കരുനാഗപ്പള്ളി ഹൽവ പുരാണം

  • തലമുറകളിലൂടെ പകർന്നു കിട്ടിയ കരുനാഗപ്പള്ളി ഹൽവ എന്ന പൈതൃക രുചിയെ കുറിച്ച്...

halwa

ഐക്യകേരളം രൂപപ്പെടും മുമ്പുള്ള കാലമാണ്.  വടക്കേ മലബാറിലെ തളിപ്പറമ്പിൽ നിന്ന് തെക്കൻ തിരുവിതാംകൂറിലെ കരുനാഗപ്പള്ളിയിൽ കച്ചവട സംബന്ധമായി എത്തിയതാണ് മൈതീൻകുഞ്ഞ്. അന്നത്തെ തിരുവിതാംകൂർ രാജ്യത്തി​െൻറ ഭാഗവും ഇന്ന് തമിഴ്നാട്ടിൽ ഉൾപ്പെട്ടിട്ടുള്ളതുമായ തിരുവിതാംകോടു നിന്ന് തൊഴിൽ തേടി കരുനാഗപ്പള്ളിയിൽ വന്ന തമ്പി റാവുത്തറും മൈതീൻകുഞ്ഞും ഉറ്റചങ്ങാതിമാരായി. കരുനാഗപ്പള്ളി മേഖലയിലെ കല്യാണവീടുകളിലെത്തി രുചികരമായ ഹൽവയും പലഹാരങ്ങളും ഉണ്ടാക്കിക്കൊടുക്കുന്ന സംരംഭം ഇരുവരും തുടങ്ങി. ബേക്കറികളോ ഇന്നത്തെപ്പോലെ പലഹാര വൈവിധ്യങ്ങളോ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഈ ഇരുവർ സംഘത്തിന്ന് പിടിപ്പത് പണിയായിരുന്നു.

കാലംപോകെ 1956ൽ കേരളം രൂപവത്​കരിക്കപ്പെട്ടപ്പോൾ വീടുകളിൽ പോയി ഹൽവ നിർമിച്ചുനൽകുന്ന രീതി മതിയാക്കി. ഇരുവരും ഹൽവ നിർമിച്ച് വിൽക്കാൻ തുടങ്ങി. ഇന്നത്തെ സെക്ര​േട്ടറിയറ്റായ അന്നത്തെ ഹജൂർ കച്ചേരി പടിക്കൽ പനമ്പിൽ ഭദ്രമായി കെട്ടിയ ഹൽവയുമായി ആഴ്ചയിലൊരിക്കൽ ഇവർ കച്ചവടത്തിനെത്തി. മൈതീൻകുഞ്ഞിെ​ൻറയും തമ്പിറാവുത്തറുടെയും വരവിനായി തിരുവനന്തപുരത്തെ ഇടപാടുകാർ കാത്തിരുന്ന കാലം. ഇരുവരും കരുനാഗപ്പള്ളിയിൽനിന്ന് വിവാഹം കഴിച്ചു. അവരുടെ മക്കളും ചെറുമക്കളും കടന്ന് ഇന്ന് നാലാം തലമുറയും ഹൽവ നിർമാണത്തിൽ വ്യാപൃതരായിരിക്കുന്നു. തലമുറകളിലൂടെ പകർന്നുകിട്ടിയ  കരുനാഗപ്പള്ളി ഹൽവ എന്ന പൈതൃക രുചിക്ക് പ്രത്യേകതകളേറെ. മലബാറിൽനിന്നുള്ള ഗൾഫ് നിവാസികൾ, തൃശൂർ മുതൽ തെക്കോട്ടുള്ള കൂട്ടുകാർ നാട്ടിൽ പോയി മടങ്ങുമ്പോൾ കുറച്ച് കരുനാഗപ്പള്ളി ഹൽവ കൊണ്ടുവരണേയെന്ന് ഓർമപ്പെടുത്തി വിടുന്നതിന് പിന്നിലെ േപ്രരണയും കാലാതിവർത്തിയായ ഈ പൈതൃക ബ്രാൻഡി​​െൻറ മധുരപ്പെരുമയാണ്.

