കാട്ടാനക്കൂട്ടങ്ങൾക്കിടയിലൂടെ നെഞ്ചിടി​പ്പോടെ

06:02 AM
07/08/2018
അടിമാലി: കാട്ടാനക്കൂട്ടം മേയുന്ന കാട്ടിലൂടെ ആദിവാസികളുടെ ഭീതി യാത്ര. അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി കോളനിവാസികളാണ് കാട്ടാനയെ പേടിച്ച് പുറംനാട്ടിലെത്താൻ ഭയക്കുന്നത്. ഇരുമ്പുപാലം പടിക്കപ്പിൽനിന്ന് നടന്നുവേണം ഇവർക്ക് പുറംനാട്ടിലെത്താൻ. പ്രധാന പാതയായ ആവറുകുട്ടി വഴി യാത്രചെയ്യുന്നത് അപകടമാണെന്ന് ആദിവാസികൾ പറയുന്നു. കാട്ടാനകളുടെ കേന്ദ്രമായ ആവറുകുട്ടിയിൽ ഏതുസമയത്തും ആന ഇറങ്ങാം. ഈറ്റ ശേഖരണ സമയങ്ങളിൽ പുറത്തുനിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടാകുേമ്പാൾ ശല്യം അൽപം കുറയും. എന്നാൽ, ഇവർ കാടിറങ്ങുന്നതോടെ പ്രാണഭീതിയിലാണ് ആദിവാസികളുടെ യാത്ര. കഴിഞ്ഞ ദിവസം മൂന്ന് ആദിവാസി യുവാക്കളെ കാട്ടാനക്കൂട്ടം ആക്രമിച്ചെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. ഒരുദിവസം വനത്തിൽ തങ്ങിയ ശേഷമാണ് ഇവർ തിരിച്ച് കോളനിയിലെത്തിയത്. അവശ്യസാധനങ്ങൾ വാങ്ങാനും ആശുപത്രി ആവശ്യത്തിനുമാണ് ഇവർ ഏറെയും അടിമാലിയെ ആശ്രയിക്കുന്നത്. വനപാതയിലൂടെ നാലു മണിക്കൂർ നടന്ന് പടിക്കപ്പിലോ ഇളംബ്ലാശ്ശേരിയിലോ എത്തിയാണ് വാഹനങ്ങളിൽ കയറുന്നത്. ഈ പാതയിലാണ് കൊലവിളിയുമായി കാട്ടാനകൾ നിലകൊള്ളുന്നത്. മലയോര ഹൈവേയുടെ ഭാഗമായി ഈ റോഡ് വികസിപ്പിക്കാൻ നടപടിയായിരുന്നെങ്കിലും വനംവകുപ്പി​െൻറ എതിർപ്പിനെത്തുടർന്ന് റോഡ് വികസനം തടസ്സപ്പെട്ടു. ആവറുകുട്ടിവഴിയുള്ള റോഡ് വികസിപ്പിക്കുകയും കുറത്തിക്കുടിയിൽ അടിസ്ഥാനസൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം. മാങ്കുളം വഴി മറ്റൊരു പാതകൂടി ഉണ്ടെങ്കിലും വാഹനസൗകര്യമില്ലാത്തതും മാങ്കുളത്ത് എത്തി തുടർന്നുള്ള യാത്രക്ക് കൂടുതൽ സമയം വേണമെന്നതും മൂലം ആദിവാസികൾ ഈ പാതയിലൂടെ പോകാൻ വിസമ്മതിക്കുന്നു. അത്യാവശ്യസാധനങ്ങൾ വാങ്ങുന്നതിന് മാത്രമാണ് മാങ്കുളത്തെ ആശ്രയിക്കുന്നത്. കാലവർഷം പിൻവാങ്ങി; നെൽകൃഷി തിരികെ പിടിക്കാൻ ഹൈറേഞ്ച് തൊടുപുഴ: കാലവർഷം പിൻവാങ്ങിയതോടെ നെൽകൃഷി തിരികെ പിടിക്കാൻ ഹൈറേഞ്ച്. മലയോരമേഖലയിലെ കർഷകർ പാടശേഖരങ്ങൾ ഉഴുത് വിത്തിറക്കാൻ ആരംഭിച്ചു. ഹൈറേഞ്ച് മേഖലയിൽ കൃഷി വകുപ്പ് നേതൃത്വത്തിൽ നെൽകൃഷി തിരികെ എത്തിക്കാനുള്ള പരിശ്രമം വർഷങ്ങളായി നടന്നു വരുകയാണ്. പാടശേഖര സമിതികൾ രൂപവത്കരിച്ച് നല്ല പ്രോത്സാഹനമാണ് കൃഷിവകുപ്പും പ്രദേശിക ഭരണകൂടവും നൽകുന്നത്. ഇതി​െൻറ ഭാഗമായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടീൽ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു. ശാന്തൻപാറ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ചേരിയാർ പാടത്ത് വിത്തിറക്കി പഞ്ചായത്തുതല നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ ദിലീപ് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻറ് കൊച്ചുകുഞ്ഞ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു, കൃഷി അസി. ഡയറക്ടർ പളനി, ശാന്തൻപാറ കൃഷി ഓഫിസർ ബെന്നി, അസി. കൃഷി ഓഫിസർമാരായ ബിനോജി, മഞ്ജു, പാടശേഖര സമിതി സെക്രട്ടറി ടോമി തുടങ്ങിയവർ പങ്കെടുത്തു. മഴക്കഥയിൽ കൗതുകം പൂണ്ട് കല്ലാറിലെ കുട്ടികൾ നെടുങ്കണ്ടം: നാൽപതാം നമ്പർ മഴ, നൂൽ മഴ എന്നൊക്കെ കേട്ടപ്പോൾ കുരുന്നുകൾക്ക് അദ്ഭുതം. ഇവർക്ക് മാത്രമല്ല അധ്യാപകർക്കും ഇതൊക്കെ പുത്തനറിവായി. മഴക്കാല അനുഭവങ്ങൾ പഴയ തലമുറ പങ്കുെവച്ചപ്പോഴാണ് മഴക്കഥ കേട്ട് കല്ലാറിലെ കുട്ടികൾ അതിശയം പൂണ്ടത്. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം കുട്ടികൾ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'ഹായ് മഴ' പരിപാടിയിലാണ് മുത്തച്ഛനും മുത്തശ്ശിയും പഴയകാല മഴക്കഥകൾ പറഞ്ഞത്. കല്ലാർ പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കർഷകനായ രവീന്ദ്രൻ, കല്ലാർ പട്ടം കോളനി സ്കൂളിലെ ആദ്യകാല അധ്യാപകൻ ഈസ, ജയ്നമ്മ, സുമാംഗി തുടങ്ങിയവരാണ് തങ്ങളുടെ കുട്ടിക്കാലത്തെ മഴക്കാല അനുഭവങ്ങൾ അവതരിപ്പിച്ചത്. മഴയെപ്പറ്റി കുട്ടികൾ എഴുതിയ കവിതകളും കഥകളും ആൽബങ്ങളും പത്രങ്ങളിൽ വന്ന വാർത്തകളുടെയും ചിത്രങ്ങളുടെയും ശേഖരവും പ്രദർശിപ്പിച്ചു. മലയാളം വിഭാഗം അധ്യാപകൻ എം.എം. ആൻഡ്രൂസ് മോഡറേറ്ററായിരുന്നു. ഹെഡ്മാസ്റ്റർ കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, അധ്യാപകരായ സിബി പോൾ, ടോൺസൺ, ഇന്ദിര ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS