Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅവസാന കൗണ്‍സില്‍...

അവസാന കൗണ്‍സില്‍ യോഗത്തിലും ബഹളം; വിരട്ടേണ്ടെന്ന് പ്രതിപക്ഷം

text_fields
bookmark_border
ആലപ്പുഴ: പലപ്പോഴും ബഹളമയമായ ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ കലാശക്കൊട്ടിലും അതിന്‍െറ പ്രതിഫലനം തന്നെ ഉണ്ടായി. അടുത്തകാലത്ത് സജീവമാക്കിയ എല്‍.ഇ.ഡി വിവാദത്തിന്‍െറ പേരില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള പ്രതിപക്ഷത്തിന്‍െറ ശ്രമം അവസാന കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. തങ്ങളെ ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍െറ മുന്നറിയിപ്പ്. എന്നാല്‍, വടികൊടുത്ത് അടിവാങ്ങരുതെന്ന് ചെയര്‍പേഴ്സന്‍ മേഴ്സിഡയാന മാസിഡോയും പറഞ്ഞു. നഗരസഭ നടപ്പാക്കുന്ന ‘വെളിച്ചം’ പദ്ധതിയായ എല്‍.ഇ.ഡി ലൈറ്റുകളുടെ സ്ഥാപനം സംബന്ധിച്ച് തുടക്കം മുതല്‍ തടസ്സം നില്‍ക്കുന്നത് കെ.സി. വേണുഗോപാല്‍ എം.പിയും ചില കോണ്‍ഗ്രസ് നേതാക്കളുമാണെന്ന് ഭരണപക്ഷം ആരോപിച്ചു. ശനിയാഴ്ച ചേര്‍ന്ന നഗരസഭയുടെ ഒൗദ്യോഗിക കൗണ്‍സിലില്‍ ചെയര്‍പേഴ്സണും ആരോപണം ഉന്നയിച്ചു. ഊര്‍ജ സംരക്ഷണ കാര്യത്തില്‍ വലിയ ഇടപെടലാണ് ഭരണപക്ഷം നടത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തിയതോടെ ബഹളം തുടങ്ങി. നിങ്ങള്‍ വെറുതേ വടികൊടുത്ത് അടിവാങ്ങരുതെന്ന് നഗരസഭ അധ്യക്ഷയുടെ മുന്നറിയിപ്പും ആയപ്പോള്‍ ബഹളം കൂടി. ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്ന പ്രതിപക്ഷത്തിന്‍െറ ഭീഷണിയും ഉയര്‍ന്നു. നൂറുകണക്കിന് പൊതുമേഖല സ്ഥാപനം ഉണ്ടായിട്ടും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ ഭരണപക്ഷം ഏകപക്ഷീയമായി ഒരു കമ്പനിയെ ചുമതല ഏല്‍പിച്ചതില്‍ അഴിമതിയുണ്ട്. ഒരുമാസത്തിനുള്ളില്‍ നഗരം മുഴുവന്‍ എല്‍.ഇ.ഡി വെളിച്ചമാവുമെന്ന് പറഞ്ഞിട്ട് ഒരു മാസവും മൂന്ന് ദിവസവും കഴിഞ്ഞിട്ടും ഒരു വാര്‍ഡില്‍ പോലും ലൈറ്റ് കത്തിയില്ല. ഇതുമൂലം ഏഴുകോടി പാഴാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വൈദ്യുതി ബോര്‍ഡിന്‍െറയും സംസ്ഥാന വൈദ്യുതി ബോര്‍ഡ് മന്ത്രിയുടെയും അനുമതിയോടെ സുതാര്യമായി നടപ്പാക്കിയ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ താങ്കള്‍ക്ക് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്ന് ഇടത് നേതാക്കള്‍ ആരോപിച്ചു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രമേയം പാസാക്കിയെങ്കിലും ചെയര്‍പേഴ്സണ്‍ തള്ളിക്കളഞ്ഞു. നഗരത്തിലെ ജനങ്ങള്‍ക്ക് വെളിച്ചം ലഭിക്കേണ്ട പദ്ധതി പൂര്‍ത്തീകരണത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവസാന കൗണ്‍സിലിനെ ശ്രദ്ധേയമാക്കി. വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ തോമസ് ജോസഫ്, സെക്രട്ടറി ഇല്ലിക്കല്‍ കുഞ്ഞുമോന്‍, അഡ്വ. എ.എ. റസാഖ്, ഡി.പി.സി അംഗം സുനില്‍ ജോര്‍ജ്, സി. അരവിന്ദാക്ഷന്‍, എം.വി. ഹല്‍ത്താഫ്, വി.ജി. വിഷ്ണു, ബഷീര്‍ കോയപറമ്പന്‍, കെ. ബാബു, ആര്‍. ബേബി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story