പങ്കിടാം പ്രണയം എഴുതിയ കേക്കുകൾ

11:06 AM
14/02/2020
valentians-cake

വാലന്‍റെയ്ൻസ് ഡേ, പ്രണയിതാക്കൾ കാത്തിരുന്ന ദിനം. പരസ്പരം കൈമാറുന്ന സ്നേഹ സമ്മാനം എങ്ങിനെ വ്യത്യസ്തമാക്കാം എന്നതാണ് ആ ദിനത്തിൽ ഒരോ പ്രണയിതാവും ചിന്തിക്കുന്നത്. ഒരു കേക്കിനൊപ്പം ചേർത്ത് നൽകുന്ന സമ്മാനങ്ങൾ പ്രണയിതാക്കൾക്ക് എന്നും മധുരമൂറുന്ന ഒാർമകൾ സമ്മാനിക്കും. അവർക്ക് വേണ്ടി പ്രണയദിന കേക്കുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. രുചികരമായ റെഡ് വെൽവെറ്റ് കേക്ക്, സ്ട്രോബറി ചീസ് കേക്ക്, കോക്കനട്ട് മിൽക്ക് കേക്ക് എന്നീ മൂന്നുതരം കേക്കുകൾ രഹന ഖലീൽ പരിയപ്പെടുത്തുന്നു...

1. റെഡ് വെൽവെറ്റ് കേക്ക്

valentians-cake

ചേരുവകൾ:

കേക്കിന്

 • വെണ്ണ - 1/2 കപ്പ്
 • വാനില എസെൻസ് - 2 ടീസ്പൂൺ
 • ബട്ടർ മിൽക്ക് - 1 കപ്പ്
 • വിനാഗിരി - 1 ടീസ്പൂൺ
 • മുട്ട - 2
 • കൊക്കോ പൊടി - 3 ടീസ്പൂൺ
 • മൈദ - 2 1/2 കപ്പ്
 • പഞ്ചസാരപ്പൊടി- 1 1/2 കപ്പ്
 • റെഡ് ഫുഡ് കളറിങ് - 2 ടീസ്പൂൺ
 • ഉപ്പ് - ഒരു നുള്ള്
 • ബേക്കിങ് സോഡ - 1 ടീസ്പൂൺ
 • ക്രീം ചീസ് ഫ്രോസ്റ്റിങ്ങിനായി:
 • പൊടിച്ച പഞ്ചസാര - 1/2 കപ്പ്
 • ക്രീം ചീസ് - 1 കപ്പ്
 • വാനില എസെൻസ് - 1 ടീസ്പൂൺ
 • വിപ്പിങ് ക്രീം പൊടി - 4 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം: 

ഓവൻ 350°F വരെ ചൂടാക്കുക. വെണ്ണയും കൊക്കോപ്പൊടിയും മൂന്ന് കേക്ക് ടിന്നുകളിൽ പുരട്ടിവെക്കുക. ഒരു പാത്രത്തിൽ വെണ്ണ ഇട്ട് ക്രീം പരുവത്തിൽ ആവുന്നതുവരെ അടിക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ചെറിയ സ്പീഡിൽ അടിക്കുക. എന്നിട്ട് മുട്ടകൾ ഓരോന്നായി ചേർത്ത് അടിക്കുക. വാനില എസ്സെൻസ് ചേർത്ത് യോജിപ്പിക്കുക. ബട്ടർ മിൽക്കിൽ റെഡ് ഫുഡ് കളർ, വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് മാറ്റിവെക്കുക. 

പൊടികൾ എല്ലാം ഒരുമിച്ച് അരിച്ചെടുക്കുക. അടിച്ച് വെച്ച വെണ്ണ മിശ്രിതത്തിലേക്ക് പൊടികൾ കുറച്ച് കുറച്ചായി ചേർത്ത് നന്നായി ഇളക്കുക. തയ്യാറാക്കിയ ബട്ടർ മിൽക്ക് മിശ്രിതം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ കേക്ക് ടിന്നുകളിലേക്ക് ഈ ബാറ്റർ മാറ്റുക. 

അധികം വന്ന ബാറ്റർ കൊണ്ട് കപ്പ് കേക്ക് തയ്യാറാക്കാം. ഏകദേശം 30-35 മിനിറ്റ് ബേക്ക് ചെയ്യുക. കേക്ക് തണുക്കാൻ വെക്കുക. ഇതിനിടയിൽ 15 മിനിറ്റ് കപ്പ് കേക്ക് ബേക്ക് ചെയ്തെടുക്കാം. കേക്ക് ഒരു വയർ റാക്കിലേക്ക് ഇറക്കിവെച്ച് പഞ്ചസാര സിറപ്പ് ഒഴിച്ചു കൊടുക്കുക.

ക്രീം ചീസ് ഫ്രോസ്റ്റിങ്ങിനായി:

പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് ക്രീം ചീസ് നന്നായി അടിക്കുക. വിപ്പിങ് ക്രീം പൊടിയിൽ 1 ടീസ്പൂൺ പാൽ ഒഴിച്ച് കട്ടിയാവുന്നത് വരെ അടിക്കുക. ഇത് ക്രീം ചീസ് മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി അടിച്ച് മിക്സ് ചെയ്യുക. ഇത് പൈപ്പിങ് ബാഗിലേക്ക് മാറ്റുക. അതിന്‍റെ മുകൾഭാഗം മുറിച്ച് കേക്കിന്‍റെ മുഗളിൽ പൈപ്പ് ചെയ്യുക. 

