Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴയില്‍...

മഴയില്‍ വെള്ളൂര്‍ക്കുന്നം മല വീണ്ടും ഇടിഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: ശക്തമായ മഴയില്‍ നഗരത്തിലെ വെള്ളൂര്‍ക്കുന്നം മലയുടെ ഒരുഭാഗം കൂടി ഇടിഞ്ഞു. പാറക്കല്ലും മണ്ണും ഇടിഞ്ഞുവീണ് സമീപത്തെ ഷോപ്പിങ് കോംപ്ളക്സിന്‍െറ ഭാഗങ്ങള്‍ക്ക് കേട് സംഭവിച്ചു. രണ്ടാഴ്ച മുമ്പ് ഇടിഞ്ഞതിനു ചേര്‍ന്നുതന്നെയാണ് ഞായറാഴ്ച രാവിലെയും മലയിടിഞ്ഞത്. ഇതോടെ, നേരത്തേ അപകടാവസ്ഥയിലായിരുന്ന നാല് വീടുകള്‍ ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിലാണ്. മേയ് 17ന് രാവിലെയായിരുന്നു വെള്ളൂര്‍ കുന്നം എന്‍.എസ്.എസ് സ്കൂളിനു സമീപത്തെ മലയുടെ ഈ ഭാഗം 30 അടി ഉയരത്തില്‍ നിന്ന് ഇടിഞ്ഞത്. എം.സി റോഡരികിലെ ഈ ഭാഗം താഴേക്ക് പോരുകയായിരുന്നു. ഇതോടെ മലമുകളിലെ ഇടിഞ്ഞഭാഗത്ത് സ്ഥിതിചെയ്യുന്ന നാല് വീടുകള്‍ അപകടാവസ്ഥയിലാണ്. വിവരമറിഞ്ഞത്തെിയ റവന്യൂ അധികൃതര്‍ വീട്ടുകാരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്നലെ മലയുടെ ചെറിയ ഭാഗം വീണ്ടും ഇടിഞ്ഞിരിക്കുന്നത്. മഴ തുടരുന്നതുമൂലം വെള്ളം കെട്ടിനിന്ന് ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതിനിടെ മലയിടിഞ്ഞ ഭാഗത്തെ ഷോപ്പിങ് കോംപ്ളക്സിലെ മുറികളില്‍നിന്ന് വ്യാപാരികള്‍ സാധനങ്ങള്‍ നീക്കി. കഴിഞ്ഞ ജൂണില്‍ ഇതിനുസമീപം മലയിടിഞ്ഞ് ബഹുനില മന്ദിരം അടക്കം തകര്‍ന്നിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിക്ക് സമീപമാണ അന്ന് വെള്ളൂര്‍ കുന്നം മലയുടെ ഒരുഭാഗം തകര്‍ന്നുവീണത്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് അന്ന് മണ്ണിനടിയിലായത്. കൂടുതല്‍ മണ്ണിടിഞ്ഞ് വാട്ടര്‍ ടാങ്ക് അടക്കം നിലം പൊത്തുമെന്നതിനാല്‍ അന്ന് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തിട്ടില്ല. ജലസംഭരണി അടക്കം അപകടഭീതിയിലായതോടെ അര കിലോമീറ്ററോളം ദൂരത്തില്‍ എം.സി റോഡിന് സമാന്തരമായി കിടക്കുന്ന വെള്ളൂര്‍ കുന്നം മലക്ക് സംരക്ഷണഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചങ്കിലും ഒന്നും നടന്നില്ല. വാഴപ്പിള്ളി ഷാപ്പുംപടി മുതല്‍ വെള്ളൂര്‍ കുന്നം വരെ അമ്പതടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിക്ക് പുറമെ എന്‍.എസ്.എസ് സ്കൂള്‍, നിരവധി വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story