കഥകൾ അതിമധുരം
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണല്ലോ പറഞ്ഞു പതംവന്ന ചൊല്ല്. കൊല്ലത്തെത്തിയാൽ വല നിറയെ മീനും മനം നിറയെ മധുരവും എന്നത് പുതിയ കാലത്തി​െൻറ മൊഴി. രണ്ടായാലും കൊല്ലത്ത് എത്തുന്നവരെ മടങ്ങിപ്പോകാതിരിക്കാൻ േപ്രരിപ്പിക്കും വിധം മധുരോദാരവും മനോഹരവുമാണ് വേണാട് ദേശത്തി​െൻറ ആതിഥ്യ മര്യാദ. അത്തരം ഒരു ഔന്നത്യത്തിലേക്ക് കൊല്ലത്തെ എത്തിച്ചതിൽ കരുനാഗപ്പള്ളിയിലെ മധുരപ്പുരകൾ വഹിച്ച പങ്ക് ചെറുതല്ല. 35 വർഷത്തിലധികമായി ഹൽവ നിർമാണ രംഗത്തുള്ള വ്യക്​തിയാണ്​ ഇബ്രാഹിംകുഞ്ഞ് എന്ന 60കാരൻ. അ​ദ്ദേഹം പങ്കുവെക്കുന്ന അനുഭവങ്ങളിൽ കരുനാഗപ്പള്ളിയിലെത്തി ഹൽവയുടെ മധുരം പ്രണയിച്ച് ഇവിടെ കൂടിയ നിരവധിപേർ കടന്നുവരുന്നു. ഹൽവ നിർമാണ സ്​ഥാപനങ്ങളിലെ തലതൊട്ടപ്പനാണ് ഇബ്രാഹിം കുഞ്ഞ്. ഓരോതരം ഹൽവയുടെ പാത്രപാകം മനഃപാഠം. കൂറ്റൻ വാർപ്പിലെ പുകച്ചുരുളുകൾക്കൊപ്പം ഒഴുകിപ്പടരുന്ന സുഗന്ധത്തിൽനിന്ന് ഹൽവയുടെ പാകം നിശ്ചയിക്കാൻ കഴിയുന്ന പരിചയ സമ്പന്നൻ.

halwa-workers
ഹൽവ നിർമാണ യൂനിറ്റിലെ തൊഴിലാളികൾ (ചിത്രം: സ്വപ്ന സേതുരാജ്)
 


തെക്കൻ കേരളത്തിലെ എണ്ണം പറഞ്ഞ കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് കരുനാഗപ്പള്ളി. മണ്ണിന് സ്വർണത്തെക്കാളും വിലയുള്ള നാട്. കടൽത്തീരത്തെ കരിമണലായാലും ദേശീയപാതയുടെ പരിസരത്തെ ഭൂമിയായാലും കരുനാഗപ്പള്ളിയിലെ മണ്ണിന് മോഹവിലയാണ്.  ഇവിടെയൊരു സംരംഭം എന്നത് മുൻനിര ബിസിനസുകാരുടെ ഇഷ്​ടവും. ഇങ്ങനെയൊരു ഇഷ്​ടം കൂടാൻ അവരെ േപ്രരിപ്പിച്ച് നിർത്തുന്നത് കരുനാഗപ്പള്ളിയുടെ കലർപ്പില്ലാത്ത സ്​നേഹവും ഹൽവയുടെ മനം മയക്കുന്ന മധുരവുമാണ്. പ്രമേഹം കാരണം മാസങ്ങളോളം നീളുന്ന മധുര വിരോധത്തിന് കരുനാഗപ്പള്ളിയിലെ ശാഖാ സന്ദർശനത്തിന് എത്തുമ്പോൾ ചെറുചൂടുള്ള ഹൽവ കഴിച്ച് ശമനമാക്കുന്ന മധുരക്കൊതിയ​​െൻറ പേര് ഇവിടെ പറഞ്ഞാൽ വീട്ടിൽ കലഹമാകും; മധുരത്തിലേക്ക് നോക്കുകകൂടി ചെയ്യരുതെന്ന ഡോക്ടറുടെ വിധിവിലക്കുകൾ മറികടന്നതിന്.

