കാട്ടാന ആക്രമണം; കുഴിയിൽ വീണ് തോട്ടം തൊഴിലാളിക്ക് പരിക്ക്

05:32 AM
08/08/2018
വണ്ടിപ്പെരിയാർ: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ കുഴിയിൽ വീണ് തോട്ടം തൊഴിലാളിക്ക് പരിക്ക്. പെരിയാർ 63ാം മൈൽ ജോയുടെ തോട്ടത്തിലെ തൊഴിലാളിയായ തമിഴ്നാട് സ്വദേശി ശരവണനാണ് (34) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ എസ്റ്റേറ്റിൽ ജോലിക്കിടെയാണ് സംഭവം. ശരവണനും മൂന്ന് വാച്ചർമാരും റോഡിലൂടെ പോകുമ്പോൾ ആനയുടെ കാൽപാട് കണ്ടതിനെത്തുടർന്ന് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. എന്നാൽ, ഈ വഴിയിലും ആന നിലയുറപ്പിച്ചിരുന്നു. അടുത്ത് എത്തിയപ്പോൾ മാത്രമാണ് കണ്ടത്. ആന ശരവണന് നേരെ തിരിയുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശരവണൻ 30 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ട് റോഡിലെത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് ശരവണനെ പരിക്കേറ്റ നിലയിൽ കുഴിയിൽ കണ്ടെത്തിയത്. വലതുകാലിനു ഒടിവുണ്ട്. തോട്ടം ഉടമയും നാട്ടുകാരും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലം പ്രവേശിപ്പിച്ചു. 63ാംമൈൽ ഭാഗത്തെ തോട്ടങ്ങളിൽ കാട്ടാന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമാണ്. കർഷകർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെത്തുടർന്ന് വനപാലകർ ട്രഞ്ച് നിർമിക്കുകയും കമ്പിവേലി സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പണി പൂർണമാകാത്തതിനാൽ വന്യമൃഗങ്ങൾ വീണ്ടും കൃഷിയിടങ്ങളിലെത്തി. പണി പൂർത്തീകരിച്ച് കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും ആന ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്നു മാസങ്ങൾക്കു മുമ്പ് സമാന സംഭവം ഉണ്ടായപ്പോൾ ഉടൻ നടപടി ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. പിന്നീട് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Loading...
COMMENTS