സംസ്ഥാനത്ത് ട്രെയിൻ സർവിസ് പുനരാരംഭിച്ചു

05:04 AM
23/05/2020
-ബെളഗാവിയിലേക്കും മൈസൂരുവിലേക്കുമാണ് ട്രെയിൻ സർവിസ് ആരംഭിച്ചത് ബംഗളൂരു: നാലാംഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ സർവിസ് പുനരാരംഭിച്ചു. രണ്ടുമാസത്തിനുശേഷമാണ് പതിവ് ട്രെയിൻ സർവിസ് വീണ്ടും ആരംഭിക്കുന്നത്. കർശന സുരക്ഷാ മാർഗനിർദേശങ്ങളോടെയാണ് സർവിസ്. ബംഗളൂരുവിൽനിന്ന് ബെളഗാവിയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവിസാണ് ആദ്യം തുടങ്ങിയത്. തുടർന്ന് ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചും സർവിസ് തുടങ്ങി. ബംഗളൂരു- ബെളഗാവി ട്രെയിൻ ബംഗളൂരുവിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ബെളഗാവിയിൽനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും സർവിസ്. ആദ്യ ട്രെയിൻ ബംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ എട്ടിന് ബെളഗാവിയിലേക്ക് പുറപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ മുനിയമ്മാൾ, പോയൻറ്സ്മാൻ നബി അഹമ്മദ് എന്നിവരാണ് ഫ്ലാഗ് ഒാഫ് ചെയ്തത്. ബംഗളൂരുവിൽനിന്ന് പുറപ്പെടുമ്പോൾ 176 യാത്രക്കാരാണുണ്ടായിരുന്നത്. 338 പേരാണ് വിവിധയിടങ്ങളിൽനിന്നായി ബുക്ക് ചെയ്തിരുന്നത്. ബെളഗാവിയിൽനിന്നും രാവിലെ എട്ടിന് ബംഗളൂരുവിലേക്കുള്ള ട്രെയിനും പുറപ്പെട്ടു. ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള ട്രെയിൻ 9.20ന് പുറപ്പെട്ടു. 37 യാത്രക്കാരാണ് ബംഗളൂരുവിൽനിന്ന് കയറിയത്. മൈസൂരുവിലെത്തുമ്പോൾ 63 യാത്രക്കാരാണുണ്ടായിരുന്നത്. തിരിച്ചുള്ള ട്രെയിൻ 1.45ന് പുറപ്പെട്ടു. 57 യാത്രക്കാരാണുണ്ടായിരുന്നത്. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ട്രെയിൻ സർവിസുണ്ടാകില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് യാത്രക്കാരെ ട്രെയിനിൽ കയറ്റിയത്. ഒന്നിച്ച് എത്തുന്നവരെ ഒരേ സീറ്റിൽ ഇരിക്കാൻ അനുവദിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് മാത്രമേ ടിക്കറ്റ് എടുക്കാനാകൂ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് യാത്രക്കാർ സ്റ്റേഷനിൽ എത്തണം. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ലോക് ഡൗണിനുശേഷം പ്രത്യേക ട്രെയിനുകളും ചരക്ക് ട്രെയിനുകളും ഡൽഹിയിൽനിന്നുള്ള രാജധാനി ട്രെയിനുമാണ് ഇതുവരെ സർവിസ് നടത്തിയിരുന്നത്.
Loading...