Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightമാസ്ക് ധരിച്ചില്ല; പിഴ ...

മാസ്ക് ധരിച്ചില്ല; പിഴ ഇനത്തിൽ രണ്ടു ലക്ഷം കടന്നു

text_fields
bookmark_border
ബംഗളൂരു: നഗര പരിധിയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരിൽനിന്നും പിഴയിനത്തിൽ ബി.ബി.എം.പി ആകെ ഈടാക്കിയ തുക രണ്ടു ലക്ഷം കടന്നു. തിങ്കളാഴ്ച വരെ പിഴ ഇനത്തിൽ ആകെ 2,39,505 രൂപയാണ് ബി.ബി.എം.പിക്ക് ലഭിച്ചത്. മാസ്ക് ധരിച്ചില്ലെങ്കിൽ ആദ്യം 1000 രൂപയും തെറ്റ് ആവർത്തിച്ചാൽ 2000 രൂപയുമാണ് ഈടാക്കുന്നത്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് ബി.ബി.എം.പി ഇറക്കിയത്. പിഴ തുകയെക്കുറിച്ച് വിമർശനം ഉയർന്നതോടെ മുനിസിപ്പൽ പരിധിയിൽ 200 രൂപയും മറ്റു സ്ഥലങ്ങളിൽ 100 രൂപയായും കുറച്ചിരുന്നു. ശനിയാഴ്ച 51,700 രൂപയും ഞായറാഴ്ച 98,350 രൂപയും തിങ്കളാഴ്ച 89,455 രൂപയുമാണ് ആകെ പിഴയായി ലഭിച്ചത്. ബംഗളൂരു ഈസ്റ്റ് സോണിൽനിന്നാണ് കൂടുതൽ തുക പിഴയായി ലഭിച്ചത് (21,305). ബൊമ്മനഹള്ളി സോണിൽനിന്ന് 16,200, മഹാദേവപുര സോണിൽനിന്ന് 15,000, വെസ്റ്റ് േസാണിൽനിന്ന് 14,800, ദാസറഹള്ളി സോണിൽനിന്ന് 10,000 രൂപയുമാണ് ബി.ബി.എം.പി പിഴ ഇനത്തിൽ ഈടാക്കിയത്. ................................... എസ്.എസ്.എൽ.സി പരീക്ഷ ജൂണിൽ നടത്തിയേക്കും ബംഗളൂരു: കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവെച്ച എസ്.എസ്.എൽ.സി പരീക്ഷ ജൂണിൽ നടത്താമെന്ന പ്രതീക്ഷയുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്. പരീക്ഷക്കുള്ള തയാറെടുപ്പുകൾ നടത്താൻ എല്ലാ ജില്ല വിദ്യാഭ്യാസ ഒാഫിസർമാർക്കും നിർദേശം നൽകി. ജൂൺ രണ്ടാം വാരമോ മൂന്നാം വാരമോ പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ ഫേസ്ബുക്കിലൂടെ അറിയിച്ചു. മാർച്ച് 27ന് ആരംഭിക്കേണ്ട എസ്.എസ്.എൽ.സി പരീക്ഷ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനത്ത് ഒമ്പതു ലക്ഷത്തോളം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടത്. ചൊവ്വാഴ്ച ജില്ല വിദ്യാഭ്യാസ ഒാഫിസർമാരുമായി മന്ത്രി എസ്. സുരേഷ് കുമാർ നടത്തിയ വിഡിയോ കോൺഫറൻസിൽ പരീക്ഷ റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പരീക്ഷക്കുള്ള മുന്നൊരുക്കം ആരംഭിക്കാനാണ് മന്ത്രി നിർദേശം നൽകിയത്. പരീക്ഷ കേന്ദ്രങ്ങളിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. ഒരു മുറിയിൽ സാമൂഹിക അകലം പാലിച്ച് 20 കുട്ടികളെയായിരിക്കും പരീക്ഷ എഴുതാൻ പ്രവേശിപ്പിക്കുക. പരീക്ഷക്ക് എത്തുന്ന വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കും. പരീക്ഷഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ് തെർമൽ സ്ക്രീനിങ്ങും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നതും നിർബന്ധമാക്കും. സുരക്ഷ മുൻകരുതൽ നടപടികൾ ഉറപ്പാക്കിയശേഷമായിരിക്കും എസ്.