വികസിത നാടുകളിലെ ശിക്ഷണവും തിരുത്തലും

17:30 PM
19/06/2018
children

പല യൂറോപ്യന്‍ രാജ്യങ്ങളിലും രക്ഷിതാക്കള്‍ കുട്ടികളെ അടിക്കുന്നത് കുറ്റകരമാണെങ്കില്‍ ഇംഗ്ലണ്ടില്‍ ഇതുവരെ അതു നിയമം മൂലം നിരോധിച്ചിട്ടില്ല. വികസിത നാടുകളിലെ ശിക്ഷണ നടപടികളും തിരുത്തല്‍ രീതികളും അറിയാം...

കുട്ടികളെ ശിക്ഷിക്കാൻ പാടുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഏതുതരം ശിക്ഷകളാണ് കൂടുതൽ ഫലപ്രദമായിട്ടുള്ളത്? കുട്ടികളെ നമ്മുടെ വരുതിയിൽ നിർത്തേണ്ടതുണ്ടോ?
നമുക്കെല്ലാം ഇടക്കിടെ തികട്ടിവരുന്ന ചോദ്യങ്ങളാണിവ. ഓരോ തവണ കുട്ടികളെ ശിക്ഷിക്കുമ്പോഴും മിക്കവാറും എല്ലാ രക്ഷിതാക്കളും പശ്ചാത്താപ ഭാരം കൊണ്ട് ഉള്ളിൽ വിങ്ങിപ്പൊട്ടും. കുട്ടികളെ എങ്ങനെ ‘നേർവഴി’ക്ക്​ കൊണ്ടുവരും, എങ്ങനെ അവരെ നമ്മുടെ ‘വരുതി’യിൽ നിർത്തും എന്നതെല്ലാം പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി വന്നു രക്ഷിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്.

ഈയിടെയായി അതിരുകടന്ന ശിക്ഷാവിധികൾ മൂലം നാട്ടിൽ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വരെയുണ്ടായി. കുട്ടികൾ ജീവിതപ്പടവുകൾ പലതും തെറ്റിച്ചവിട്ടും എന്നുള്ളത് പ്രകൃതിനിയമമാണ്. തെറ്റുകൾ പലപ്പോഴും ആപേക്ഷികമാണെങ്കിലും കുട്ടികൾ വരുത്തുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടത് മുതിർന്നവരുടെ ചുമതലയാണ്. പല യൂറോപ്യൻ രാജ്യങ്ങളിലും രക്ഷിതാക്കൾ കുട്ടികളെ അടിക്കുന്നത് കുറ്റകരമാണെങ്കിൽ ഇംഗ്ലണ്ടിൽ ഇതുവരെ അതു നിയമംമൂലം നിരോധിച്ചിട്ടില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ അച്ചടക്കവും നല്ല പെരുമാറ്റവും പഠിപ്പിക്കുന്നതി​​​​െൻറ ഭാഗമായി കാലി​​​​െൻറ പിറകിൽ വളരെ ചെറിയ രീതിയിൽ അടിക്കാം, ചെറിയ രീതിയിൽ വഴക്കുപറയാം എന്നൊക്കെ നിയമവിദഗ്ധർ പറയുന്നുണ്ട്. എന്നിരുന്നാലും, കുട്ടികൾ ഇത് സ്കൂളിലോ അല്ലെങ്കിൽ സോഷ്യൽ സർവിസിലോ പരാതിപ്പെട്ടാൽ രക്ഷിതാക്കൾക്ക് ശിക്ഷ കിട്ടാനുള്ള സാധ്യതയുമുണ്ട്. കുട്ടികളെ രക്ഷിതാക്കളിൽനിന്നും മാറ്റിപ്പാർപ്പിക്കുകയും ചെയ്യും.

കുട്ടികളെ ശാരീരികമായോ മാനസികമായോ മോശമായി ബാധിക്കുന്ന രീതിയിലുള്ള ശിക്ഷാവിധികൾ ഒഴിവാക്കണം എന്നതാണ് വിദഗ്​ധർ പറയുന്നത്​. പ്രബലർ അബലർക്കെതിരെ ഏതു രീതിയിലുള്ള ശക്തി പ്രയോഗിച്ചാലും അതിൽ അനീതിയുണ്ട്. കുട്ടികളെ ‘വരുതിയിൽ നിർത്തുക’ എന്നതും ഒഴിവാക്കേണ്ടതു തന്നെയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികൾക്ക് മാർഗനിർദേശം കൊടുക്കേണ്ടതും അവരെ ജീവിതത്തിലെ കാതലായ നിയമങ്ങൾ പഠിപ്പിക്കേണ്ടതും അവരിൽ കരുണയും വിനയവും വാർത്തെടുക്കേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണ്. ചുരുക്കിപ്പറഞ്ഞാൽ അവരെ ശിക്ഷിച്ചു നന്നാക്കുക എന്ന നെഗറ്റിവ്  രീതി ഒഴിവാക്കി, തെറ്റിൽനിന്ന്​ ഒഴിവാകാൻ അവർക്കു പ്രോത്സാഹനം കൊടുക്കുന്ന ഒരു പോസിറ്റീവ് സമീപനമാണ് രക്ഷിതാക്കൾ ഉൾക്കൊള്ളേണ്ടത്.

