Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമികച്ച പി.ടി.എ...

മികച്ച പി.ടി.എ അവാര്‍ഡ് ചത്തിയറ ഗവ. എല്‍.പി സ്കൂളിന്

text_fields
bookmark_border
ചാരുംമൂട്: മികവിന്‍െറ പാതയിലൂടെ മുന്നേറുന്ന വിദ്യാലയ മുത്തശ്ശിയായ താമരക്കുളം ചത്തിയറ ഗവ. എല്‍.പി സ്കൂളിന് മികച്ച പി.ടി.എക്കുള്ള അവാര്‍ഡ്. കഴിഞ്ഞ അധ്യയനവര്‍ഷം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് കായംകുളം ഉപജില്ലയില്‍ എല്‍.പി തലത്തിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് സ്കൂളിന് ലഭിച്ചത്. പൊതുവിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അധ്യാപക-രക്ഷാകര്‍തൃ കൂട്ടായ്മയിലൂടെ പദ്ധതികള്‍ നടപ്പിലാക്കി. സ്കൂളിന്‍െറ മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഭവന സന്ദര്‍ശനവും ക്യാമ്പുകളും സംഘടിപ്പിച്ചു. ഇതുവഴി സ്കൂള്‍ പ്രവേശത്തില്‍ വന്‍ വര്‍ധനയുണ്ടായി. എസ്.എസ്.എയുടെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സ്കൂളിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി. പഴയ കെട്ടിടങ്ങള്‍ ബലപ്പെടുത്തി, സ്മാര്‍ട്ട് ക്ളാസുകള്‍ നിര്‍മിച്ചു. പാചകപ്പുര, കുടിവെള്ള വിതരണം എന്നിവ കാര്യക്ഷമമാക്കി. ഇംഗ്ളീഷ് പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ അധ്യാപകരെ നിയമിച്ചു. ഇതിനായി പ്രഗല്ഭരുടെ ക്ളാസുകള്‍ നടത്തി. കലാസാഹിത്യ-പ്രവൃത്തിപരിചയ-ശാസ്ത്ര വിഭാഗങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. കായംകുളം സബ്ജില്ലയില്‍ കഴിഞ്ഞ സ്കൂള്‍ കലോത്സവത്തിലും പ്രവൃത്തിപരിചയ മേളയിലും സ്കൂള്‍ രണ്ടാംസ്ഥാനം നേടി. ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കി. വായനശാല നവീകരിക്കുകയും ‘അമ്മ വായന’ പദ്ധതി ആരംഭിക്കുകയും ചെയ്തു. പി.ടി.എയുടെ അഭ്യര്‍ഥനപ്രകാരം പൂര്‍വവിദ്യാര്‍ഥിയും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ എം.എല്‍.എ പഠനമികവിന് വര്‍ഷംതോറും സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തി. ഗാന്ധിജിയുടെ സ്മരണാര്‍ഥം സ്കൂളിന് മുന്നില്‍ പ്രതിമ സ്ഥാപിച്ചു. ആര്‍. രാജേഷ് എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് സ്കൂള്‍ ബസ് ലഭിച്ചതോടെ വിദ്യാര്‍ഥികളുടെ യാത്രാക്ളേശം പരിഹരിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ജി. വേണു, ഹെഡ്മിസ്ട്രസ് എന്‍. സായിദാബീവി, മുന്‍ ഹെഡ്മിസ്ട്രസ് സി.എം. വിമല, പി.ടി.എ ഭാരവാഹികളായ എസ്. ജമാല്‍, ബി. അജികുമാര്‍, ശാന്തി സുഭാഷ്, എന്‍. ഗോപിനാഥന്‍പിള്ള, കെ.ജി. സുരേഷ്കുമാര്‍, ബി. അനില്‍കുമാര്‍, ജി. പ്രസന്നന്‍പിള്ള, ഷിജി, മായ, സന്ധ്യ, രജനി, സ്റ്റാഫ് സെക്രട്ടറി നിഷാദ്, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
Show Full Article
TAGS:LOCAL NEWS 
Next Story