ഉറവിടം അറിയാത്ത രോഗികൾ വർധിക്കുന്നു; സമ്പർക്ക പട്ടികയുണ്ടാക്കൽ വെല്ലുവിളി

05:06 AM
23/06/2020
- 500ൽ അധികം പേരുടെ രോഗപ്പകർച്ച അജ്ഞാതമായി തുടരുന്നു ബംഗളൂരു: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചശേഷം നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിനൊപ്പം ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ഏറുന്നതും ആശങ്കയുണ്ടാക്കുന്നു. ജൂൺ എട്ടു മുതൽ 21 വരെയുള്ള രണ്ടാഴ്ചക്കിടെ ബംഗളൂരുവിൽ 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഇൻഫ്ലുവൻ, ശ്വാസകോശ ബാധിതർ ഉൾപ്പെടെ 522 പേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്നത് കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചത്തെ പുതിയ കേസുകൾ കൂടി ഉൾപ്പെടുത്തുന്നതോടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ഇതിലും ഉയരും. ഉറവിടം അറിയാത്തതിനാൽ സമ്പർക്കപ്പട്ടികയുണ്ടാക്കി കൂടുതൽ പേരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികളും പ്രതിസന്ധിയിലാക്കുകയാണ്. ബംഗളൂരുവിൽ ഇതര സംസ്ഥാനത്തുനിന്നെത്തി േരാഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുമ്പോഴും ഉറവിടം അറിയാത്ത കേസുകൾ കുതിച്ചുയരുന്നത് നഗരത്തിൻെറ പലയിടത്തും സമൂഹ വ്യാപനമായോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇൻഫ്ലുവൻസ അസുഖബാധിതർ, ശ്വാസകോശ അസുഖബാധിതർ എന്നിവർക്ക് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഇവർക്ക് രോഗം പകർന്നത് എവിടെനിന്നാണെന്ന് കണ്ടെത്താനാകുന്നില്ല. അതുപോലെ കാര്യമായ യാത്രാപശ്ചാത്തലമില്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, രേഖകളില്ലാതെ എത്തി ക്വാറൻറീനിൽ കഴിയാതെ നടന്ന അന്തർ സംസ്ഥാന യാത്രക്കാരാണ് നഗരത്തിൽ രോഗവ്യാപനത്തിന് കാരണമായതെന്നാണ് ബി.ബി.എം.പി ഉദ്യോഗസ്ഥർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴും നിരവധി പേർ ബംഗളൂരുവിലെത്തിയിട്ടും ക്വാറൻറീൻ മാനദണ്ഡം പാലിക്കാതെ നടക്കുന്നുണ്ടെന്നും ഇതാണ് രോഗവ്യാപനം വർധിപ്പിച്ചെതന്നുമാണ് അധികൃതർ പറയുന്നത്. അതുപോലെ വടക്കൻ കർണാടകയിൽനിന്ന് ഉൾപ്പെടെ നിരവധി പേർ ബംഗളൂരുവിലെത്തിയതും രോഗ വ്യാപനത്തിന് ആക്കംകൂട്ടി. ദിവസങ്ങൾക്കുമുമ്പു വരെ ഒരു രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 47 പേരെ വരെ ശരാശരി കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ചുദിവസമായി ഇത് 16 പേരിലേക്ക് ചുരുങ്ങിയതായും അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിക്കുന്നയാളുടെ സമ്പർക്കപ്പട്ടിക വിപുലമാക്കി പരിശോധന വ്യാപിപ്പിച്ചില്ലെങ്കിൽ ഇനിയും രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പലരും കൃത്യമായ വിവരം നൽകാൻ മടിക്കുന്നതും സമ്പർക്കപ്പട്ടിക