Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ നഗരസഭ...

തൊടുപുഴ നഗരസഭ ഓഫിസിനുമുന്നിലെ കൈയേറ്റം ഒഴിപ്പിച്ചു

text_fields
bookmark_border
തൊടുപുഴ: നഗരസഭ ഓഫിസിനുമുന്നിലെ വാടകക്കാരുടെ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റി. തൊടുപുഴ പഴയപാലത്തില്‍ ഇരുവശത്തെയും നടപ്പാലത്തിലെ പരസ്യബോര്‍ഡുകളും നീക്കി. ഈ കൈയേറ്റം ഒഴിപ്പിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ ആവശ്യം ഉയര്‍ന്നിരുന്നു. സമ്മര്‍ദങ്ങള്‍ മൂലം ഒഴിപ്പിക്കാനായില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എടുത്ത തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കൈയേറ്റം ഒഴിപ്പിച്ചത്. വാടകക്കാര്‍ സ്ഥാപിച്ച സ്റ്റാന്‍ഡുകളും ബോര്‍ഡുകളും മറ്റും നീക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അനധികൃതമായി നിര്‍മിച്ച തറകളും മറ്റും എക്സ്കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. മുപ്പതോളം തൊഴിലാളികള്‍ ശനിയാഴ്ച രാവിലെ 8.30 വരെ ഇതിനായി പ്രയത്നിച്ചു. തുടര്‍ന്നാണ് പാലത്തിലെ പരസ്യബോര്‍ഡുകള്‍ നീക്കിയത്. ഇതിന് വിദഗ്ധ തൊഴിലാളികളെയും ജനറേറ്ററും ഏര്‍പ്പെടുത്തിയിരുന്നു. വിളക്കുകാലുകളിലാണ് പരസ്യങ്ങള്‍ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വിളക്കുകളുടെ വയര്‍ ഷോര്‍ട്ടായി പാലത്തിലൂടെ പോയവര്‍ക്ക് ഷോക്കേറ്റു. തുടര്‍ന്ന്, പാലത്തില്‍ പരസ്യങ്ങള്‍ അനുവദിക്കേണ്ടെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ നിര്‍ദേശിച്ചു. ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ പി.ഡബ്ള്യു.ഡിക്ക് നഗരസഭ കത്ത് നല്‍കുകയും പി.ഡബ്യു.ഡി പരസ്യക്കാര്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, തുടര്‍ നടപടി ഇല്ലാതെവന്നതോടെ പി.ഡബ്ള്യു.ഡി ബോര്‍ഡുകള്‍ നീക്കാന്‍ നഗരസഭക്ക് അനുമതി നല്‍കി. നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ-റവന്യൂവിഭാഗം ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടപടികളില്‍ പങ്കെടുത്തു. കൈയേറ്റക്കാര്‍ക്കെതിരായ നടപടിയെ പിന്തുണക്കുമെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍. ഹരി പറഞ്ഞു. മുഖം നോക്കാതെ തുടര്‍ന്നും നടപടിയെടുക്കുമെന്ന് വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ അറിയിച്ചു. നടപ്പാലത്തില്‍നിന്ന് പരസ്യങ്ങള്‍ മാറ്റിയതിനെ ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ സ്വാഗതം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story