ചരിത്രം കുറിച്ച് ബിലാൽ ബാഗിലെ സത്യഗ്രഹസമരം പത്താം നാളിലേക്ക്
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യ രജിസ് റ്ററിനും എതിരെ രണ്ടു മാസത്തോളമായി രാജ്യവ്യാപകമായി അലയടിക്കുന്ന പ്രതിഷേധത്തിൽ ചരിത്രം കുറിച്ച് ബംഗളൂരുവും. ടാണറി റോഡ് ബിലാൽ മസ്ജിദ് പരിസരത്ത് വീട്ടമ്മമാര ും വയോധികരും വിദ്യാർഥിനികളും കുഞ്ഞുങ്ങളുമടക്കം ജീവിതത്തിെൻറ നാനാതുറകളിലുള് ളവർ പങ്കാളികളായ ‘ബിലാൽ ബാഗ്’ രാപകൽ പ്രതിഷേധ സമരം തിങ്കളാഴ്ച 10ാം ദിവസത്തിലേക്ക് കടന്നു. ‘കാഗസ് നഹി ദിഖായേംഗെ’ (ഞങ്ങളുടെ രേഖകൾ ഞങ്ങൾ കാണിക്കില്ല) എന്ന മുദ്രാവാക്യവുമായി തുടരുന്ന പ്രതിഷേധം ഡൽഹിയിലെ ശാഹീൻബാഗ് സമരത്തിൽനിന്ന് പ്രേചാദനമുൾക്കൊണ്ടാണ് ആരംഭിച്ചത്. അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച് ഫെബ്രുവരി എട്ടിനാണ് ബിലാൽ ബാഗ് സമരം ആരംഭിച്ചത്. ദിവസം ചെല്ലുംതോറും സമരം ശക്തിയാർജിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി വനിതകളുടെ സംഘങ്ങൾ സമരപന്തലിലെത്തുകയും ഉൗഴമിട്ട് ഒാരോ സംഘവും സത്യഗ്രഹം നടത്തുകയുമാണ് ചെയ്യുന്നത്.
ഞായറാഴ്ച ഏറെ പേർ സമരത്തിൽ അണിചേർന്നു. വായന ഇടവും സംഗീതവുമൊക്കെയായി സത്യഗ്രഹ പന്തൽ സാംസ്കാരിക പ്രതിഷേധ ഇടംകൂടിയായി മാറി. ശനിയാഴ്ച രാത്രി ഗായകരായ വാസു ദീക്ഷിത്, എം.ഡി. പല്ലവി എന്നിവർ ബിലാൽ ബാഗിലെ സമരത്തിന് ആവേശം പകർന്നു. മുംബൈയിലും ചെൈന്നയിലുമടക്കം ഇത്തരത്തിൽ രാപകൽ സത്യഗ്രഹങ്ങൾ അരങ്ങേറുന്നുണ്ട്. സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക-കലാരംഗത്തെ പ്രമുഖർ സത്യഗ്രഹ പന്തലിലെത്തിയിരുന്നു. 101 വയസ്സുള്ള സ്വാതന്ത്ര്യ സമരസേനാനിയും മനുഷ്യാവകാശ പോരാളിയുമായ ദൊൈരസ്വാമി, നടൻ നസീറുദ്ദീൻ ഷാ, ചരിത്രകാരൻ രാമചന്ദ്രഗുഹ, ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി തുടങ്ങിയവരാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ടാണറി റോഡ് ബിലാൽ ബാഗിൽ നടക്കുന്ന സമാധാനപരമായ പ്രതിഷേധത്തിൽ താനും പെങ്കടുത്തെന്ന് ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ ശനിയാഴ്ച പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിൽ, രണ്ടാം ആഴ്ചയിലേക്ക് കടന്ന സമരത്തിന് ബംഗളൂരുവിലെ ജനങ്ങൾ െഎക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് അഭ്യർഥിച്ചു.
ഗോദ്സെ ആശയത്തിലും ആദർശത്തിലും വിശ്വസിക്കുന്നവർ രാജ്യത്ത് കരുതൽ തടങ്കൽ കേന്ദ്രങ്ങൾ സൃഷ്ടിക്കുേമ്പാൾ ഭരണഘടനയിൽ വിശ്വസിക്കുന്നവർ ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി രാജ്യത്ത് ശാഹീൻ ബാഗുകളും ബിലാൽ ബാഗുകളും സബ്സി ബാഗുകളും സൃഷ്ടിക്കുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഭാവിയുടെ പാഠപുസ്തകത്തിൽ ഇടംപിടിക്കാനാണ് മോദിയുടെയും അമിത് ഷായുടെയും ശ്രമം. എന്നാൽ, ഡലഹിയിലെ ശാഹീൻബാഗ്, ബംഗളൂരുവിലെ ബിലാൽ ബാഗ്, പട്നയിെല സബ്സി ബാഗ് എന്നിവയടക്കം രാജ്യത്തുടനീളം പൊട്ടിമുളച്ച െഎതിഹാസിക സമരകേന്ദ്രങ്ങളെ കുറിച്ചാണ് നാളത്തെ വിദ്യാർഥികൾ വായിക്കുക. ഇൗ മണ്ണ് ബസവണ്ണയുടേതാണെന്നും അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ‘ കാഗസ് നഹി ദിഖായേംഗെ’ എന്ന് അദ്ദേഹവും വിളിച്ചുപറയുമായിരുന്നുവെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേർത്തു.
ഒന്നോ രണ്ടോ ദിവസങ്ങൾകൊണ്ട് ബിലാൽ ബാഗിൽ സമരം അവസാനിക്കുമെന്ന് കരുതിയ പൊലീസിനെപോലും അമ്പരപ്പിച്ച് വനിതകളുടെ പങ്കാളിത്തം ഏറിവന്നതോടെ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനും പൊലീസ് ശ്രമം നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് അനുമതി നൽകണമെങ്കിൽ 10 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് സിറ്റി പൊലീസ് കമീഷണറുടെ നിർദേശം. പ്രതിഷേധത്തിനിടെ ആരെങ്കിലും പൊതുമുതൽ നശിപ്പിച്ചാൽ ഇൗടാക്കാനാണ് ജാമ്യത്തുക. പ്രതിഷേധ സമരങ്ങളെ നിരുത്സാഹപ്പെടുത്താനാണ് ജനാധിപത്യപരമായ പൗരാവകാശങ്ങൾക്കുമേൽ പൊലീസ് അനാവശ്യ ഇടപെടൽ നടത്തുന്നതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. പല തവണ ബിലാൽ ബാഗിലെ സമരപന്തലിലെത്തിയ പൊലീസ് സത്യഗ്രഹ സമരം അവസാനിപ്പിക്കാനും പന്തൽ െപാളിച്ചുനീക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സത്യഗ്രഹവുമായി മുന്നോട്ടുപോവാൻ തന്നെയാണ് വനിത സമരപോരാളികളുടെ തീരുമാനം.