വയോമിത്രം ക്ലിനിക്ക് തുറക്കാൻ ​വൈകി; രോഗികൾ വലഞ്ഞു

05:35 AM
08/08/2018
തൊടുപുഴ: വയോമിത്രം ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന നഗരസഭ വനിത വ്യവസായ കേന്ദ്രത്തി​െൻറ കവാടം തുറക്കാന്‍ താമസിച്ചത് രോഗികള്‍ക്ക് ദുരിതമായി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ വെങ്ങല്ലൂരിലാണ് സംഭവം. കേരള സാമൂഹിക സുരക്ഷ മിഷ​െൻറ വയോമിത്രം പദ്ധതിയില്‍പെട്ട രോഗികൾ രാവിലെ എത്തിയപ്പോള്‍ കവാടം പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. പ്രായമായവരും രോഗികളുമായ ഇവർ അടുത്തുള്ള വീടുകളില്‍ കയറി ഇരുന്നു. പലരും തിരികെ പോകുകയും ചെയ്തു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്. ക്ലിനിക്കില്‍ കയറാന്‍ സാധിക്കാത്തതിനാല്‍ സമീപത്തെ വീട്ടിലിരുന്ന് രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി. ഇതിനിടെ വ്യവസായകേന്ദ്രത്തി​െൻറ താക്കോലുമായി മുനിസിപ്പാലിറ്റി ജീവനക്കാർ എത്തി. തുടര്‍ന്ന് 10.45ഓടെയാണ് ഡോക്ടര്‍ രോഗികളെ ക്ലിനിക്കില്‍ പരിശോധിച്ചത്. പണിമുടക്ക് കാരണം ജീവനക്കാരെ കൊണ്ടുവരാന്‍ വാഹനം അയക്കേണ്ടി വന്നതും രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ താമസിച്ചതിന് കാരണമായതായി ഡോക്ടര്‍ പറഞ്ഞു. വെങ്ങല്ലൂരിലെ അംഗന്‍വാടിയിലായിരുന്നു നേരേത്ത ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നത്. മുറി കിട്ടിയപ്പോള്‍ ഒന്നരമാസം മുമ്പാണ് വ്യവസായ കേന്ദ്രത്തിലേക്ക് മാറിയത്. സുരക്ഷയുടെ ഭാഗമായാണ് വ്യവസായകേന്ദ്രം പൂട്ടിയിട്ടതെന്നും വാഹനപണിമുടക്ക് കാരണം ജീവനക്കാര്‍ താമസിച്ച് എത്തിയത് രോഗികള്‍ക്ക് വിനയായെന്നും കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു.
Loading...
COMMENTS