You are here
കുടിവെള്ളക്ഷാമം രൂക്ഷം; ലോറികളിലെ വിതരണം ആശ്വാസമായി
ഹരിപ്പാട്: വേനൽ കടുത്തതോടെ കുളവും കിണറുകളും വറ്റുകയും പൈപ്പുകളിൽ വെള്ളം കിട്ടാതാവുകയും ചെയ്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. മേഖലകളിൽ ലോറികളിലെ കുടിവെള്ള വിതരണം ആശ്വാസമാവുകയാണ്. തൃക്കുന്നപ്പുഴ, വീയപുരം, ചേപ്പാട്, പള്ളിപ്പാട് തുടങ്ങിയ പ്രദേശത്താണ് റവന്യൂ അധികൃതരുടെ മേൽനോട്ടത്തിൽ കുടിവെള്ള വിതരണം നടക്കുന്നത്. കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന ചില പഞ്ചായത്തുകൾ തനത് ഫണ്ട് ഇല്ലാത്തത് കാണിച്ച് അധികൃതരിൽനിന്ന് സർട്ടിഫിക്കറ്റ് നേടാത്തതിനാലാണ് അവിടങ്ങളിൽ ജലവിതരണം നടക്കാത്തതെന്നും അറിയുന്നു. ഇതിന് നടപടി ഉണ്ടായാൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകും.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ 16, 17, ഒമ്പത് വാർഡുകളിലും ചേപ്പാട് പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിലും പള്ളിപ്പാട്, കാർത്തികപ്പള്ളി പഞ്ചായത്തുകളിലുമാണ് കുടിവെള്ള വിതരണം നടക്കുന്നത്. തൃക്കുന്നപ്പുഴയിൽ 10,000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കറിലും മറ്റുള്ളിടത്ത് 5000 ലിറ്റർ കൊള്ളുന്നതിലുമാണ് വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത്. ഓരോ പ്രദേശത്തെയും കിയോസ്കുകളിൽ വെള്ളം നിറച്ചുകൊടുക്കും. അതിൽനിന്ന് ആവശ്യക്കാർ വെള്ളമെടുക്കും. പിന്നീട് പാത്രങ്ങളിലും നിറച്ചുകൊടുക്കും. കാർത്തികപ്പള്ളി താലൂക്കിലെ വിവിധ മേഖലകളിൽ ഭൂഗർഭ ജലം താഴുന്നതിനാൽ പമ്പിങ് തടസ്സപ്പെടുന്നതാണ് ജലവിതരണത്തിൽ ബുദ്ധിമുട്ട് നേരിടാൻ പ്രധാന കാരണമെന്നാണ് അധികൃതർ പറയുന്നത്.