Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഡിസ്ചാർജ്...

ഡിസ്ചാർജ് മാനദണ്ഡങ്ങളിൽ മാറ്റം

text_fields
bookmark_border
ബംഗളൂരു: കോവിഡ് മുക്തരായവരെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് അയക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി കർണാടക. ഇനിമുതൽ കുറച്ചു ദിവസം മാത്രം ആശുപത്രിയിൽ കഴിഞ്ഞാൽ മതിയാകും. തുടർന്നുള്ള ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണം. രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിനുശേഷം ഡിസ്ചാർജ് ചെയ്യും. അവസാനത്തെ മൂന്നുദിവസം രോഗലക്ഷണമൊന്നും കാണിക്കാതെയിരിക്കുകയും പരിശോധനഫലം നെഗറ്റിവാകുകയും ചെയ്താലായിരിക്കും 10 ദിവസത്തിനുശേഷം വീട്ടിലേക്ക് പറഞ്ഞുവിടുക. പോസിറ്റിവായാൽ 72 മണിക്കൂറിനുശേഷം വീണ്ടും പരിശോധിക്കും. രോഗലക്ഷണമൊന്നുമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ ഏഴു ദിവസത്തിനുശേഷം പരിശോധിച്ച് നെഗറ്റിവായാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിക്കും. നേരത്തേ എല്ലാ രോഗികളും 14 ദിവസം ആശുപത്രിയിൽ ചികിത്സയിൽ തുടരണമെന്നായിരുന്നു നിർദേശം. ഇതാണിപ്പോൾ വെട്ടിച്ചുരുക്കിയത്. കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചികിത്സക്കാവശ്യമായ സൗകര്യം ആശുപത്രികളിൽ ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരത്തിൽ വരുത്തിയതെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയിൽനിന്ന് നെഗറ്റിവായി ഡിസ്ചാർജ് ആയാലും വീടുകളിൽ നിർബന്ധമായും ഐസൊലേഷനിൽ കഴിയണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. മുതിർന്നവർക്കായി മൊബൈൽ ആപ്ലിക്കേഷൻ ബംഗളൂരു: കോവിഡ്-19‍ൻെറ നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ കരുതൽ വേണ്ട മുതിർന്ന പൗരന്മാർക്ക് സഹായവുമായി നൈറ്റിംഗേൽ മെഡിക്കൽ ട്രസ്റ്റ്. വയോധികർക്കും മറവിരോഗമുള്ളവർക്കും ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനായി 'ഡെംകണക്ട്' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനാണ് സന്നദ്ധ സംഘടന പുറത്തിറക്കിയത്. മറവിരോഗമുള്ള വയോധികർ ഉൾപ്പെടെ കോവിഡ് കാലത്ത് ബുദ്ധിമുട്ടിലാണ്. ഇവരിൽ മാനസിക സമ്മർദം ഏറാനും മറ്റു അസുഖങ്ങൾ ഉണ്ടാക്കാനും ഇപ്പോഴത്തെ ലോക്ഡൗൺ ഇടയാക്കിയേക്കാം. ഇവർക്ക് ചികിത്സ നൽകുന്നത് ഉൾപ്പെടെ ഇപ്പോൾ വെല്ലുവിളിയായതിനാൽ തന്നെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ആവശ്യമായ നിർദേശവും ചികിത്സയും ഉൾപ്പെടെ ഉറപ്പാക്കുകയാണ് ലക്ഷ്യം. കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ് ബംഗളൂരു: ബസ് സർവിസ് പുനരാരംഭിച്ചതിനുശേഷം കർണാടകയിൽ ആദ്യമായി കർണാടക ആർ.ടി.സി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ മാഗഡി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാഗഡിയിൽനിന്ന് കലാസിപാളയത്തേക്ക് ബസ് ഒാടിച്ചിരുന്നു. ഡ്യൂട്ടിയിലായിരുന്ന സമയത്ത് ഇയാൾക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറോ വെക്കേഷൻ നയം ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് അധ്യയന ദിവസങ്ങൾ നഷ്ടമായത് മറികടക്കാൻ അടുത്ത അധ്യയന വർഷം സീറോ വെക്കേഷൻ നയം നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് യോഗത്തിലാണ് തീരുമാനം എടുത്തത്. തീരുമാനപ്രകാരം അടുത്ത അധ്യയന വർഷം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വേനൽക്കാല അവധി ഉണ്ടാകില്ല. അന്തിമ തീരുമാനം എടുക്കുന്നതിനുമുമ്പ് സംസ്ഥാനത്തെ വൈസ് ചാൻസലർമാരുമായും മറ്റു അക്കാദമിക് വിദഗ്ധരുമായും സർക്കാർ ആലോചിച്ചിരുന്നു. ഈ അധ്യയന വർഷം പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനായിട്ടില്ലെങ്കിലും 2021ലെ വേനൽ അവധിയുണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഒാൺലൈൻ വിദ്യാഭ്യാസം നൽകുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എൻജിനീയറിങ് ക്ലാസുകൾ ആഗസ്റ്റിൽ ബംഗളൂരു: സംസ്ഥാനത്ത് എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദ ക്ലാസുകൾ ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കാൻ ധാരണ. യു.ജി.സി മാനദണ്ഡപ്രകാരം പരീക്ഷകൾ നടത്തിയ ശേഷമായിരിക്കും അധ്യയന വർഷം പുനരാരംഭിക്കുക. അതേസമയം, നാലാംഘട്ട ലോക്ഡൗൺ പൂർത്തിയായശേഷം കേന്ദ്രവുമായുള്ള ചർച്ചക്കു ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ പറഞ്ഞു. ജൂൺ ആദ്യ ആഴ്ചതന്നെ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും എൻജിനീയറിങ് ക്ലാസുകളും ആരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീയതി പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തിൽ യു.ജി.സി ഷെഡ്യൂളാണ് പാലിക്കുന്നത്. മേയ് 31ഒാടെ യു.ജി.സി നിർദേശിച്ചിട്ടുള്ള ഒാൺലൈൻ ക്ലാസുകൾ പൂർത്തിയാകും. തുടർന്ന് ജൂലൈ ഒന്നുമുതൽ 15വരെ സെമസ്റ്റർ പരീക്ഷ നടക്കും. അതേസമയം, പുതിയ പ്രവേശന നടപടി പൂർത്തിയാക്കി ഒന്നാം വർഷ ബിരുദ കോഴ്സുകളും എൻജിനീയറിങ് കോഴ്സുകളും ആരംഭിക്കാൻ സെപ്റ്റംബർ ആകുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story