Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.എച്ച്.സികളെ ആധുനിക...

പി.എച്ച്.സികളെ ആധുനിക കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും –മന്ത്രി ഷൈലജ

text_fields
bookmark_border
ചെറുതോണി: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഘട്ടംഘട്ടമായി ആധുനിക കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ പുതിയ വാര്‍ഡിന്‍െറ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടമായി സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെയും ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യം പ്രാദേശിക തലത്തില്‍ തന്നെ നല്‍കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. താലൂക്ക് ജില്ലാ ആശുപത്രികളില്‍ സ്പെഷാലിറ്റി സൗകര്യമൊരുക്കും. ഈവര്‍ഷം 42 താലൂക്ക് ആശുപത്രികളില്‍ ഇത്തരം സൗകര്യം ഏര്‍പ്പെടുത്തും. ജില്ലാ ആശുപത്രിയില്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. ഈവര്‍ഷം ഏഴ് ജില്ലാ ആശുപത്രികളില്‍ കാത്ത്ലാബ് സൗകര്യം ആരംഭിക്കും. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ വിഭാവനംചെയ്യുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളൊരുക്കും. പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷ കാലാവധിക്കുള്ളില്‍ സൗകര്യം ഏര്‍പ്പെടുത്തും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആഗസ്തി അഴകത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി തോമസ്, കലക്ടര്‍ ജി.ആര്‍. ഗോകുല്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.പി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാറേമാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദാശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുമെന്നും മന്ത്രി ഷൈലജ പറഞ്ഞു. ഇപ്പോള്‍ 50 കിടക്കകളാണുള്ളത്. 1.70 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണം നടന്നുവരികയാണ്. 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തണമെങ്കില്‍ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വേണം. ഇതിന് നാലുകോടി രൂപ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി പുതുക്കിനിര്‍മിക്കുന്നതിന് പുതിയ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. ആധുനിക സംവിധാനത്തോടെ ആയുര്‍വേദ ആശുപത്രിയെ മികച്ച നിലവാരത്തിലുള്ളതാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.
Show Full Article
TAGS:LOCAL NEWS 
Next Story