Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന...

കട്ടപ്പന കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന് ഉടന്‍ അംഗീകാരം നല്‍കും –മന്ത്രി തിരുവഞ്ചൂര്‍

text_fields
bookmark_border
ചെറുതോണി: കട്ടപ്പന കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട സൗകര്യം തീരുമാനിക്കുന്നതിനും സബ്ഡിപ്പോയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ചേംബറില്‍ വകുപ്പുതല യോഗം ചേര്‍ന്നു. ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് തയാറാക്കി ഗതാഗത വകുപ്പിന് നല്‍കിയ സ്കെച്ചും പ്ളാനും കമ്മിറ്റി വിലയിരുത്തി. കട്ടപ്പന സബ്ഡിപ്പോ സന്ദര്‍ശിച്ച് നിലവില്‍ നല്‍കിയിട്ടുള്ള പ്രോജക്ട് പര്യാപ്തമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സി ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്, ബസ് ഗാരേജ്, വര്‍ക്ഷോപ്പിന് ആവശ്യമായ കെട്ടിട സൗകര്യം, പാര്‍ക്കിങ് ഏരിയ, യാത്രക്കാര്‍ക്ക് ആവശ്യമായ വെയ്റ്റിങ് സൗകര്യം, ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ എസ്റ്റിമേറ്റാണ് നല്‍കിയിട്ടുള്ളത്. 10 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സബ് ഡിപ്പോയിലെ നിലവിലുള്ള സൗകര്യം വിലയിരുത്തുന്നതിനും എസ്റ്റിമേറ്റിന് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുമായി ഈ മാസം 11ന് ചീഫ് എന്‍ജിനീയറും കെ.എസ്.ആര്‍.ടി.സി ഉന്നതതല ഉദ്യോഗസ്ഥരും പി.ഡബ്ള്യു.ഡി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ സബ്ഡിപ്പോ സന്ദര്‍ശിക്കും. കട്ടപ്പന സബ്ഡിപ്പോയോടൊപ്പം മൂലമറ്റം ഓപറേറ്റിങ് സെന്‍ററിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി നല്‍കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. 45 സര്‍വിസുകളാണ് കട്ടപ്പനയില്‍നിന്ന് നടത്തിവരുന്നത്. വാഹനങ്ങളുടെ കാലപ്പഴക്കവും സമയബന്ധിതമായി വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനാവാത്തതും പല ട്രിപ്പുകളും മുടക്കേണ്ടിവരുന്നതും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി. വാഹനങ്ങള്‍ നന്നാക്കുന്നതിന് ആവശ്യമായ ടെക്നീഷ്യന്മാര്‍ നിലവില്‍ ഉണ്ടെങ്കിലും വര്‍ക്ഷോപ്പിലെ സ്ഥലപരിമിതികള്‍ മൂലം യഥാസമയം വാഹനങ്ങള്‍ റിപ്പയര്‍ ചെയ്തുതീരാത്തത് ട്രിപ്പുകള്‍ മുടങ്ങുന്നതിന് കാരണമായിട്ടുണ്ട്. വര്‍ക്ഷോപ്പിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും സര്‍വിസുകള്‍ ലാഭകരമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജോയന്‍റ് ഡയറക്ടറെ ചുമതലപ്പെടുത്തി. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് ഉന്നതതലയോഗം ചേര്‍ന്നത്. കട്ടപ്പനയില്‍നിന്ന് ജില്ലാ ആസ്ഥാനത്തുകൂടി തിരുവനന്തപുരത്തേക്ക് ലോഫ്ളോര്‍ സര്‍വിസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സര്‍വിസുകള്‍ അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. നടപടി പൂര്‍ത്തിയാക്കി നിര്‍മാണത്തിന് ഉടന്‍ അംഗീകാരം നല്‍കുമെന്നും ശബരിമല സീസണിനുശേഷം സബ് ഡിപ്പോക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കുമെന്നും മന്ത്രി എം.എല്‍.എക്ക് ഉറപ്പുനല്‍കി. യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആന്‍റണി ചാക്കോ, ജനറല്‍ മാനേജര്‍ സുധാകരന്‍, ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദു, ട്രാഫിക് ഓഫിസര്‍ ഇന്‍ചാര്‍ജ് (ഓപറേഷന്‍) പി.എം. ഷറഫ് മുഹമ്മദ്, ട്രാഫിക് ഓഫിസര്‍ ഇന്‍ചാര്‍ജ് (ടെക്നിക്കല്‍) സുകുമാരന്‍, അഡീഷനല്‍ സെക്രട്ടറി (പ്ളാനിങ്) വത്സല, ട്രാന്‍സ്പോര്‍ട്ട് അഡീഷനല്‍ സെക്രട്ടറി വി.സി. മേരിക്കുഞ്ഞ്, അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ സ്റ്റീഫന്‍സണ്‍, ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ എ.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story