Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅറ്റകുറ്റപ്പണിയില്ല;...

അറ്റകുറ്റപ്പണിയില്ല; അക്വഡക്ടുകള്‍ ചോരുന്നു

text_fields
bookmark_border
ചാരുംമൂട്: അക്വഡക്ടുകളുടെ അറ്റകുറ്റപ്പണി നടത്തി ചോര്‍ച്ച പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യം ഉയരുന്നു. കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദിക്കാട്ടുകുളങ്ങര രിഫായി മുള്ളംകുറ്റി, തലക്കോട് കരിമാന്‍കാവ് അക്വഡക്ടുകളാണ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതുമൂലം ചോര്‍ച്ചയുണ്ടാകുന്നത്. ചോര്‍ച്ചമൂലം വെള്ളം നിറഞ്ഞ് പാലത്തിന് താഴ്ഭാഗത്തുകൂടി കടന്നുപോകുന്ന റോഡുകള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഒരുകി.മീ. നീളത്തിലാണ് ആദിക്കാട്ടുകുളങ്ങര രിഫായി മുള്ളംകുറ്റി അക്വഡക്ട് പാലം നിര്‍മിച്ചിട്ടുള്ളത്. 35 വര്‍ഷത്തോളം പഴക്കമുള്ള ഇതിലൂടെ മുമ്പ് വാഹനങ്ങള്‍ കടന്നുപോയിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് അപകടാവസ്ഥയിലായ പാലത്തിന്‍െറ ഇരുഭാഗവും കെ.ഐ.പി അധികൃതര്‍ ഇടപെട്ട് കെട്ടിയടച്ചു. ഇതുമൂലം അക്വഡക്ടിനോട് ചേര്‍ന്നുള്ള പാലത്തിലൂടെ യാത്രക്കാര്‍ക്ക് നടന്നുപോകാന്‍പോലും കഴിയാറില്ല. ആദിക്കാട്ടുകുളങ്ങരയില്‍നിന്ന് പന്തളം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. പാലത്തിന്‍െറ കൈവരികള്‍ തകര്‍ന്നും അടിഭാഗത്തെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുമാറി കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. കനാലിന്‍െറ അടിഭാഗം തകര്‍ന്നതിനാല്‍ നൂറടിയോളം താഴ്ചയിലേക്ക് വെള്ളം കുത്തിയൊലിച്ച് റോഡ് തകര്‍ന്ന നിലയിലാണ്. അര കി.മീറ്ററോളം നീളമുള്ള തലക്കോട് കരിമാന്‍കാവ് അക്വഡക്ട് പാലത്തിന്‍െറ അടിഭാഗം കോണ്‍ക്രീറ്റ് ഇളകിമാറി തകര്‍ന്ന നിലയിലാണ്. അക്വഡക്ടില്‍നിന്നുള്ള വെള്ളം വീണ് റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇരു അക്വഡക്ട് പാലങ്ങളുടെയും സമീപത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ബലക്ഷയമുള്ള പാലം തകര്‍ന്നുവീണാല്‍ ഈ കുടുംബങ്ങള്‍ അപകടത്തിലാകും. അക്വഡക്ട് പാലങ്ങളുടെ ബലക്ഷയം പരിശോധിച്ച് വേണ്ടനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാര്‍ നിരവധി തവണ കെ.ഐ.പി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇരുപാലങ്ങളുടെയും ബലക്ഷയം പരിശോധിച്ച് അറ്റകുറ്റപ്പണി അടിയന്തരമായി നടത്താന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story