Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളം നഗരസഭയില്‍...

കായംകുളം നഗരസഭയില്‍ ഇടതുമുന്നണി സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി

text_fields
bookmark_border
കായംകുളം: കായംകുളം നഗരസഭയില്‍ ഇടതുമുന്നണിയുടെ സീറ്റ് ചര്‍ച്ച ഏകദേശം പൂര്‍ത്തിയായി. സ്ഥാനാര്‍ഥി ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന യു.ഡി.എഫിലാകട്ടെ പ്രാഥമിക ചര്‍ച്ച പോലും തുടങ്ങിയില്ല. 44 അംഗ കൗണ്‍സിലിലേക്ക് ഇടതുമുന്നണിയില്‍ സി.പി.എം 31 വാര്‍ഡുകളിലും സി.പി.ഐ 11 ഇടത്തും എന്‍.സി.പി, ജനതാദള്‍ -എസ് പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കാനാണ് ധാരണ. കഴിഞ്ഞവര്‍ഷത്തെ സ്ഥിതി അതേപടി തുടരട്ടെയെന്ന തീരുമാനമാണ് ഇടതുമുന്നണിയിലെ സീറ്റുചര്‍ച്ച തര്‍ക്കമില്ലാതെ പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഇതിനിടെ, ചില വാര്‍ഡുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ഇടതുപാര്‍ട്ടികള്‍ തമ്മില്‍ അണിയറയില്‍ ചര്‍ച്ച നടക്കുന്നതായി സൂചനയുണ്ട്.അതേസമയം, യു.ഡി.എഫിലാകട്ടെ പ്രാഥമിക ചര്‍ച്ചകള്‍ക്കുപോലും തുടക്കംകുറിക്കാനായിട്ടില്ല. കഴിഞ്ഞ തവണത്തെ സ്ഥിതി അതേപടി തുടരുമെന്ന വിശ്വാസത്തില്‍ ഘടകകക്ഷികള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രണ്ട് വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ഏകദേശ ധാരണയായി. മറ്റ് വാര്‍ഡുകളില്‍ കൂടുതല്‍പേര്‍ അവകാശവാദം ഉന്നയിച്ചതാണ് ലീഗിനെ കുഴക്കുന്നത്. കോണ്‍ഗ്രസിലും ഇതുതന്നെയാണ് സ്ഥിതി. ഓരോ വാര്‍ഡിലും രണ്ടും മൂന്നും നേതാക്കളാണ് സ്ഥാനാര്‍ഥികളാകാന്‍ രംഗത്തുള്ളത്. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ് സന്തുലിതത്വം അതേപടി പാലിക്കണമെന്ന നിര്‍ദേശവും തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. നേതാക്കളുടെ വാര്‍ഡുകള്‍ സംവരണമായതോടെ ജനറലായ വാര്‍ഡുകള്‍ ഗ്രൂപ് നോക്കാതെ സ്വന്തമാക്കാനുള്ള ശ്രമമാണ് തര്‍ക്കത്തിനിടയാക്കുന്നത്. ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതിയും പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ രംഗത്തിറക്കി പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്.
Show Full Article
TAGS:
Next Story