തുടർന്ന് ഈ ഫ്രോസ്റ്റിങ് ഉപയോഗിച്ച് കേക്ക് മുഴുവൻ ഫ്രോസ്റ്റിങ് ചെയ്യുക. ഒരു ചീസ് ഗ്രേറ്റർ ഉപയോഗിച്ച് കപ്പ് കേക്ക് പൊടിക്കുക. ഈ പൊടി കേക്കിന് മുകളിൽ വിതറുക. നിങ്ങൾക്ക് താൽപര്യമുള്ള രീതിയിൽ അലങ്കരിക്കുക. ഫ്രോസ്റ്റിങ് പൂർണമായും സെറ്റാവുന്നത് വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

2. സ്ട്രോബറി ചീസ് കേക്ക്

valentians-cake

ചേരുവകൾ: 

 • സ്ട്രോബെറി ക്രഷ് -ഒരു കപ്പ്
 • ബിസ്കറ്റ് -100 ഗ്രാം
 • ക്രീം ചീസ് -250 ഗ്രാം                       
 • കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്‌ 
 • ഫ്രഷ് ക്രീം -1കപ്പ്
 • അണ്ടിപ്പരിപ്പ് പൊടിച്ചത്-1കപ്പ്

ഉണ്ടാക്കുന്ന വിധം: 

ബിസ്കറ്റ് നന്നായി പൊടിച്ച് അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് മിക്സ്‌ ചെയ്ത് കേക്ക് ടിന്നിലേക്ക് മാറ്റി നന്നായി പ്രസ്‌ ചെയ്ത് ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക. ഒരു ബൗളിൽ ചീസും ബാക്കി കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ഫ്രഷ് ക്രീം ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. 

ഈ മിശ്രിതം രണ്ടായി ഭാഗിച്ച് ഒന്നിൽ അണ്ടിപ്പരിപ്പ് പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റേതിൽ പകുതി സ്റ്റോബറി ക്രഷ് ചേർത്ത് നന്നായി യോജിപ്പിക്കുക. ബിസ്കറ്റ് സെറ്റ് ചെയ്തതിന് മുകളിൽ കശുവണ്ടി പരിപ്പ് മിക്സ് ചെയ്ത ക്രീം ചീസ് മികസ് ഒഴിച്ച് സെറ്റ് ചെയ്യാൻ െവക്കുക. ഇതിന് മുകളിലേക്ക് സ്റ്റോബറി ക്രഷ് ചേർത്ത ക്രിം ചീസ് മിക്സ് ഒഴിച്ച് വീണ്ടും ഫ്രീസറിൽ സെറ്റ് ചെയ്യാൻ വെക്കുക. സെറ്റ് ആയതിനു ശേഷം ബാക്കിയുള്ള സ്റ്റോബറി ക്രഷ് മുകളിൽ ഒഴിച്ച് രണ്ടു മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

3. കോക്കനട്ട് മിൽക്ക് കേക്ക്

valentians-cake

ചേരുവകൾ: 

 • മൈദ- ഒന്നര കപ്പ്
 • തേങ്ങ പാൽ- അര കപ്പ്
 • മുട്ട -രണ്ട്
 • തേങ്ങ ചിരവിയത്-ഒരു കപ്പ്
 • കൺഡൻസ്ഡ് മിൽക്ക് -മൂന്ന് ടേബിൾ. സ്പൂൺ
 • പാൽ പൊടി -രണ്ട് ടേബിൾ സ്പൂൺ
 • പഞ്ചസാര പൊടി -അര കപ്പ്
 • ബേക്കിങ് പൗഡർ -ഒരു ടീസ്പൂൺ
 • ബേക്കിങ് സോഡ -ഒരു ടീസ്പൂൺ
 • എണ്ണ -ഒരു ടേബിൾ സ്പൂൺ
 • ഉപ്പ് -ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം:

തേങ്ങ ചിരവിയത് നിറം മാറാതെ വറുത്ത് മാറ്റിവെക്കുക. മുട്ടയുടെ വെള്ള പകുതി പഞ്ചസാര ചേർത്ത് നന്നായി അടിച്ച് കട്ടിയാക്കി മാറ്റിവെക്കുക. മുട്ടയുടെ മഞ്ഞ ബാക്കി പഞ്ചസാര ചേർത്ത് നന്നായി ക്രീം പരുവത്തിൽ ആവും വരെ അടിക്കുക. ഇതിലേക്ക് തേങ്ങ പാൽ, എണ്ണ, കൺഡൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. 

പൊടികൾ എല്ലാം ഒന്നിച്ചു അരിച്ചെടുത്ത് ഇതിലേക്ക് കുറച്ചു കുറച്ചായി ചേർത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് മുട്ട വെള്ള അടിച്ചത് ചേർത്ത് നന്നായി ഇളക്കുക. ശേഷം തേങ്ങ വറുത്തതും ചേർത്ത് നന്നായി യോജിപ്പിക്കുക. ബട്ടർ പേപ്പർ വിരിച്ച കേക്ക് ടിന്നിൽ ഈ ബാറ്റർ ഒഴിച്ച് ചൂടായ പാനിന് മുകളിൽ കേക്ക് ടിൻ വെച്ച് ചെറിയ തീയിൽ 35, 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. സ്വാദിഷ്ടമായ കോക്കനട്ട് കേക്ക് തയ്യാർ. 

rahana-khaleel
തയാറാക്കിയത്: രഹന ഖലീൽ
 

 

Loading...
COMMENTS