ഹൽവ ദേശം
കൊല്ലം ജില്ലയുടെ വടക്കേയറ്റത്തെ പട്ടണമായ കരുനാഗപ്പള്ളി പലവിധ വ്യാപാരങ്ങൾക്ക് പുകൾപ്പെറ്റ ഇടമാണ്. എന്തും വിറ്റഴിക്കാൻ കഴിയുന്നൊരു ഇടമായാണ് വ്യാപാരികൾ കരുനാഗപ്പള്ളിയെ കാണുന്നത്. കരുനാഗപ്പള്ളിക്കാരാകട്ടെ ലോകത്തിനു മുന്നിൽ വിൽക്കാൻ ​െവക്കുന്നത് മധുര വൈവിധ്യങ്ങളുടെ രസക്കൂട്ട് നിറഞ്ഞ ഹൽവയാണ്. കരുനാഗപ്പള്ളി ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ പടിഞ്ഞാറോട്ട് പോയാൽ കടലാണ്. തെക്കും വടക്കും കിഴക്കും നാല് കിലോമീറ്റർ ചുറ്റളവിനുള്ളിൽ 70ൽ അധികം ഹൽവ നിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. ദിവസേന ഒരു ക്വിൻറൽ മുതൽ എട്ടു ക്വിൻറൽ വരെ ഉൽപാദിപ്പിക്കുന്ന ഇടങ്ങളാണിവ. വാർപ്പിൽനിന്ന് കോരി ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും ഹൽവ വിതരണത്തിന് പാകമാകും.  ഓരോ പുലരിയിലും കരുനാഗപ്പള്ളിയിൽനിന്ന് നാഗർകോവിൽ മുതൽ തൃശൂർ വരെയുള്ള വിവിധ സ്​ഥലങ്ങളിലേക്ക് കയറ്റിഅയക്കുന്നത് ഏതാണ്ട് 30,000 കിലോ ഹൽവയാണ്. കേരളത്തിലെ മുന്തിയ ബേക്കറികളിലെല്ലാം കരുനാഗപ്പള്ളി ഹൽവ ലഭ്യമാണ്. നിർമാണ രീതിയിലെ മൗലികതയും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും കരുനാഗപ്പള്ളി ഹൽവയെ വേറിട്ടതാക്കുന്നു.  

രുചി വൈവിധ്യം; ആരോഗ്യപാഠങ്ങളും
ഒട്ടേറെ സവിശേഷതകളിലൂടെയാണ് ഹൽവ നിർമാണം കടന്നുപോകുന്നത്. വിറകടുപ്പിൽ ​െവച്ച വാർപ്പിനുള്ളിലാണ് ഹൽവ പാകം ചെയ്യുന്നത്. വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്. പാമോയിലിന്​ ഒരിടത്തും പ്രവേശനമില്ല. ബ്രാൻഡഡ് നെയ്യ് ഏതാണ്ട് എല്ലാ ഹൽവ നിർമാണശാലയിലെയും പതിവുകാഴ്​ചയാണ്.  ശർക്കരയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.  ‘‘ഒരുതരം എസെൻസും കരുനാഗപ്പള്ളി ഹൽവയിൽ ആരും ചേർക്കുന്നില്ല. ഏലക്ക, ജീരകം, ചുക്ക് എന്നിവയാണ് എസെൻസിന് പകരമായി ഉപയോഗിക്കുന്നത്. പ്രിസർവേറ്റിവുകളുടെ കാര്യവും വ്യത്യസ്​തമല്ല.  പഞ്ചസാരയെ ഏറക്കുറെ മുഴുവനായും ഒഴിവാക്കി നിർത്തിയിരിക്കുകയാണെന്ന് പറയാം. ‘‘വെള്ള നിറമുള്ള ഹൽവ നിർമിക്കാൻ പലയിടത്തും പഞ്ചസാരയാണ് ഉപയോഗിക്കുന്നതെങ്കിൽ കരുനാഗപ്പള്ളിയിൽ അത് ശർക്കരയും പശുവിൻ പാലും ചേർന്ന മിശ്രിതമാണ്.’’ കരുനാഗപ്പള്ളി ഹൽവയുടെ പ്രത്യേകതകൾ എണ്ണിയെണ്ണി പറയുകയാണ് വ്യവസായിയായ മൻസൂർ.

