ആദ്യം കണ്ട നിക്കാഹ് ഉപ്പയുടേത്

UA-Khadar
യു.എ. ഖാദറും ഭാര്യ ഫാത്തിമയും

വിവാഹത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അത് എന്തുതന്നെ ആയാലും ഞാൻ വിവാഹിതനാവാൻ പോകുകയാണ്. പ്രാർഥനയും അനുഗ്രഹവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇങ്ങനൊരു വിവാഹക്ഷണക്കത്ത് കണ്ട് വരന്‍റെ വീട്ടുകാരും ബന്ധുക്കളും അമ്പരന്നു. ഇതെന്ത് കത്ത്? പുതിയാപ്ല നേരിട്ട് വിവാഹം ക്ഷണിക്കുകയോ? അത് നാട്ടുനടപ്പ് അല്ലല്ലോ? ക്ഷണക്ക​േത്ത ശരിയല്ല, പിന്നെയല്ലേ ക്ഷണിക്കൽ. അങ്ങനെ പലവിധ ചോദ്യങ്ങൾ.

ഒടുവിൽ മറ്റൊരു ക്ഷണക്കത്ത് അടിച്ചു വിവാഹം വിളി തുടങ്ങി. പറഞ്ഞുവരുന്നത് യു.എ. ഖാദർ എന്ന മലയാളത്തിന്‍റെ പ്രശസ്ത എഴുത്തുകാരന്‍റെ കല്യാണവിശേഷങ്ങളാണ്. ഒാർമകളുടെ പഗോഡകളിൽ എത്ര തട്ടുകളുണ്ടെന്ന്​ അറിയില്ല. എന്നാൽ, അവക്കിടയിൽ ഉടവുതട്ടാതെ ഒളിച്ചിരിക്കുന്ന ഇന്നലകളെ ഒാർത്തെടുക്കുകയാണ്​ എഴുത്തുകാരനിവിടെ. 

എന്‍റെ വിവാഹത്തിലേക്ക് കടക്കുംമുമ്പ് ഞാൻ ആദ്യമായി കണ്ടൊരു വിവാഹത്തിന്‍റെ കഥപറയാം. അത് മറ്റാരുടെയുമല്ല. എന്‍റെ ഉപ്പ മൊയ്തീന്‍കുട്ടി ഹാജിയുടെ വിവാഹമാണ്! അത്ഭുതം തോന്നുന്നുണ്ടോ? പറഞ്ഞത് സത്യമാണ്. ഉപ്പയുടെ രണ്ടാം വിവാഹമാണ് എന്‍റെ ഓർമയിലെ ആദ്യവിവാഹം. കൊയിലാണ്ടിയിൽനിന്നു ബര്‍മയില്‍ വഴിയോര കച്ചവടത്തിനുപോയ ഉപ്പയുടെ ആദ്യഭാര്യ ബര്‍മക്കാരി മാമൈദിയാണ് എന്‍റെ മാതാവ്. ഞാൻ ജനിച്ചുടൻ വസൂരി പിടിപെട്ട് മാതാവ് മരിച്ചു. 

ബർമയിൽ നിന്ന് കോഴിക്കോട്ട്​ എത്തിയശേഷം എനിക്ക് എട്ട് വയസ്സ്​ ഉള്ളപ്പോൾ 1942ലായിരുന്നു ഉപ്പ അമൈത്ത് കുഞ്ഞുആയിശയെ നിക്കാഹ് ചെയ്തത്. വലിയചടങ്ങുകൾ ഒന്നും ഇല്ലായിരുന്നു. രാത്രി കുറച്ച് ആളുകൾ വീട്ടിലെത്തുകയും അവരുടെ കൂടെ കുപ്പായം അണിഞ്ഞു ഉപ്പ പോകുകയുമായിരുന്നു. തിരിച്ചു ഭാര്യയുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വിവാഹം കഴിഞ്ഞ വിവരം ഞാൻ അറിയുന്നതുതന്നെ. അങ്ങനെ അമൈത്ത് കുഞ്ഞുആയിശ എന്‍റെ ഉമ്മയായി. തുടർന്നുള്ള എന്‍റെ ജീവിതം അമൈത്ത് വീട്ടിലായിരുന്നു.

