പുതുവയലിൽ 33 കുടുംബങ്ങളെ കുടിയിറക്കാൻ നീക്കം; നാട്ടുകാർ തടഞ്ഞു

08:18 AM
30/06/2020

പീരുമേട്: ഏലപ്പാറ ചെമ്മണ്ണ് പുതുവയലിൽ 33കുടുംബങ്ങളെ കുടിയിറക്കാൻ നടത്തിയ നീക്കം സംഘർഷത്തിൽ കലാശിച്ചു. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് കുടിയിറക്കൽ തടസ്സപ്പെട്ടു. ഹെലിബറിയ കമ്പനിയുടെ സ്ഥലത്ത് വർഷങ്ങളായി താമസിച്ചുവരുന്ന ആളുകളെയാണ് കോടതി ഉത്തരവുപ്രകരം ഇറക്കിവിടാൻ ശ്രമിച്ചത്. 1954 മുതൽ ഇവിടെ താമസിച്ചുവരുന്ന കുടുംബങ്ങളാണ് കുടിയിറക്ക്​ ഭീഷണിയിൽ. പട്ടയം സമ്പാദിക്കുകയും കരം ഒടുക്കി വരികയും ചെയ്യുന്ന ഭൂമിയാണിതെന്ന്​ താമസക്കാർ പറഞ്ഞു. ജല-വൈദ്യുതി കണക്​ഷനുകളും ഉണ്ട്.

ലൈഫ് പദ്ധതിയിൽപെടുത്തി ചില വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയുമാണ്​. അതിനിടെയാണ് ഹെലിബറിയ കമ്പനി ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവുമായി പൊലീസ് സഹായത്തോടെ താമസക്കാരെ ഇറക്കിവിടാൻ ശ്രമം നടത്തിയത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പീരുമേട് മുൻസിഫ് കോടതിയിൽ അപ്പിൽ നൽകുമെന്ന് താമസക്കാർ പറഞ്ഞു.

അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് കമ്പനി 1977ൽ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ നൽകിയ കേസ് 1978ൽ തൊടുപുഴ മുൻസിഫ് കോടതിയിലേക്ക് മാറ്റിയതിന്​ പിന്നാലെ തൊഴിലാളികൾക്ക് അനുകൂലമായിരുന്നു വിധി. എന്നാൽ ’81ൽ കമ്പനി ഇടുക്കി മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസ് 86ൽ തള്ളി. തുടർന്ന് 91ൽ ജില്ല കേടതിയിൽ വീണ്ടും കമ്പനി കേസ് നൽകുകയും തുടർന്ന് 93ൽ ഹൈകോടതിയിലേക്ക് മാറ്റുകയും ചെയ്തു. 2009ൽ ഹൈകോടതി കമ്പനിക്കനുകൂലമായി വിധിക്കുകയും ആ വിധി നടത്താൻ 2020ൽ പീരുമേട് മുൻസിഫ് കോടതിയെ ചുമതലപ്പെടുത്തിയെന്നുമാണ് കമ്പനി വിശദീകരണം.

പീരുമേട് പൊലീസി​​െൻറ നേതൃത്വത്തിൽ വൻ സന്നാഹത്തോടെ എത്തിയെങ്കിലും ജനക്കൂട്ടം പ്രതീഷേധവുമായി എത്തിയതോടെ ഉദ്യോഗസ്ഥർ പിൻവാങ്ങി. കോവിഡ് നിയന്ത്രണമുള്ളതിനാൽ കൂടുതൽ ആളുകളെ അറസ്​റ്റ്​ ചെയ്യുന്നത് സാമൂഹിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതും അറസ്​റ്റിന് തടസ്സമായി.

Loading...
COMMENTS