ഡൽഹിയിലെ ഉപവാസം അപഹാസ്യം -ഇൻഫാം

06:23 AM
09/08/2018
തൊടുപുഴ: പശ്ചിമഘട്ടത്തെയാകെ പരിസ്ഥിതിലോലമാക്കി ജനങ്ങളെ തെരുവിലേക്ക് തള്ളിവിട്ടവർ സംരക്ഷകരുടെ കുപ്പായമണിഞ്ഞ് ഡൽഹിയിൽ ഉപവാസം നടത്തുന്നത് അപഹാസ്യമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. റിസർവ് ഫോറസ്റ്റിൽപെട്ട 92 വില്ലേജുകളിലെ 8656.46 ചതുരശ്ര കി.മീ. ഭൂമി മാത്രേമ പരിസ്ഥിതിലോലമാക്കാവൂ എന്നാണ് സംസ്ഥാന സർക്കാർ അവസാനമായി ആവശ്യപ്പെട്ടതെന്ന് 2018 ജൂലൈ 20ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ സമർപ്പിച്ച 9993.7 ചതുരശ്ര കിലോമീറ്റർ ഭൂമിതന്നെ ഇ.എസ്.എയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് നിവേദനം നൽകിയിരിക്കുന്നത് വഞ്ചനാപരവും എതിർക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. അജ്ഞാത രോഗം: ഒരിറ്റു കനിവുതേടി വിദ്യാർഥി തൊടുപുഴ: ജീവൻ നിലനിർത്താൻ ഒമ്പതാം ക്ലാസ് വിദ്യാർഥി സഹായം തേടുന്നു. കുമാരമംഗലം കൈതക്കൽ വീട്ടിൽ സിജുവി​െൻറയും അനിതയുടെയും മകൻ അജിൻ സിജുവാണ് തിരിച്ചറിയാൻ കഴിയാത്ത രോഗത്താൽ കഷ്ടപ്പെടുന്നത്. മൂന്നാഴ്ച മുമ്പുണ്ടായ പനിയായിരുന്നു ആദ്യ രോഗലക്ഷണം. ചികിത്സ തേടിയെങ്കിലും വിട്ടുമാറിയില്ല. കഴിഞ്ഞ ആഴ്ച പനി ശക്തമായി. കോലഞ്ചേരി മെഡിക്കൽ കോളജിലെ ചികിത്സയിൽ ഡെങ്കിയോ, എലിപ്പനിയോ ആണെന്നാണ് ആദ്യം കരുതിയത്. വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയും രോഗം തിരിച്ചറിയാനായില്ല. ഇപ്പോൾ ജീവൻ നിലനിർത്താൻ ദിവസേന ഡയാലിസിസ് വേണം. പുതിയ ചികിത്സരീതിയും നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള മരുന്ന് വിദേശത്തുനിന്ന് കൊണ്ടുവരണം. 100 മില്ലിക്ക് മാത്രം രണ്ടുലക്ഷം രൂപയാണ് വില. രോഗനിർണയത്തിനെത്തുന്ന വിദഗ്ധ ഡോക്ടർമാർക്കുള്ള െചലവും കണ്ടെത്തണം. രോഗശമനത്തിന് അനുസരിച്ചേ എത്ര തവണ മരുന്ന് കൊണ്ടുവരേണ്ടിവരുമെന്ന് വ്യക്തമാവൂ. ഈ ചികിത്സയും ഫലിച്ചില്ലെങ്കിൽ വൃക്കമാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴി. കൂലിപ്പണിക്കാരായ അജി​െൻറ മാതാപിതാക്കൾക്ക് ഈ െചലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ്. അജിൻ പഠിക്കുന്ന എം.കെ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർഥികളും തൊടുപുഴ സാന്ത്വനം ചാരിറ്റബിൽ ട്രസ്റ്റും സുമനസ്സുകളും ചേർന്ന് കുറച്ചു പണം സ്വരൂപിച്ച് നൽകി. എന്നാൽ, തുടർചികിത്സക്ക് ഇനിയും പണം വേണം. കുമാരമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സിന്ധുകുമാർ രക്ഷാധികാരിയായ സഹായനിധി ശേഖരണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. പഠനത്തിൽ സമർഥനും മികച്ച ഫുട്‌ബാൾ കളിക്കാരനുമായ അജിനെ സഹായിക്കാൻ ഇനി സുമനസ്സുകൾ കനിയണം. യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യയിൽ 445402010011790 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. െഎ.എഫ്.എസ്.സി കോഡ്: യു.ബി.െഎ.എൻ 0544540. ഫോൺ: 6282706875. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം; നെടുങ്കണ്ടം ടൗണിൽ അപകടം പതിവ് നെടുങ്കണ്ടം: ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം നെടുങ്കണ്ടം ടൗണിൽ അപകടങ്ങൾ തുടർക്കഥയാക്കി. നിരവധി ആളുകൾ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന കുമളി-മൂന്നാർ സംസ്ഥാനപാതയിലാണ് ഇരുചക്രവാഹനങ്ങളുടെ പാച്ചിൽ. ബൈക്കുകളുടെ മത്സരയോട്ടം മൂലം റോഡിൽ നടക്കാനും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം ടൗണിലൂടെ വിദ്യാർഥികൾ രണ്ട് ബൈക്കിൽ നടത്തിയ മത്സരയോട്ടം നാട്ടുകാരെ ഞെട്ടിച്ചു. അമിതവേഗത്തിൽ പോയ ബൈക്കുകൾ എതിർവശത്ത് റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. പിന്നിൽ വന്ന ബൈക്ക് മുന്നിൽ കയറാൻ വെട്ടിക്കുന്നതിനിടെ മുന്നിൽ പോകുന്ന ബൈക്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് വഴിയോരത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. നെടുങ്കണ്ടത്ത് ജോയൻറ് ആർ.ടി.ഒ, പൊലീസ് എന്നിവർ നടപടിക്ക് തയാറാവുന്നില്ലെന്നാണ് ആക്ഷേപം. സ്കൂൾ-കോളജ് വിദ്യാർഥികൾ അമിതവേഗത്തിൽ ഉണ്ടാക്കുന്ന അപകടങ്ങൾ പലതും രക്ഷകർത്താക്കൾ ഇടപെട്ട് ഒതുക്കിത്തീർക്കുകയാണ്. അതിനാൽ കേസ് ഉണ്ടാകാറുമില്ല.
Loading...
COMMENTS