവേദനങ്ങൾ പലതവണ നൽകിയെങ്കിലും നടപടിയുണ്ടായില്ല. നാട്ടുകാർ സംഘടിച്ച് പൈനാവ് പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധിച്ചെങ്കിലും സമരം ചെയ്തവർ നാണംകെട്ടതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. മനസ്സുമടുത്ത് പ്രദേശവാസികൾ സമരത്തിൽനിന്ന് പിന്മാറിയതോടെ വിദ്യാർഥികൾ സംഘടിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Loading...
COMMENTS