പുതുതായി 249 പേർക്ക് കോവിഡ്; ബംഗളൂരുവിൽ മാത്രം 126

05:06 AM
23/06/2020
-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,399 ആയി ഉയർന്നു -അഞ്ചു മരണംകൂടി -ചിക്കമഗളൂരുവിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 126 കേസുകളും ബംഗളൂരുവിലാണ്. അഞ്ചുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 142 ആയി ഉയർന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,399 ആയി ഉയർന്നു. തിങ്കളാഴ്ച 111 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 5730 േപരാണ് ആശുപത്രി വിട്ടത്. നിലവിൽ 3523 പേരാണ് ചികിത്സയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ച 249 പേരിൽ 50 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 11 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ബംഗളൂരു അർബൻ (126), കലബുറഗി (27), വിജയപുര (15), ഉഡുപ്പി (14), ദക്ഷിണ കന്നട (12), ദാവൻഗരെ (9), ഉത്തര കന്നട (6), ബാഗൽകോട്ട് (6), ബിദർ (5), ചിക്കമഗളൂരു (5), ധാർവാഡ് (4), ബംഗളൂരു റൂറൽ (4), രാമനഗര (3), ചിത്രദുർഗ (2), കോലാർ (2), തുമകുരു (2), കുടക് (2), യാദ്ഗിർ (1), മൈസൂരു (1), ചിക്കബെല്ലാപുര (1), ഗദഗ് (1), കൊപ്പാൽ (1) എന്നിങ്ങനെയാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രാമനഗരയിൽ 90കാരിയും ബെള്ളാരിയിൽ 60കാരിയും ബംഗളൂരുവിൽ 45കാരനും 38കാരിയും 70കാരനുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 126 പേരിൽ 49 പേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. 30 പേർക്ക് സമ്പർക്കം വഴിയും ഇൻഫ്ലുൻസ ബാധിതരായ 33 പേർക്കും ശ്വാസകോശ അസുഖബാധിതരായ എട്ടു പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ മൂന്നുപേർക്കും അന്തർ ജില്ല യാത്ര പശ്ചാത്തലമുള്ള രണ്ടുപേർക്കും നിയന്ത്രിത മേഖലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ചിക്കമഗളൂരുവിൽ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.
Loading...