ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്ത പരിശോധന നടത്തി. മത്സ്യവിൽപനകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്തോളം സ്ഥാപനങ്ങളിൽനിന്ന് 250 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. അമോണിയ കലർന്ന മത്സ്യങ്ങൾ വിൽക്കുന്നതായി പരിശോധനയിൽ മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചു. തിരുവനന്തപുരം ഭക്ഷ്യസുരക്ഷ ലാബിലേക്ക് അയച്ചു. ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ സ്പെഷൽ സ്ക്വാഡിലെ ഉദ്യോഗസ്ഥർ പരിശോധനക്ക് നേതൃത്വം നൽകി.
വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരും. എ.ആർ.യു ഹെൽത്ത് ആരോഗ്യവിഭാഗത്തിൽനിന്ന് കെ.എൻ. സുരേഷ് കുമാറും ഭക്ഷ്യസുരക്ഷ വിഭാഗത്തിൽനിന്ന് അനസ്, ടിജോ വർഗീസ്, അജിത്ത് ഓഫിസർമാർ നേതൃത്വം നൽകി. ഓപറേഷൻ ജീവനം ചെങ്ങന്നൂർ എന്ന പേരിലുള്ള പരിേശാധന കർശനമായി തുടർന്നും ഉണ്ടാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.