halwa-making
ഹൽവ നിർമാണം
 


രുചി വൈവിധ്യങ്ങളുടെ പരീക്ഷണശാലകൂടിയാണ് ഇന്നാട്ടിലെ ഹൽവ നിർമാണ യൂനിറ്റുകൾ. വിവിധ നിറങ്ങളിലുള്ള ഹൽവകൾക്ക് പുറമെ അരി ഹൽവ കാന്താരി ഹൽവ, എള്ള് ഹൽവ, പച്ചക്കറി ഹൽവ, ൈഡ്രഫ്രൂട്​സ്​​ ഹൽവ തുടങ്ങി 40ലധികം ഇനം ഹൽവ ഇവിടെനിന്ന് നമ്മുടെ രസമുകുളങ്ങ​െള തേടിയിറങ്ങുന്നു. മൈദയിലെ അപകടകാരിയായ ഗ്ലൂട്ടോൺ വേർപെടുത്താനുള്ള യന്ത്രസംവിധാനം പല യൂനിറ്റുകളിലുമുണ്ട്. മൈദമാവ് കലക്കിയിളക്കി ഗ്ലൂട്ടോൺ ഉൾപ്പെടുന്ന ഭാഗം വേർപെടുത്തിയ ശേഷമുള്ള തെളി മാത്രമാണ് ഹൽവ വാർപ്പിനുള്ളിൽ ഒഴിക്കുന്നത്. ഹൽവ നിർമാണശാലയുടെ ഉടമയായ നജീബ് പറയുന്നു. കൂട്ടുകളെല്ലാം ഉരുകിച്ചേർന്ന് ഹൽവയായി കഴിയുമ്പോൾ അതിൽനിന്ന് വെളിച്ചെണ്ണ ഈറിയിറങ്ങും.  ഈ വെളിച്ചെണ്ണ കരുനാഗപ്പള്ളിയിലെ ഒരു ഹൽവ നിർമാണശാലയും പുനരുപയോഗിക്കുന്നില്ല.

കരുനാഗപ്പള്ളിയിലെ ഹൽവ നിർമാണശാലകളിൽ നിന്നുള്ള ഉൽപന്നങ്ങളെല്ലാം പോകുന്നത് ഒരേ കമ്പോളത്തിലേക്കാണ്. നിരവധി ബ്രാൻഡുകൾ, രുചിയുടെ വൈവിധ്യങ്ങൾ, പരീക്ഷണങ്ങൾ ഇവയെല്ലാം ഒറ്റക്കമ്പോളത്തിൽ എത്തുമ്പോൾ ഉൽപാദകർ തമ്മിൽ കടുത്ത പകയും അനാരോഗ്യകരമായ മത്സരവും ഉണ്ടാവുക സ്വാഭാവികം. പക്ഷേ, കരുനാഗപ്പള്ളി ഹൽവയുടെ കാര്യത്തിൽ പകയില്ലാത്ത വിപണി മത്സരമാണ് നിലനിൽക്കുന്നത് എന്ന് പറയുന്നതാണ് ശരി.  നിർമാണം പഠിച്ചവരും ഒപ്പം നിന്നവരുമെല്ലാം പുതിയ യൂനിറ്റുകൾ തുടങ്ങി. ആരും പരസ്​പരം പക ​െവച്ചുപുലർത്തിയില്ല. മറിച്ച്, വേണ്ടുന്ന എല്ലാ സഹായങ്ങളും അങ്ങോട്ടുമിങ്ങോട്ടും ചെയ്തു. ഈ കൂട്ടായ്മയാണ് പ്രതിദിനം മൂന്ന് ലോഡ് മധുരം ഉൽപാദിപ്പിക്കുന്ന ചെറുപട്ടണം എന്ന നിലയിലേക്ക് കരുനാഗപ്പള്ളിയെ വളർത്തിയത്.

