നിയന്ത്രണം വിട്ട ചരക്കുലോറി മീഡിയന്‍ ഇടിച്ചു തകര്‍ത്തു

11:23 AM
24/07/2016

ചെങ്ങമനാട്: ദേശീയപാതയില്‍ അത്താണി കാംകോക്ക് സമീപം ചരക്കുലോറി നിയന്ത്രണം വിട്ട് മീഡിയനും വഴിവിളക്കുകളും ഇടിച്ചുതകര്‍ത്തു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടം കണ്ട് ചാടിയ ക്ളീനര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. തമിഴ്നാട് മേട്ടുപ്പാളയത്തുനിന്ന് കായംകുളത്തേക്ക് പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. എന്നാല്‍, മഴയും മൂടല്‍ മഞ്ഞും മൂലം റോഡിലെ ദിശകാണാന്‍ സാധിക്കാത്തതാണ് നിയന്ത്രണം തെറ്റിച്ചതെന്നാണ് ഡ്രൈവറുടെ വിശദീകരണം.
അത്താണി എ.ടി.എച്ച് മുതല്‍ കുത്തനെ ഇടത്തോട്ട് കൊടും വളവാണെങ്കിലും തിരിയാതെ ലോറി മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി 50 മീറ്ററോളം ദൂരത്തില്‍ മീഡിയനും ഗ്രില്ലുകളും തകര്‍ത്തു. വഴിവിളക്കുകളു പരസ്യ-ദിശസൂചന ബോര്‍ഡുകളും തകര്‍ത്ത് മറുവശത്തെ റോഡിലേക്ക് കടന്ന ലോറി മെയിന്‍ ആക്സിലും ലീഫ് സെറ്റും ടയറുകളും തകര്‍ന്ന് റോഡില്‍ കുത്തിനിന്നത് മൂലമാണ് നിയന്ത്രിക്കാനായത്.
ഡ്രൈവര്‍ മേട്ടുപ്പാളയം സ്വദേശി ഉബൈദുല്ലയെ (38) അപകടം കണ്ട് എത്തിയ യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ റോഡില്‍ മറ്റ് വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്.
അപകടത്തത്തെുടര്‍ന്ന് മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. തുടര്‍ന്ന് നെടുമ്പാശ്ശേരി എസ്.ഐ പി.ഒ. ജയിംസിന്‍െറ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജീര്‍ ഇബ്രാഹിം, സി.പി. ഷാജന്‍ എന്നിവരും ഹൈവേ പൊലീസുമത്തെിയാണ് ഗതാഗതം നിയന്ത്രണവിധേയമാക്കിയത്. ഒരുമാസം മുമ്പ് തൃശൂര്‍ സ്വദേശി സഞ്ചരിച്ച കാറും ഇവിടെ ഇത്തരത്തില്‍ അപകടത്തില്‍പെട്ടു.
റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്തരത്തില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നാണ് പരക്കേയുള്ള ആക്ഷേപം.

COMMENTS