Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightബംഗളൂരുവിലെ മുൻ...

ബംഗളൂരുവിലെ മുൻ അധോലോക നേതാവ് മുത്തപ്പ റായ് അന്തരിച്ചു

text_fields
bookmark_border
ബംഗളൂരു: ഒരുകാലത്ത് ബംഗളൂരുവിനെ വിറപ്പിച്ച അധോലോക നേതാവും പിന്നീട് സാമൂഹിക പ്രവർത്തകനായി കർണാടക അത്ലറ്റിക്സ് അസോസിയേഷൻ ചെയർമാൻ പദവിയിൽ വരെ എത്തിയിരുന്ന എൻ. മുത്തപ്പ റായ് (68) തലച്ചോറിലെ അർബുദ ബാധയെ തുടർന്ന് നിര്യാതനായി. ദീർഘനാളായി അസുഖബാധിതനായി ഏപ്രിൽ 30നാണ് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ 1.43നായിരുന്നു അന്ത്യം. അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, രവി പൂജാരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുത്തപ്പ റായ് പിന്നീട് കുറ്റകൃത്യങ്ങളിൽനിന്നും മാറി, 'ജയ കർണാടക' എന്ന സാമൂഹിക സാംസ്കാരിക സംഘടനക്ക് രൂപം നൽകുകയായിരുന്നു. പൊതുസമൂഹത്തിൽ അംഗീകാരം നേടിയെടുത്ത ഇദ്ദേഹം 2018 ലും 2019 ലും രാമനഗര ജില്ല അത്ലറ്റിക്സ് അസോസിയേഷ‍ൻെറ പ്രതിനിധിയായി കർണാടക അത്ലറ്റിക്സ് അസോസിയേഷൻ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നു. അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റിന് പിന്നാലെ രാമനഗരയിലെ ബിഡദിയിലെ വസതിയിൽ മുത്തപ്പ റായിയുമായി അന്വേഷണ സംഘം സംസാരിച്ചിരുന്നു. തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തിൽ ദക്ഷിണ കന്നടയിലെ പുത്തൂരിലാണ് ജനനം. വിജയ ബാങ്കിൽ ക്ലർക്കായിരുന്ന മുത്തപ്പ റായ്, ബംഗളൂരു കേന്ദ്രമായി ബിസിനസ് ആരംഭിക്കുകയായിരുന്നു. ബിസിനസ് താൽപര്യങ്ങൾക്കാണ് പിന്നീട് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. ബംഗളൂരുവിനെ ഭയപ്പെടുത്തിയിരുന്ന അധോലോക കുറ്റവാളി എം.പി. ജയരാജ് 1989 ൽ കൊല്ലപ്പെട്ടതോടെയാണ് അധോലോക സ്ഥാനം മുത്തപ്പ റായിയിൽ വന്നുചേരുന്നത്. ഇതിനിടയിൽ മുംബൈയിലെ ദാവൂദ് ഇബ്രാഹീമുമായും അടുത്തു. മുംബൈയിൽനിന്നുള്ള ഷൂട്ടറെ എത്തിച്ച് 1989 നവംബറിലാണ് ബംഗളൂരുവിലെ ലാൽബാഗിന് സമീപത്തുവെച്ച് ജയരാജിനെ വെടിവെച്ചുകൊല്ലുന്നതും മുത്തപ്പ റായി ബംഗളൂരുവിലെ അധോലോക നേതാവായി ഉയരുന്നതും. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ നിരവധി കേസുകളിൽ മുത്തപ്പക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യംവിട്ട മുത്തപ്പയെ 2002ൽ യു.എ.ഇ ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുകയായിരുന്നു. സി.ബി.ഐ, ഇൻറലിജൻസ് ബ്യൂറോ, റോ, കർണാടക പൊലീസ് തുടങ്ങിയ നിരവധി അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 2000 ത്തിൽ മുത്തപ്പക്കുനേരെ കൊലപാതകശ്രമം വന്നതോടെ കുറ്റകൃത്യങ്ങളിൽനിന്നും മാറിനടന്നു. തുടർന്ന് മാനസാന്തരപ്പെട്ട മുത്തപ്പ ജയ കർണാടക എന്ന പേരിൽ സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടന രൂപവത്കരിച്ചു. പിന്നാലെ തുളു, കന്നട സിനിമകളിലും അഭിനയിച്ചു. 2018 ൽ പഴയ തോക്കുകളും കത്തികളും മറ്റും ആയുധപൂജക്ക് വെച്ചതും വാർത്തയായിരുന്നു. 2013ൽ മുത്തപ്പയുടെ ജീവിതം ആസ്പദമാക്കി വിവേക് ഒബ്രോയിയെ നായകനാക്കി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ 'ദ ഗോഡ് ഫാദർ' എന്നപേരിൽ സിനിമ എടുക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. 2002 നുശേഷം മുത്തപ്പക്കെതിരെ ഒരു കേസ് പോലും പുതുതായി രജിസ്റ്റർ ചെയ്തിരുന്നില്ല. മൃതദേഹം രാമനഗരയിലെ ബിഡദിയിൽ സംസ്കരിച്ചു. ഭാര്യയും രണ്ടു മക്കളുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story