സിറ്റി സ്​കേപ്​സ്​

02:45 AM
24/06/2020
ഇരട്ടക്കൊലപാതകത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു ബംഗളൂരു: ഭാര്യയെ ബംഗളൂരുവിലും ഭാര്യാമാതാവിനെ കൊൽക്കത്തയിലും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ബംഗളൂരു മഹാദേവപുരയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ശിൽപി അഗർവാൾ (36), മാതാവ് കൊൽക്കത്ത ഇൗസ്റ്റേൺ സിറ്റിയിലെ ധൻധാനിയ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിൽപിയുടെ ഭർത്താവ് അമിത് അഗർവാളിനെ (42) ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ബംഗളൂരുവിൽ കൃത്യം നിർവഹിച്ച ശേഷം യുവാവ് കൊൽക്കത്തയിലെത്തുകയായിരുന്നുവെന്ന് ഇൗസ്റ്റ് ഡി.സി.പി എൻ.എം. അനുേഛദ് പറഞ്ഞു. കൊൽക്കത്ത പൊലീസ് നൽകിയ വിവരമനുസരിച്ച് മഹാദേവപുര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിൽപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമിതിൻെറ ആത്മഹത്യക്കുറിപ്പ് കൊൽക്കത്ത പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ശിൽപിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരായിരുന്ന ദമ്പതികൾ തമ്മിലുള്ള വിവാഹമോചനക്കേസും വസ്തു തര്‍ക്കവും കോടതിയുടെ പരിഗണനയിലാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. 10 വയസ്സുള്ള മകൻ ശിൽപിക്കൊപ്പം ബംഗളൂരുവിലാണുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച ബംഗളൂരുവിലെത്തിയ അമിത് ശിൽപിയെ കൊലപ്പെടുത്തിയ ശേഷം മകനുമായി കൊൽക്കത്തയിലെത്തി. മകനെ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം ഭാര്യാമാതാവിനെ കൊലപ്പെടുത്തി. ആക്രമണത്തിനിടെ ഭാര്യാപിതാവ് സുഭാഷ് ധൻധാനിയ (72) മുറിയിൽ കയറി കതകടച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു നഗരത്തിലായി നടത്തിയ ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത്. ഇതേ വീട്ടിലെ മറ്റൊരു മുറിയിൽ അമിതിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കോവിഡ്: പൊലീസുകാരൻ ബസിനുള്ളിൽ ജീവനൊടുക്കി ബംഗളൂരു: കോവിഡ് പരിശോധനാ ഫലം പോസിറ്റിവ് ആയതോടെ പൊലീസുകാരൻ ജീവനൊടുക്കി. കെ.എസ്.ആർ.പി സേനാംഗമായ 50 കാരനാണ് പൊലീസ് ബസിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇയാളുടെ പരിശോധനാഫലം വന്നതോടെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പൊലീസ് ബസിൽ തൂങ്ങിമരിക്കുകയായിരുന്നു. മംഗളൂരുവിൽ മത്സ്യവ്യാപാരിക്ക് കോവിഡ് മംഗളൂരു: മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മംഗളൂരുവിൽ ജാഗ്രത. യക്കൂർ സ്വദേശിയായ 27കാരനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മംഗളൂരു ഒാൾഡ് ഫോർട്ട് ഭാഗത്തുനിന്ന് മത്സ്യം വാങ്ങി നഗരത്തിലെ വീടുകളിൽ നേരിട്ട് വിൽപന നടത്തിവരികയായിരുന്നു. ഇതോടെ ഇയാൾക്ക് മത്സ്യം വിറ്റവരും ഇയാളിൽനിന്ന് മത്സ്യം വാങ്ങിയവരുമടക്കം രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Loading...