മുമ്പ്​ പറഞ്ഞതുപോലെ, കുട്ടികളുടെ ഭാഗത്തുനിന്ന്​ തെറ്റ് കാണുമ്പോൾ ആദ്യം അവർ ചെയ്തത് എന്താണെന്നും അത് എന്തുകൊണ്ട് ശരിയല്ല എന്നുംഅതി​​​​െൻറ അനന്തരഫലം എന്തായിരിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നിട്ടും അവർ അതേ കാര്യം തന്നെ വീണ്ടും ചെയ്യുന്നുണ്ടെങ്കിൽ അവർക്കു ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചുള്ള വാണിങ്​ കൊടുക്കാം. ഇതേ അവസരത്തിൽ തന്നെ, അവർ അതേ തെറ്റുകൾ വീണ്ടും ആവർത്തിച്ചില്ലെങ്കിൽ അവർക്കു ലഭിക്കാവുന്ന പ്രതിഫലങ്ങളെക്കുറിച്ചും അവരെ ഓർമിപ്പിക്കാം. വീണ്ടും അവർ ഇതേ കാര്യങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അവരുടെ പ്രായത്തിനും സാഹചര്യത്തിനും തെറ്റി​​​​െൻറ കാഠിന്യത്തിനും അനുസരിച്ചു ചെറിയ രീതിയിലുള്ള ശിക്ഷകൾ ആകാം.

ശിക്ഷകൾ ഒരിക്കലും കുട്ടികളുടെ ദേഹത്തു പാടുവീഴുന്ന രീതിയിലോ മനസ്സിൽ എ​െന്നന്നേക്കുമായി പോറൽ ഏൽപിക്കുന്ന രീതിയിലോ ആകരുത്. ശിക്ഷകൾ നടപ്പാക്കുമ്പോഴും നമ്മുടെ മനസ്സി​​​​െൻറയും ശരീരത്തി​​​​െൻറയും കടിഞ്ഞാൺ നമ്മുടെ കൈയിൽ ഭദ്രമായിരിക്കണം. ഇവിടെയെല്ലാം വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു ശിക്ഷാരീതിയാണ് ഗ്രൗണ്ടിങ്. എന്നുവെച്ചാൽ കുട്ടികൾക്ക്​ ഇഷ്​ടമുള്ള കാര്യങ്ങളായ ടെലിവിഷൻ, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് എന്നിവയെല്ലാം കുറച്ചു സമയത്തേക്കോ കുറച്ചു ദിവസത്തേക്കോ നിരോധിക്കും. ഇങ്ങനെ നിരോധനം ഏർപ്പെടുത്തുന്നത് അവർക്ക് ഇഷ്​ടമുള്ള ഏതെങ്കിലും കാര്യത്തിന് ആയിരിക്കണം. നേരത്തേ പറഞ്ഞുറപ്പിച്ച സമയം കഴിയുമ്പോൾ നിരോധനം പിൻവലിക്കുകയും വേണം. ചെറിയ കുട്ടികളിൽ ശിക്ഷകൾ തീർത്തും ഒഴിവാക്കി അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് സ്​റ്റിക്കർ, ചോക്ലറ്റ് എന്നിവ പ്രതിഫലമായി കൊടുക്കുന്ന റിവാർഡ് സിസ്​റ്റം പരീക്ഷിക്കാവുന്നതാണ്. ഇവിടെ സ്കൂളുകളിലും ഇത്തരം സിസ്​റ്റമാണ് നിലവിലുള്ളത്. അതായത് അവരുടെ നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് പലരീതിയിലുള്ള അംഗീകാരം കൊടുക്കുകയും ചെയ്യും. എ​​​​െൻറ മോള് ഇപ്പോൾ പ്രീസ്കൂളിൽ ആണ്. അവളുടെ സ്കൂളിലെ കുട്ടികളെ നാല് ഹൗസായി തിരിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും അവരുടെ വിവിധ പ്രവൃത്തികളെ ആസ്പദമാക്കി ഹൗസ് പോയൻറുകൾ ലഭിക്കും. 
പോയൻറ്​ ലഭിക്കാൻ ചെയ്യേണ്ടത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ്...

  • ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വായിക്കുക; വായിച്ചതിനെക്കുറിച്ച്​ റീഡിങ് ഡയറിയിൽ എഴുതുക  
  • വിനയമുള്ള പെരുമാറ്റം
  • മറ്റു കുട്ടികളോട് കരുണയോടെയുള്ള പെരുമാറ്റവും ചങ്ങാത്തവും
  • ക്ലാസ്​ റൂം വൃത്തിയായി സൂക്ഷിക്കൽ
  • മറ്റുള്ളവരെ സഹായിക്കൽ

ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഹൗസ് പോയൻറ്​ ലഭിക്കും. അങ്ങനെ 50 ഹൗസ് പോയൻറ്​ ആകുമ്പോൾ ഹെഡ്മാസ്​റ്ററുടെ വക അഭിനന്ദനവും സ്​റ്റിക്കറും ലഭിക്കും. 100 ഹൗസ് പോയൻറ്​ ആകുമ്പോൾ ഹെഡ്മാസ്​റ്ററുടെ കൂടെ വൈകീട്ട് ചായയും കേക്കും!
പിന്നെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ ഹൗസ് പോയൻറ്​ ലഭിക്കുന്ന കുട്ടികളുടെ പേര് അസംബ്ലിയിൽ വിളിച്ചു പറഞ്ഞ്​ അനുമോദിക്കും. ഓരോ മാസവും ഏറ്റവും കൂടുതൽ ഹൗസ് പോയൻറ്​ ലഭിക്കുന്ന ഹൗസിനും പ്രത്യേകം പരാമർശമുണ്ട്.
എ​​​​െൻറ അഞ്ചു വയസ്സാകാൻ പോകുന്ന മോൾക്ക്‌ വരെ ഈ ഹൗസ് പോയൻറ്​ തലക്ക് പിടിച്ച മട്ടാണ്. ഹൗസ് പോയൻറ്​ കിട്ടുമെന്നു പറഞ്ഞാൽ അവൾ എന്തിനും റെഡിയാണ്. ഹൗസ് പോയൻറ്​ കിട്ടില്ലെന്ന്‌ പറഞ്ഞ്​ അവളെ പല കാര്യങ്ങളിൽനിന്നും പിന്തിരിപ്പിക്കുകയും ചെയ്യാം !
കുട്ടികളുടെ മോശം സ്വഭാവങ്ങളെ നേരിടാനും അവർക്ക് പ്രത്യേക രീതികളുണ്ട്. ആദ്യം കുട്ടിയെ ആ കാര്യത്തി​​​​െൻറ ദോഷവശങ്ങളും ഗൗരവവും പറഞ്ഞു മനസ്സിലാക്കും. പിന്നെയും ആവർത്തിച്ചാൽ വാണിങ്ങും ചെറിയ രീതിയിലുള്ള വഴക്കും ലഭിക്കും. എന്നിട്ടും ആവർത്തിച്ചാൽ രക്ഷിതാക്കളെ അറിയിച്ചു കുട്ടികളോട് അതേക്കുറിച്ചു സംസാരിക്കാൻ അവശ്യപ്പെടും.

കുട്ടികളെ അടിക്കുക എന്നുള്ളത് ഇവിടെ സ്കൂളുകളിൽ തീർത്തും നിരോധിച്ചിട്ടുണ്ട്. അടി നിരോധിച്ചതിനു ശേഷം കുട്ടികളുടെ സ്വഭാവം മോശമായിട്ടില്ല എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പക്ഷേ, സ്കൂളുകളിൽ കുട്ടികളെ അടിക്കുന്നത് ആദ്യമായി നിരോധിച്ചത് ഇവിടെയല്ല കേട്ടോ. അതു പറയണമെങ്കിൽ പോളണ്ടിനെക്കുറിച്ചു പറയേണ്ടിവരും. 1783ൽ പോളണ്ടിലെ സ്കൂളുകളിലാണ് കുട്ടികളെ അടിക്കുന്നത് ലോകത്തു തന്നെ ആദ്യമായി നിരോധിച്ചത്. ഏതു കാര്യത്തിലായാലും കുട്ടികളോട് സംസാരിക്കുമ്പോൾ ദേഷ്യപ്പെടാതെ സംസാരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. കഴിയുന്നതും അവരുടെ അടുത്തിരുന്ന്​ അവരുടെ മുഖത്ത് നോക്കി സംസാരിക്കുക എന്നുള്ളതും പ്രധാനമാണ്. ഒരിക്കലും ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കാതിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പറഞ്ഞ കാര്യംതന്നെ വീണ്ടും വീണ്ടും പറഞ്ഞു കുട്ടികളെ കുത്തിനോവിക്കാതിരിക്കുക എന്നുള്ളതും.

ഇനി ഇതെല്ലാം പറഞ്ഞ എനിക്കു നന്നായിട്ടറിയാം മറ്റുള്ളവരെ ഉപദേശിക്കുന്നത്ര എളുപ്പമല്ല ഇത്തരം കാര്യങ്ങൾ സ്വയം ജീവിതത്തിലേക്ക് പകർത്തുന്നത് എന്ന്. എ​​​​െൻറ മകളെ ഓരോ തവണ വഴക്കുപറയുമ്പോഴും ഞാനും അനുഭവിക്കാറുള്ളതാണ് ചെയ്തത് ശരിയായില്ല എന്ന കടുത്ത മാനസികസംഘർഷം. ഒരു രക്ഷിതാവ് എന്നനിലയിൽ ഞാൻ തോറ്റുപോയി എന്ന്​ എത്രയോ തവണ തോന്നിയിട്ടുണ്ട്. ഈ എഴുത്ത്​ എനിക്ക് സ്വയമുള്ള ഒരോർമപ്പെടുത്തൽ കൂടിയാണ്.

തയാറാക്കിയത്: ഡോ. നസീന മേത്തൽ, Consultant in Palliative Medicine, Manchester, U.K.

Loading...
COMMENTS