ഭായിമാരുടെ കരുത്ത്
ഹൽവ നിർമാണം സങ്കീർണമായൊരു പ്രക്രിയയാണ്. പാകം അൽപം തെറ്റിയാൽ ആ കൂട്ട് അപ്പാടെ കളയുകയല്ലാതെ പോംവഴിയില്ല. ഇടവേളകളില്ലാതെ ഇളക്കിയിളക്കിയാണ് ഇത് പരുവപ്പെടുത്തിയെടുക്കുന്നത്. കരുനാഗപ്പള്ളി ഹൽവക്ക്​ പിന്നിലെ കായികാധ്വാനം ഇന്ന് ഏതാണ്ട് പൂർണമായും മറുനാട്ടിൽ നിന്നെത്തിയവരുടേതാണ്. കൊൽക്കത്തക്കാരായ പ്രതാപ്റോയിയും മഖ്ബൂലും അസംകാരായ നയിമുദ്ദീനും രാജേന്ദറും മിസോറമിൽനിന്നുള്ള അഭിലാഷ് വാസവും രജനീഷുമെല്ലാം ജീവിതത്തിലാദ്യമായി ഹൽവ കാണുന്നതും രുചിക്കുന്നതും കരുനാഗപ്പള്ളിയിൽ എത്തിയ ശേഷമാണ്. പക്ഷേ, അവരുടെ വിരൽപ്പാടുകൾ പതിഞ്ഞ് ഓരോ രാത്രി പുലരുമ്പോഴും നമ്മെ തേടിയെത്തുന്നത് ഒരിക്കലും മതിവരാത്ത രുചിയുടെ സമൃദ്ധിയും.

‘‘കേരളത്തിൽ എത്തിയശേഷമാണ് ഹൽവ ആദ്യമായി കഴിക്കുന്നത്. ഇപ്പോൾ ഹൽവയുടെ നിർമാണത്തി​െൻറതന്നെ ഭാഗമാകാനായത് മഹാഭാഗ്യം.’’ ഹൽവ തിളക്കുന്ന വാർപ്പ് നിർത്താതെ ഇളക്കുന്നതിനിടയിൽ ബിഹാർ സ്വദേശിയായ രവീന്ദ്രൻ ഇത് പറയുമ്പോൾ, അത് കേട്ടിട്ടാവാം ഹൽവക്കൂട്ട് ആകെയൊന്ന് അർമാദിച്ച് ഇളകിമറിഞ്ഞു. കോഴിക്കോടൻ ഹൽവ നൂറ്റാണ്ടുകൾക്കുമുമ്പേ പുകൾപെറ്റതാണല്ലോ. ഒരു ശരാശരി മലയാളിക്ക് കാലങ്ങളോളം ഹൽവ എന്നാൽ കോഴിക്കോടൻ ഹൽവ ആയിരുന്നു. കോഴിക്കോടൻ ഹൽവ കമ്പോളത്തിൽ വരെ ഇന്ന് കരുനാഗപ്പള്ളി ഹൽവ വാങ്ങാൻ കിട്ടും. ആറൻമുള കണ്ണാടി, മറയൂർ ശർക്കര തുടങ്ങിയ നമ്മുടെ പൈതൃക ഉൽപന്നങ്ങൾപോലെ കരുനാഗപ്പള്ളി ഹൽവ എന്ന ബ്രാൻഡും പൈതൃക സ്വത്തായി പരിഗണിക്കപ്പെടേണ്ട ഒന്നായി മാറിക്കഴിഞ്ഞു. അത്രമേൽ പാരമ്പര്യവും വിശുദ്ധിയും സമർപ്പണവും ഇതി​െൻറ നിർമാണത്തിലുണ്ട്. 

Loading...
COMMENTS