പൂർത്തിയാക്കുന്നതിന് വെല്ലുവിളിയാകുകയാണ്. തടാക മലിനീകരണം; 10 ലക്ഷം പിഴയടക്കാൻ ഹരിത ൈട്രബ്യൂണൽ ഉത്തരവ് ബംഗളൂരു: ബൊമ്മസാന്ദ്ര കിതിഗനഹള്ളി തടാകത്തിലെ മലിനീകരണം തടയുന്നതിൽ വീഴ്ച വരുത്തിയതിന് കർണാടക സർക്കാർ 10 ലക്ഷം രൂപയും ബൊമ്മസാന്ദ്ര മുനിസിപ്പൽ കൗൺസിൽ അഞ്ചു ലക്ഷം രൂപയും ഇൗടാക്കിയ പിഴ അടക്കാൻ ദേശീയ ഹരിത ൈട്രബ്യൂണൽ ഉത്തരവിട്ടു. ചെയർേപഴ്സൻ ജസ്റ്റിസ് ആദർശ് കുമാർ ഗോയലിൻെറ അധ്യക്ഷതയിൽ ചേർന്ന ബെഞ്ചിേൻറതാണ് വിധി. നഷ്ടപരിഹാര തുക കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ ഒരുമാസത്തിനുള്ളിൽ അടക്കണം. ഈ തുക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നും ൈട്രബ്യൂണൽ ഉത്തരവിൽ നിർദേശിച്ചു. കിതിഗനഹള്ളി തടാകത്തിെല മലിനീകരണത്തിനെതിരെ പ്രദേശവാസികൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ൈട്രബ്യൂണൽ ഇടപെടൽ. തടാകത്തിലേക്ക് മലിനജലം എത്തുന്നത് തടയാൻ കഴിയാതിരുന്ന അതോറിറ്റികളുടേത് ക്രിമിനൽ കുറ്റമാണെന്ന് ൈട്രബ്യൂണൽ വിമർശിച്ചു. ഇപ്പോഴത്തേത് ഇടക്കാല പിഴയാണെന്നും കർണാടക സർക്കാറിൻെറയും ബൊമ്മസാന്ദ്ര മുനിസിപ്പൽ കൗൺസിലിൻെറയും വാദം കേട്ടശേഷം അന്തിമ പിഴത്തുക നിശ്ചയിക്കുമെന്നും ജസ്റ്റിസ് ആദർശ് കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തിയശേഷം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ൈട്രബ്യൂണൽ അറിയിച്ചു. മലിനജലം ജലാശയങ്ങളിലേക്ക് പുറന്തള്ളുന്നത് വലിയ നാശനഷ്ടമുണ്ടാക്കുന്നു. ഇതു തടയേണ്ടത് സംസ്ഥാന സര്‍ക്കാറിൻെറ ഉത്തരവാദിത്തമാണെന്നും ഇത് ലംഘിക്കപ്പെട്ടെന്നും ൈട്രബ്യൂണൽ പരാമർശിച്ചു. രാസമാലിന്യങ്ങൾ നിറഞ്ഞ് വിഷപ്പത പൊങ്ങുന്ന ബെലന്തൂർ, വർത്തൂർ തടാകങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബി.ബി.എം.പിക്ക് കഴിഞ്ഞ വർഷം ദേശീയ ഹരിത ൈട്രബ്യൂണൽ 10 ലക്ഷം പിഴയിട്ടിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കിയോസ്ക് ബംഗളൂരു: പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിലുള്ള 155 പൊലീസ് സ്റ്റേഷനുകളിൽ പരാതി സ്വീകരിക്കാൻ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവുവിൻെറ നിർദേശ പ്രകാരം പ്രത്യേക കിയോസ്ക് സംവിധാനം ഏർപ്പെടുത്തി. പരാതിയുമായി വരുന്നവരെ സ്റ്റേഷനുകൾക്കുള്ളിൽ പ്രവേശിപ്പിക്കേണ്ടതില്ല. ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനാണ് പ്രത്യേക കിയോസ്ക് ഏർപ്പെടുത്തിയത്. സ്റ്റേഷനിലേക്ക് കയറേണ്ട അത്യാവശ്യ സാഹചര്യമാണെങ്കിൽ പരാതിക്കാരനെ തെർമൽ പരിശോധനക്ക് വിധേയമാക്കണം. മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. യൂനിഫോം ധരിച്ച പൊലീസുകാരെ മാത്രമേ സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. പ്രത്യേകം കാബിനുകളാക്കി തിരിച്ചുള്ള കിയോസ്ക്കുകളായിരിക്കും സ്റ്റേഷനിലുണ്ടാകുക.
Loading...