Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡി. കോളജില്‍...

മെഡി. കോളജില്‍ നഴ്സിന് മര്‍ദനം: ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ ജോലിയിലുണ്ടായിരുന്ന പുരുഷ നഴ്സ് ബിപിന്‍ ബാബുവിനെ ആക്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ്ചെയ്തു. വണ്ടാനം തൈപ്പക്കല്‍ ഭദ്രനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം മൂന്നംഗ സംഘമാണ് നഴ്സിനെ ആക്രമിച്ചത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ബിപിന്‍ ബാബു (23) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച രോഗിയെ കാണാന്‍ എത്തിയ സംഘം നഴ്സിങ് ജീവനക്കാരോട് തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്നാണ് ബിപിന്‍ ബാബുവിനെ ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ഒപ്പമുണ്ടായിരുന്ന നഴ്സുമാരാണ് താങ്ങിയെടുത്ത് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച് വണ്ടാനം നഴ്സിങ് കോളജിലെ നാല് ഡിവിഷനുകളിലെ ഇരുനൂറോളം വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി ആശുപത്രി സൂപ്രണ്ട് ഓഫിസിലേക്ക് മാര്‍ച്ചും ഒരുമണിക്കൂറോളം ധര്‍ണയും നടത്തി. സൂപ്രണ്ടിന് നിവേദനം നല്‍കിയശേഷമാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സൂചനപണിമുടക്കും പ്രകടനവും നടത്തിയിരുന്നു. സമരക്കാരുമായി ആശുപത്രി സൂപ്രണ്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട സമരം ജീവനക്കാര്‍ അവസാനിപ്പിച്ചത്.സംഭവത്തില്‍ കേരള ഗവ. നഴ്സസ് അസോസിയേഷന്‍ പ്രതിഷേധിച്ചു. സര്‍ജറി തീവ്രപരിചരണ വിഭാഗത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ തുടരെ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്ന് സൂപ്രണ്ട് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളോടൊപ്പം കൂടുതല്‍ പേരെ കടത്തിവിടരുതെന്ന് സൂപ്രണ്ട് സന്തോഷ് കെ. രാഘവന്‍ കര്‍ശന നിര്‍ദേശം നല്‍കി.
Show Full Article
TAGS:
Next Story