You are here
കുളത്തിൽ മുങ്ങിത്താഴ്ന്ന കുഞ്ഞിനെ രക്ഷിച്ച എട്ടാംക്ലാസുകാരന് അഭിനന്ദന പ്രവാഹം
നന്ദി അറിയിക്കാൻ സഫ്നയും കുടുംബവുമെത്തി
മണ്ണഞ്ചേരി: കടലോളം സ്നേഹത്തോടൊപ്പം തീർത്താൽ തീരാത്ത കടപ്പാടുമായി കുഞ്ഞു സഫ്നയുടെ വീട്ടുകാർ എത്തിയപ്പോൾ എട്ടാം ക്ലാസുകാരൻ സുനിൽ അവൾക്ക് ഒരു ചക്കരയുമ്മ നൽകി. കുളത്തിൽ മുങ്ങിത്താഴ്ന്ന പുന്നാരമോളുടെ ജീവൻ കോരിയെടുത്ത സുനിലിനെയും അമ്മാവൻ ബാലുവിനെയും കണ്ട് നന്ദി അറിയിക്കാൻ സഫ്നയുടെ കുടുംബം കഴിഞ്ഞദിവസം രാത്രിയാണ് കാവുങ്കൽ ചെറുകോട് വീട്ടിലെത്തിയത്.കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുമുറ്റത്തെ കുളത്തിൽ വീണ രണ്ടു വയസ്സുള്ള സഫ്ന ഫാത്തിമയെ രക്ഷിച്ചത് മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാർഥി സുനിലും അമ്മാവൻ ബാലുവും ചേർന്നായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സഫ്ന ഫാത്തിമ ബുധനാഴ്ച വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്.
പിതാവ് നൗഷാദും ഉമ്മ സൗമിലയും സഫ്നയുടെ ഇരട്ട സഹോദരി സന ഫാത്തിമ, സഹോദരൻ സഫർ എന്നിവരും മറ്റ് ബന്ധുക്കളും കൂടെ ഉണ്ടായിരുന്നു. നൗഷാദും ബന്ധുക്കളും സുനിലിനെയും ബാലുവിനെയും ആേശ്ലഷിച്ച് നല്ലവാക്കോതി. കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചപ്പോൾ പ്രഥമശുശ്രൂഷ നൽകിയ അയൽവാസി വടക്കേടത്ത് ബേബിയും കാഴ്ചയിൽ കണ്ണിയായി. കുട്ടിയെ രക്ഷിച്ച സംഭവം കാവുങ്കൽ ‘എെൻറ ഗ്രാമം’ േഫസ് ബുക്ക് കൂട്ടായ്മയിലൂടെ ലോകത്തെ അറിയിച്ച അഡ്മിൻ എം.എസ്. ജോഷിയും കാവുങ്കൽ വായനശാല പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. വെള്ളിയാഴ്ച സുനിലിന് എക്സൈസ് സ്റ്റാഫ് അസോസിയേഷെൻറ സമ്മാനമായ സൈക്കിൾ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഷാജി എസ്. രാജൻ സമ്മാനിക്കും.
കാവുങ്കൽ വായനശാല പ്രവർത്തകർ ഒരു ചാക്ക് അരിയും പലചരക്ക് സാധനങ്ങളും നൽകി.ചൂണ്ടയിൽ മീൻപിടിക്കാൻ സൈക്കിളിൽ വന്ന ഇവർ റോഡിനോട് ചേർന്ന വേലിക്കെട്ടിനുള്ളിലെ കുളത്തിൽ അനക്കം കേട്ടാണ് നോക്കിയത്. സൈക്കിളിൽനിന്ന് ഇറങ്ങിയ സുനിൽ കുളത്തിൽ പായൽ മാറിയ സ്ഥലത്ത് എന്തോ പൊങ്ങിനിൽക്കുന്നതും തുടർന്ന് അനങ്ങുന്നതും കണ്ടു. പിന്നീടാണ് വെള്ളത്തിൽ പൊങ്ങിനിന്നത് കുഞ്ഞിെൻറ കൈമുട്ടാണ് എന്ന് മനസ്സിലായത്. തുടർന്ന് വേലി പൊളിച്ച് കുളത്തിൽ ചാടിയാണ് ഇവർ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സഹോദരങ്ങളുമായി വീട്ടുമുറ്റത്ത് കളിക്കുമ്പോൾ സഫ്ന കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.