Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേവദത്ത് ജി....

ദേവദത്ത് ജി. പുറക്കാടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

text_fields
bookmark_border
അമ്പലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹിക-സാംസ്കാരിക രംഗത്തെ മാതൃകാ പ്രവര്‍ത്തനത്തിന് ഉടമയുമായിരുന്ന ദേവദത്ത് ജി. പുറക്കാടിന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പൗരപ്രമുഖരും രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക നേതാക്കളും ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറക്കാട് കുടുംബവീടായ ഇടയിലെ വീട്ടുവളപ്പില്‍ വ്യാഴാഴ്ച വൈകുന്നേരം സംസ്കരിച്ചു. മകന്‍ പ്രിയരഞ്ചിന്‍ ദത്ത് ചിതക്ക് തീപകര്‍ന്നു. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായ ദേവദത്തിന്‍െറ മൃതദേഹം രാത്രി 10 മണിയോടെയാണ് അമ്പലപ്പുഴയില്‍ കൊണ്ടുവന്നത്. അവിടെ കച്ചേരി ജങ്ഷന് സമീപത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നേരത്തേ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മുഖ്യമന്ത്രിയും അന്തിമോപചാരമര്‍പ്പിച്ചിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും ദേവദത്തിന് അന്ത്യാഞ്ജലിയേകിയിരുന്നു. മരണവാര്‍ത്ത അറിഞ്ഞ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സുഹൃത്തുക്കളും ഗ്രന്ഥശാല-സാക്ഷരത പ്രവര്‍ത്തകരും അമ്പലപ്പുഴയിലെ വീടായ ഗംഗയിലേക്ക് വ്യാഴാഴ്ച രാവിലെ തന്നെ എത്തിക്കൊണ്ടിരുന്നു. ഒമ്പതുമണിയോടെ മൃതദേഹം വിലാപയാത്രയായി തകഴി സ്മാരകത്തില്‍ എത്തിച്ചു. സ്മാരക സെക്രട്ടറികൂടിയായിരുന്നു ദേവദത്ത്. അവിടെ നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരും സ്മാരക ഭാരവാഹികളും അന്തിമോപചാരമേകി. തുടര്‍ന്ന് അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകത്തിലും പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വിലാപയാത്രയായി അമ്പലപ്പുഴ മറിയ മോണ്ടിസോറി സെന്‍ട്രല്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അവിടെയും നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ദേവദത്തിന് വേദനയോടെ വിടയേകി. കാല്‍ നൂറ്റാണ്ടോളം അധ്യാപകനായി ജോലിചെയ്ത പുറക്കാട് ശ്രീ വേണുഗോപാല ദേവസ്വം യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അവിടെ പഴയ സഹപ്രവര്‍ത്തകരും അധ്യാപകരും നാട്ടുകാരും അവരുടെ ദത്തന്‍സാറിന് വിടയേകി. രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തിന്‍െറയും മാന്യതയുടെയും മുഖമുണ്ടായിരുന്ന നേതാവിന് എല്ലാ തുറകളില്‍പ്പെട്ടവരുടെയും സ്നേഹപ്രാര്‍ഥനകള്‍ ഉണ്ടായി. പുറക്കാട് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരഭവനിലും മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമൊരുക്കി. അമ്പലപ്പുഴ മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. എണ്ണിയാല്‍ തീരാത്ത വ്യക്തിത്വങ്ങളും സാധാരണക്കാരുമെല്ലാം അവിടെ എത്തിയിരുന്നു. കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരി, കൊല്ലം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എസ്. വാസുദേവശര്‍മ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം. ലിജു, അഡ്വ. സി.ആര്‍. ജയപ്രകാശ്, അഡ്വ. ബി. ബാബുപ്രസാദ്, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, മുന്‍ എം.എല്‍.എമാരായ വി. ദിനകരന്‍, ഡി. സുഗതന്‍, എ.വി. താമരാക്ഷന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നസീര്‍, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കമാല്‍ എം. മാക്കിയില്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഇ.കെ. രാധാകൃഷ്ണപിള്ള, വി.സി. മധു, സതി എസ്. നാഥ്, ജമാഅത്തെ ഇസ്ലാമി മുന്‍ ജില്ലാ പ്രസിഡന്‍റ് എം. അബ്ദുല്‍ ലത്തീഫ്, ബഷീര്‍ തുണ്ടില്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഉണ്‍മ മോഹന്‍, ചുനക്കര ജനാര്‍ദനന്‍ നായര്‍, സി. രാധാകൃഷ്ണന്‍, തോട്ടപ്പള്ളി രവീന്ദ്രനാഥ്, എ.എന്‍.പുരം ശിവകുമാര്‍, ജമാല്‍ പള്ളാത്തുരുത്തി, കവി പൂച്ചാക്കല്‍ ഷാഹുല്‍, തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത്, ഗാനരചയിതാവ് ചന്ദ്രന്‍ പുറക്കാട്, അഹമ്മദ് അമ്പലപ്പുഴ, തകഴിയുടെ മക്കളായ ഡോ. ബാലകൃഷ്ണന്‍, ഓമന, കനകം, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് എല്‍.പി. ജയചന്ദ്രന്‍, നഗരസഭാ മുന്‍ ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, അഡ്വ. എസ്. മനോഹരന്‍, ഷംസുദ്ദീന്‍ പുറക്കാട്, എ.കെ. ബേബി തുടങ്ങി ജീവിതത്തിന്‍െറ നാനാതുറകളില്‍പ്പെട്ടവര്‍ ദേവദത്ത് ജി. പുറക്കാടിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Show Full Article
TAGS:
Next Story