Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎരമല്ലൂരില്‍ പുതിയ...

എരമല്ലൂരില്‍ പുതിയ സബ്സ്റ്റേഷന്‍; പ്രതീക്ഷയോടെ നാട്ടുകാര്‍

text_fields
bookmark_border
അരൂര്‍: എരമല്ലൂരില്‍ പുതിയ സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി നടപടി തുടങ്ങി. കുടപുറത്തിനടുത്ത് രണ്ടേക്കര്‍ സ്ഥലം ഇതിനായി കണ്ടത്തെിയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരുന്നു. കെ.എസ്.ഇ.ബിയുടെ ഉന്നതാധികാരകേന്ദ്രത്തില്‍നിന്ന് സ്ഥലം വാങ്ങുന്നതിനും സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുമുള്ള ആദ്യനടപടി ആരംഭിച്ചിട്ടുണ്ട്. അരൂര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന സബ് സ്റ്റേഷനുവേണ്ടിയുള്ള മുറവിളികള്‍ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. 23,000 ഗാര്‍ഹിക ഉപഭോക്താക്കളും 67 ഹൈടെന്‍ഷന്‍ ഉപഭോക്താക്കളായ വ്യവസായശാലകളും 600ഓളം ചെറുകിട വ്യവസായശാലകളും അരൂര്‍ മേഖലയിലുണ്ട്. ചെറുകിട വ്യവസായ ശാലകളുടെ ഗണത്തില്‍പ്പെടുന്ന ഓഫിസ് പ്ളാന്‍റുകളുടെ പ്രവര്‍ത്തനം വൈദ്യുതിക്ഷാമംമൂലം പ്രതിസന്ധിയിലായിരിക്കുകയാണെന്ന പരാതിയിലാണ് വ്യവസായികള്‍. ചന്തിരൂര്‍, വടുതല, കുത്തിയതോട്, എഴുപുന്ന എന്നിവിടങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് സബ് സ്റ്റേഷന്‍െറ വരവോടെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അരൂര്‍ സബ് സ്റ്റേഷനില്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ അരൂര്‍ മേഖലയാകെ ഇരുട്ടിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മറ്റെവിടെനിന്നെങ്കിലും വൈദ്യുതി കൊണ്ടുവരുന്നതിനും പരിമിതികളുണ്ട്. എരമല്ലൂരില്‍ സബ്സ്റ്റേഷന്‍ എത്തുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ക്കും പരിഹാരമാകും. ഇലക്ട്രിക് ഉപകരണ സംവിധാനങ്ങള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വര്‍ട്ടേഴ്സും ഓഫിസും ഇവിടെ നിര്‍മിക്കും. ഇതോടനുബന്ധിച്ച് അരൂര്‍ വിഭജിക്കുന്ന നടപടിയും ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Show Full Article
TAGS:
Next Story