ബംഗളൂരുവിൽ തീവ്രവ്യാപന മേഖലകളിൽ സമ്പൂർണ ലോക്​ഡൗൺ

05:06 AM
23/06/2020
-കെ.ആർ. മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് കർശന നിയന്ത്രണം -ആഗസ്റ്റ് 15ഒാടെ സംസ്ഥാനത്ത് കോവിഡ് കാൽലക്ഷത്തിലെത്തുമെന്ന് വിദഗ്ധർ ബംഗളൂരു: ബംഗളൂരുവിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൻെറ പശ്ചാത്തലത്തിൽ തീവ്രവ്യാപന മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത ക്ലസ്റ്റർ മേഖലകൾ ഉൾപ്പെട്ട നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കെ.ആർ. മാർക്കറ്റ്, ചിക്ക്പേട്ട്, കലാസിപാളയ എന്നിവിടങ്ങളിലും ചാമരാജ്പേട്ട്, വി.വി. പുരം, സിദ്ധാപുര, വിദ്യാരണ്യപുര, എസ്.കെ. ഗാർഡൻ, ആനന്ദപുര തുടങ്ങിയ സ്ഥലങ്ങളിലും ഈ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തും. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന േയാഗത്തിലാണ് തീരുമാനം. ബംഗളൂരുവിലെ കണ്ടെയ്മൻെറ് സോണുകളിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം കടുപ്പിക്കും. പനിയും ചുമയുമായി എത്തുന്ന എല്ലാവരുടെയും കോവിഡ് പരിശോധന നടത്തും. ക്വാറൻറീൻ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിക്കുന്ന തുകയിൽ ചികിത്സ ലഭ്യമാക്കും. ബംഗളൂരു കോർപറേഷനിലെ എല്ലാ വാർഡിലും പനി ക്ലിനിക്കുകൾ ആരംഭിക്കും. സർക്കാർ ക്വാറൻറീൻ സൻെററുകളിലുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകും. നഗരത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ കോവിഡിനെ നിയന്ത്രിക്കാനും ക്വാറൻറീനിലുള്ളവരെ നിരീക്ഷിക്കാൻ ബൂത്ത് ലെവൽ ഒാഫിസർമാരെയും വളണ്ടിയർമാരെയും നിയോഗിക്കുവാനും തീരുമാനിച്ചു. ബംഗളൂരുവിലെ വിവിധ ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത സംബന്ധിച്ച് തത്സമയം വിവരം നൽകാനും നിർദേശം നൽകി. ഇപ്പോഴത്തെ വ്യാപനത്തിൻെറ തോത് അനുസരിച്ച് ആഗസ്റ്റ് 15ഒാടെ കർണാടകയിൽ ആകെ കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം കാൽ ലക്ഷത്തിനടുത്തെത്തുമെന്നാണ് കോവിഡ് വാർ റൂമിലെ ഉദ്യോഗസ്ഥരുടെ അനുമാനം. കർണാടകയിൽ തിങ്കളാഴ്ച സ്ഥിരീകരിച്ച 249 കേസുകളിൽ 126 ഉം ബംഗളൂരുവിലാണ്. ബംഗളൂരുവിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 1398 ആയി. ബംഗളൂരുവിലെ തീവ്രബാധിത മേഖലകളിലെല്ലാം പത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളുടെ അതിർത്തികൾ സീൽ ഡൗൺ ചെയ്യുന്ന നടപടിയും ആരംഭിച്ചു. -സ്വന്തം ലേഖകൻ
Loading...