മുറപ്പെണ്ണ് ജീവിതസഖിയായി
പെണ്ണുകാണൽ ചടങ്ങുകളൊന്നും എന്‍റെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. കാരണം, എന്‍റെ മുറപ്പെണ്ണിനെ തന്നെയാണ് ഞാൻ വിവാഹം കഴിച്ചത്. 1958ലായിരുന്നു വിവാഹം. മുറപ്പെണ്ണ് എന്നതിലുപരി എന്‍റെ കളിക്കൂട്ടുകാരി കൂടിയായിരുന്നു തിക്കോടി സ്വദേശിനി ഫാത്തിമ. ഇവളായിരിക്കും എന്‍റെ ഭാവി ഭാര്യയായി വരാൻ പോകുന്നതെന്ന തോന്നൽ മുമ്പേ മനസ്സിൽ കയറിക്കൂടിയിരുന്നു. ചെറുപ്പം മുതൽ എനിക്കും അവളോട് വലിയ സ്​നേഹമായിരുന്നു. 

ഉപ്പയുടെ തീരുമാന പ്രകാരമായിരുന്നു നിക്കാഹ്. തിക്കോടി ​െറയിൽവേ സ്‌റ്റേഷന്​ സമീപത്തായിരുന്നു ഫാത്തിമയുടെ വീട്. കാറും ബസുമെല്ലാം വിളിക്കാൻ സാമ്പത്തിക ശേഷിയില്ലായിരുന്നു. രാത്രിയായിരുന്നു കല്യാണം. വൈകുന്നേരത്തെ തീവണ്ടി കണക്കാക്കി വരനും കൂട്ടരും കൊയിലാണ്ടി സ്‌റ്റേഷനിലെത്തി. അവിടെനിന്നും വധുവിന്‍റെ വീട്ടിലേക്ക് സ്നേഹിതരും ബന്ധുക്കളുമൊക്കെയായി നിക്കാഹിന് പോയി.

തിക്കോടിയിലെ നാട്ടുകാരണവരായ വൈദ്യരകത്ത് മൊയ്തുഹാജിയുടെ നേതൃത്വത്തിലായിരുന്നു വിവാഹചടങ്ങുകൾ. ഹാജിക്ക് വെറ്റില വെക്കാതെ അക്കാലത്ത് ഒരു കല്യാണവും നടക്കില്ലായിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ വലിയ വിലപേശലുകൾ നടന്നിരുന്ന കാലം കൂടിയായിരുന്നു അന്നൊക്കെ. എന്‍റെ കാര്യത്തിലും അത് നടന്നു. വീട്ടിലെ കാരണവരാണ് ഈ കാര്യങ്ങളൊക്കെ തീരുമാനിച്ച് ഉറപ്പിക്കുന്നത്.

1000 രൂപയാണ് സ്ത്രീധനത്തുകയായി ആവശ്യപ്പെട്ടത്. വിലപേശലുകൾക്കൊടുവിൽ 400 രൂപ സ്ത്രീധനമായി ലഭിച്ചു. കൂടാതെ, തൃക്കോട്ടൂർ ആവിപ്പുഴയുടെ അക്കരെ ഫാത്തിമയുടെ പേരിൽ 24 സ​​െൻറ്​ സ്ഥലവും എഴുതി നൽകി. മാസത്തിൽ എത്രരൂപയാണ് ചെലവിന് നൽകുന്നത് അത് വധുവിന് നൽകുകയും ചെയ്തു. പള്ളിയിൽ വെച്ച് മഹർ പറയുന്ന സമ്പ്രദായമൊന്നും അക്കാലത്ത് ഇല്ലായിരുന്നു. രാത്രി അറയിൽ കയറിയ ശേഷം വരൻ വധുവിന്‍റെ കൈയിൽ ഒരുകിഴിയായാണ് മഹർ നൽകുന്നത്. 

