Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആയാപറമ്പ് സ്കൂള്‍...

ആയാപറമ്പ് സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന് ചരിത്രനേട്ടം

text_fields
bookmark_border
ഹരിപ്പാട്: പുതുതായി രൂപവത്കരിച്ച ഹരിപ്പാട് നഗരസഭയിലെ 29ാം വാര്‍ഡായ മണ്ണാറശ്ശാലയിലെ 192 വീടുകളിലും പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ച് ആയാപറമ്പ് സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റിലെ കുട്ടികള്‍ മാതൃകയായി. ചരിത്രപ്രസിദ്ധമായ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെ വീടുകളില്‍ രണ്ടുലക്ഷത്തിലധികം രൂപ വിപണി വില വരുന്ന കമ്പോസ്റ്റ് യൂനിറ്റുകള്‍ തികച്ചും സൗജന്യമായാണ് സ്ഥാപിച്ചുനല്‍കിയത്. ക്ഷേത്രഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാറശ്ശാല സ്കൂള്‍ മാനേജ്മെന്‍റാണ് പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ക്രിസ്മസ് അവധിക്കാലത്ത് സ്കൂളില്‍ നടന്ന നാഷനല്‍ സര്‍വിസ് സ്കീം സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് യൂനിറ്റിലെ 22 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 50 വളന്‍റിയര്‍മാര്‍ അഞ്ച് ദിവസങ്ങളിലായി നടത്തിയ കഠിന പ്രയത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. മണ്ണാറശ്ശാല വാര്‍ഡിനെ സമ്പൂര്‍ണ മാലിന്യമുക്ത പ്രദേശമായി മാറ്റുന്നതിനുള്ള ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായതിന്‍െറ ആഹ്ളാദത്തിലാണെന്ന് ആയാപറമ്പ് സ്കൂളിലെ കുട്ടികളും അധ്യാപകരും പറഞ്ഞു. പ്ളാസ്റ്റിക് മാലിന്യസംസ്കരണം, കച്ചവട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ആവശ്യമായ ജൈവവാതക പ്ളാന്‍റുകളുടെ സ്ഥാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ യൂനിറ്റ് നടപ്പിലാക്കും. ഭാരതത്തിലെ ഏറ്റവും മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസര്‍ക്കുമുള്ള പുരസ്കാരമായ ഇന്ദിരാ ഗാന്ധി നാഷനല്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്ന് നേടിയ സംസ്ഥാനത്തെ ആദ്യ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്. നാഗദാസ്, മണ്ണാറശ്ശാല ക്ഷേത്ര ഭരണസമിതി അംഗം എം.എസ്. ശ്യാംസുന്ദര്‍, പി.ടി.എ പ്രസിഡന്‍റ് സതീഷ് ആറ്റുപുറം, നഗരസഭാ അംഗം എസ്. രാധാമണിയമ്മ, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ഈശ്വരന്‍ നമ്പൂതിരി, പ്രോഗ്രാം ഓഫിസര്‍ ബി. ശാലിനി, ഹരിപ്പാട് മേഖലാ പ്രോഗ്രാം കോഓഡിനേറ്റര്‍ ബി. ബിജുകുമാര്‍, വളന്‍റിയര്‍ ലീഡര്‍മാരായ വിഷ്ണു, ജയലക്ഷ്മി, അമല്‍ വിശ്വനാഥ്, ഗൗരി, അഭിജിത്ത്, ഷിജി, ശ്രീജിത്ത്, അനന്തു, ലിന്‍േറാ, രാഹുല്‍, സ്നേഹ തുടങ്ങിയവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story