Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുന്നപ്ര കടല്‍...

പുന്നപ്ര കടല്‍ ക്ഷോഭം: മത്സ്യത്തൊഴിലാളികളുടെ വേദന അറിയാന്‍ മന്ത്രി എത്തി

text_fields
bookmark_border
ആലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് കഴിഞ്ഞദിവസമുണ്ടായ കടല്‍ ക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും അതുമൂലം കഷ്ടത അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ മന്ത്രി ജി. സുധാകരന്‍ എത്തി. സൂനാമി തിരമാല പോലെ ആഞ്ഞടിച്ച കടലിളക്കത്തില്‍ ഒട്ടേറെ വള്ളങ്ങളും വലകളും അനുബന്ധ ഉപകരണങ്ങളും തകര്‍ന്നിരുന്നു. 28 ലക്ഷം രൂപ ഓരോ കുടുംബത്തിനും ഒരുലക്ഷം പ്രകാരമാണ് നല്‍കിയത്. നഷ്ടപരിഹാര തുക കുറഞ്ഞു എന്ന് ആരോപിച്ച് ഒരു വിഭാഗം തൊഴിലാളികള്‍ ബി.ജെ.പി പിന്തുണയോടെ പ്രതിഷേധവും ഹര്‍ത്താലും നടത്തിയതിന് പിറകെയാണ് മന്ത്രിയുടെ സന്ദര്‍ശനം. പ്രതിഷേധത്തിലെ രാഷ്ട്രീയം മുന്നില്‍ക്കണ്ട് സി.പി.എം ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് കുടുംബങ്ങളെ നേരില്‍ കാണാനും പ്രദേശത്തിന്‍െറ അവസ്ഥ ഗൗരവമായി മനസ്സിലാക്കാനും ജി. സുധാകരന്‍ എത്തിയത്. തകര്‍ന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങള്‍, പൊട്ടിച്ചിതറി കിടന്ന വലകള്‍, ഉപയോഗശൂന്യമായ മറ്റ് മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയും മന്ത്രി കണ്ടു. തകര്‍ന്ന വള്ളം കരയില്‍ എത്തിക്കുന്നതിനിടെ വടം പൊട്ടി പരിക്കേറ്റ പുന്നപ്ര പള്ളിപ്പറമ്പില്‍ ഡിക്സണ്‍, പാലപ്പറമ്പില്‍ വിജയാനന്ദ് എന്നിവരോട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. 400ഓളം തൊഴിലാളികള്‍ക്കാണ് ദുരന്തം മൂലം തൊഴില്‍ നഷ്ടപ്പെട്ടത്. രണ്ടുമാസത്തേക്ക് ജോലിക്കുപോകാന്‍ കഴിയുകയുമില്ല. ഇവരുടെ കുടുംബം പട്ടിണിയിലാകാതിരിക്കാനാണ് അടിയന്തരമായി 28 ലക്ഷം രൂപ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ചില സംഘടനകള്‍ തെറ്റിദ്ധരിച്ച് നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിലപാട് സ്വീകരിച്ചത് ഖേദകരമാണ്. കടല്‍ ക്ഷോഭം ഉണ്ടായ ദിവസംതന്നെ കലക്ടര്‍, ജില്ലാ പൊലീസ് ചീഫ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അന്നുതന്നെ റിപ്പോര്‍ട്ട് നല്‍കി. അടുത്തദിവസം വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മയെകണ്ട് ചര്‍ച്ച നടത്തുകയും മുഖ്യമന്ത്രിയെക്കൊണ്ട് സഹായധനം പ്രഖ്യാപിപ്പിക്കുകയുമായിരുന്നു. ആറുമുതല്‍ 40 വരെ പേര്‍ പങ്കെടുക്കുന്ന വള്ളങ്ങളും ഉപകരണങ്ങളുമാണ് തകര്‍ന്നത്. മത്സ്യഫെഡും ഫിഷറീസും ചേര്‍ന്ന് വള്ളവും വലയും വായ്പയും കൊടുക്കണം. അതിന് സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു.മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍, മത്സ്യത്തൊഴിലാളി യൂനിയ നേതാക്കള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ധീവരസഭ കരയോഗം ഭാരവാഹികള്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story