വിവാഹദിനം രാത്രി ഫാത്തിമയുടെ വീട്ടിൽ താമസിച്ച് പിറ്റേദിവസത്തെ തീവണ്ടിയിൽ എന്‍റെ വീട്ടിൽ വരുകയും അന്നുവൈകുന്നേരംതന്നെ വീണ്ടും തിരിച്ചുപോകുകയും ചെയ്തു. തൊഴിലൊന്നും ഇല്ലാത്ത കാലമായതിനാൽ സ്ത്രീധന തുകകൊണ്ട് ചായപ്പൊടി കച്ചവടം ആരംഭിച്ചു. അതിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വിവാഹശേഷം ഫാത്തിമയുമായി സന്തോഷത്തോടെ ജീവിച്ചത്. ഈ 83ാം വയസ്സിലും പരസ്​പരം സ്നേഹിച്ചും തണലായും ഞങ്ങൾ ജീവിക്കുകയാണ്.


രണ്ടാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ എല്ലാമുപേക്ഷിച്ചു ബർമ വിട്ടവരുടെ കൂട്ടത്തില്‍ എന്‍റെ ഉപ്പയുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാര്‍ഥി ക്യാമ്പില്‍ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിര്‍ബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ഉപ്പ ചുമലിലേറ്റുകയായിരുന്നു. മഴക്കാലത്ത് പുതപ്പുവില്‍ക്കാന്‍ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാന്‍ ആരും ഉത്സാഹിച്ചില്ല.

സ്‌നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെയാണ് കുറെക്കാലം വളര്‍ന്നത്. ജീവിതകാലമത്രയും ഉള്ളിന്‍റെയുള്ളില്‍ ഉമിത്തീപോലെ, പിറന്ന നാടിനെപ്പറ്റിയുള്ള സ്മരണ നീറിപ്പിടിച്ചിരുന്നു. ഒടുവില്‍ വർഷങ്ങൾക്ക് ശേഷം ആ നാട്ടിലേക്കു ഭാര്യയുമൊത്ത് യാത്രപോയി. ഗൾഫ് രാജ്യങ്ങളിലും ഡൽഹിയിലും ഞങ്ങൾ ഒരുമിച്ച് യാത്രനടത്തിയിട്ടുണ്ട്. 

കല്യാണം സമ്മാനിച്ച എഴുത്ത് ജീവിതം
എല്ലാറ്റിനും ഒരു കാരണം വേണമല്ലോ. ‘ഓണം വരാനും ഒരു മൂലം വേണം’ എന്നു പറയുന്ന മാതിരി. കൊയിലാണ്ടിയില്‍ ഞാന്‍ വളര്‍ന്ന വീടി‍​​െൻറ അയല്‍പക്കത്തെ വല്യബ്​ദുക്കയുടെ മോൾ സൈനബയുടെ കല്യാണം നടന്നു. വരനും വധുവും ബസിലാണ് അങ്ങോട്ടും ഇങ്ങോട്ടും പോകുകയും വരുകയും ചെയ്തത്. 

ബസിൽ കയറാനുള്ള ആഗ്രഹം മൂലം കുട്ടികൾക്കൊപ്പം ആദ്യമേ ബസിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, യാത്ര കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടികളെയെല്ലാം അവരുടെ ഉമ്മമാർ ബസിൽനിന്നും ഇറക്കി. അന്ന് ഉമ്മയില്ലാത്തതിനാൽ എന്നെ ഇറക്കാൻ ആരും എത്തിയില്ല. ഇതിന്‍റെ സങ്കടത്തിൽ ഒറ്റപ്പെട്ട് കരഞ്ഞുനിൽക്കുന്ന എന്‍റെ അടുത്തേക്ക് എത്തിയത് സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു.

കുട്ടികൾ ഇങ്ങനെ കരയാമോയെന്ന് പറഞ്ഞു എന്നെ സമാധാനിപ്പിക്കുകയും അദ്ദേഹം എന്നെ വിളിച്ച് ഒരു പുസ്തകം വായിക്കാന്‍ തരുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാല സഖി’. അതാണ് ഞാന്‍ വായിക്കുന്ന ആദ്യത്തെ കൃതി. ഈ കല്യാണവും ഈ പുസ്തകവുമാണ് എന്‍റെ ജീവിതത്തെ എഴുത്തിന്‍റെ വിശാലതയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

Loading...
COMMENTS