ആറാട്ടുപുഴ: പൈപ്പ് പൊട്ടലുകൾ വ്യാപകമാകുമ്പോഴും പ്രശ്നപരിഹാരത്തിന് ഒച്ചിഴയുന്ന വേഗം. അധികാരികളുടെ അനാസ്ഥ വൻതോതിലുള്ള ജലനഷ്ടത്തിനും കുടിവെള്ള ക്ഷാമത്തിനും കാരണമാകുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര ജങ്ഷനിൽ തീരദേശ റോഡിന് അടിയിലൂടെ പോകുന്ന പ്രധാന പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ചയായി. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് നഷ്ടമാകുന്നത്. ജല അതോറിറ്റി അധികൃതർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
തീരദേശ റോഡ് കുഴിക്കേണ്ടിവരും എന്നതിനാലാണ് നടപടി വൈകുന്നത്. റോഡ് കുഴിക്കുന്നതിന് പൊതുമരാമത്ത് വിഭാഗത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നാണ് ജല അതോറിറ്റി പറയുന്നത്. പൊതുമരാമത്ത് അധികൃതരെത്തി എസ്റ്റിമേറ്റ് തയാറാക്കി അടക്കേണ്ട തുകയെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചെങ്കിലേ പ്രശ്നപരിഹാരം സാധ്യമാകൂ. രണ്ടാഴ്ചയായിട്ടും പൊതുമരാമത്ത് അധികൃതർ സ്ഥലത്ത് എത്തിയിട്ടില്ല. പ്രശ്നപരിഹാരം ഇനിയും വൈകും. തൃക്കുന്നപ്പുഴ-നങ്ങ്യാർകുളങ്ങര റോഡിൽ വലിയകുളങ്ങരക്കും കാർത്തികപ്പള്ളിക്കും ഇടയിൽ മൂന്നിടത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്. ആറാട്ടുപുഴ വളവുങ്കര ഭാഗത്തും പൈപ്പ് പൊട്ടിയിട്ട് ആഴ്ചകളായി.