എസ്.എൽ.സി പരീക്ഷയുടെ അന്തിമ ടൈംേടബ്ൾ പുറത്തിറക്കുകയെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ലോക് ഡൗൺ പൂർണമായും പിൻവലിച്ചശേഷമായിരിക്കും ടൈംടേബ്ൾ പുറത്തുവിടുക. ക്ലാസ്മുറികളിലായിരിക്കും പരീക്ഷ. ക്വാറൻറീനുവേണ്ടി ഉപയോഗിച്ച മുറികൾ പരീക്ഷ ഹാളാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ............... ഹൈകോടതിയിൽ അഞ്ച് ജഡ്ജിമാർ ചുമതലയേറ്റു ബംഗളൂരു: കർണാടക ഹൈകോടതിയിൽ പുതുതായി അഞ്ചു ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസുമാരായ ശിവശങ്കർ അമരന്നവർ, എം. ഗണേശയ്യ ഉമ, വേദ വ്യാസചർ ശ്രീശാനന്ദ, ഹഞ്ചെ സജീവ് കുമാർ, പത്മരാജ നേമചന്ദ്ര ദേശായി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാന അഡ്വ. ജനറൽ പ്രഭുലിംഗ കെ. നവദഗി, ബംഗളൂരു അഡ്വ. ഫോറം പ്രസിഡൻറ് എ.പി. രംഗനാഥ് എന്നിവർ പങ്കെടുത്തു. .......................... ബി.എം.ടി.സി ബസുകൾ വാടകക്ക് നൽകും ബംഗളൂരു: ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പ്രത്യേക സർവിസുകൾ നടത്താനൊരുങ്ങി ബി.എം.ടി.സി. സ്വകാര്യ കമ്പനികൾക്കായി 4500-11,000 രൂപ നിരക്കിൽ ദിവസ വാടകക്ക് ബസ് സർവിസ് നടത്താനാണ് ബി.എം.ടി.സി പദ്ധതി തയാറാക്കിയിരിക്കുന്നത്. പൊതുഗതാഗതം പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെ കൊണ്ടുപോകാൻ വേണ്ടിയാണ് ബസുകൾ മണിക്കൂർ, കിലോമീറ്റർ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ വിട്ടുനൽകുക. ഇളവുകൾ പ്രഖ്യാപിച്ചതോടെ ബംഗളൂരുവിൽ ഉൾപ്പെടെ സ്വകാര്യകമ്പനികളും വ്യവസായശാലകളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും സ്വന്തമായി വാഹനമില്ലാത്തവരെ ഒാഫിസിലെത്തിക്കാൻ ബുദ്ധിമുട്ടുനേരിടുന്നുണ്ട്. ഇതേതുടർന്നാണ് വരുമാനം ലക്ഷ്യമിട്ട് ബി.എം.ടി.സി വാടക സർവിസ് ആരംഭിക്കുന്നത്. 12 മണിക്കൂർ (100-150 കിലോമീറ്റർ), 24 മണിക്കൂർ (250 കിലോമീറ്റർ) നേരത്തേക്ക് മിനി ബസ് (4500-8250 രൂപ), ഒാർഡിനറി (5000-9000), പുഷ്ബാക്ക് (6000-10,000 രൂപ) എന്നിങ്ങനെയാണ് വാടക. ബസുകൾ ദിവസവും അണുമുക്തമാക്കും. സീറ്റിങ് ശേഷിയുടെ 30 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ബസിൽ കയറുന്നതിനുമുമ്പ് കൈകൾ സാനിറ്റൈസ് ചെയ്യുകയും മാസ്ക് ധരിക്കുകയും വേണം. വാടക ബസ് ലഭിക്കാൻ 7760991010, 7760991200, 7760991222 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ബി.എം.ടി.സി അറിയിച്ചു. ..............................
Show Full Article
TAGS:LOCAL NEWS 
Next Story