സദ്യ ഉണ്ണാം...

12:42 PM
24/08/2018
vishu-sadya

സദ്യ എന്നു കേള്‍ക്കുമ്പോ തന്നെ മനസ്സു പാതി നിറയും... പിന്നെ നല്ലൊരു സദ്യ ഉണ്ണാന്‍ കൂടി കഴിഞ്ഞാലോ? ഇതാ മനമറിഞ്ഞ് സദ്യയൊരുക്കാന്‍ വിശദമായ കുറിപ്പുകള്‍...

1. പരിപ്പുകറി

സദ്യക്ക് ആദ്യമായി വിളമ്പുന്ന വിഭവം പരിപ്പും നെയ്യുമാണ്. ആദ്യം പുളിയില്ലാത്ത വിഭവമായ ഇത് കഴിച്ചതിനുശേഷമേ സദ്യ ഉണ്ണാന്‍ തുടങ്ങാവൂ. അല്‍പം ചോറില്‍ വേണമെങ്കില്‍ പപ്പടവും ചേര്‍ത്തു കുഴച്ചോ, പഴവും കൂട്ടികൂട്ടികുഴച്ചോ കഴിക്കുകയാണ് പതിവ്. ഈ പരിപ്പുകറിയില്‍ കൂടുതല്‍ എരിവ് ഉപയോഗിക്കാറില്ല.

ആവശ്യമുള്ള ചേരുവകള്‍:
1. പരിപ്പ് -അര കപ്പ്
2. പച്ചമുളക് നടുകീറിയത് -2-3 എണ്ണം
3. ഉപ്പ് -ആവശ്യത്തിന്
4. വെളിച്ചെണ്ണ -അല്‍പം

പാകം ചെയ്യുന്ന വിധം:
എല്ലാംകൂടി ഒന്നായി നന്നായി വെന്തുകഴിഞ്ഞാല്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായിളക്കി ഇറക്കിവെക്കാം.

2. ഓലന്‍

ചേരുവകള്‍:
1. വന്‍പയര്‍ ഉപ്പിട്ടുമയത്തില്‍ വേവിച്ചെടുത്തത് -3/4 കപ്പ്
2. മത്തങ്ങ കനംകുറഞ്ഞ ചതുരക്കഷണങ്ങളാക്കി മുറിച്ചത് -3/4 കപ്പ്
3. കുമ്പളങ്ങ ചതുരക്കഷണങ്ങളാക്കി മുറിച്ചത് -3/4
4. വെള്ളരിക്ക ചതുരക്കഷണങ്ങളാക്കി മുറിച്ചത് -3/4
5. പച്ചമുളക് നീളത്തിലരിഞ്ഞത് -3-4 എണ്ണം
6. ഉപ്പ് -ആവശ്യത്തിന്
7. നല്ല കട്ടിയുള്ള തേങ്ങാപാല്‍ -1 കപ്പ്
8. കറിവേപ്പില -2-3 തണ്ട്
9. വെളിച്ചെണ്ണ -1-2 ടേ.സ്പൂണ്‍

പാകപ്പെടുത്തുന്നവിധം:
(2) മുതല്‍ (6)  വരെ ചേരുവകള്‍ നന്നായി വേവിച്ചു ഉപ്പും വേവിച്ചുവെച്ച പയറും ഒന്നായി ചേര്‍ത്ത് ഇളക്കി ഒന്നു തിളച്ചുയോജിച്ചതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. നന്നായി ചൂടായി തിളങ്ങുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പില തെരടിയതും ചേര്‍ത്തിളക്കി ഇറക്കിവെക്കാം. ഓലന്‍ തയാര്‍. സദ്യക്കിടയില്‍ ഇടക്കിടെ കുറേശ്ശെ ഒഴിച്ചാല്‍ അതിനു തൊട്ടുമുമ്പു കഴിച്ച കറിയുടെ രുചി നാവില്‍നിന്ന് മാറി അടുത്ത കറിയുടെ രുചി അറിയാന്‍ പറ്റും. സദ്യക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വെളുത്ത ഒരു കറിയാണിത്. രുചികരവും.

3. പയര്‍, കാരറ്റ് മെഴുക്കു പുരട്ടി

ചേരുവകള്‍:
1. നല്ലയിനം ഒടിപ്പയര്‍ കിട്ടുകയാണെങ്കില്‍ അല്ലെങ്കില്‍ തോട്ടപ്പയര്‍.  (3/4 ഇഞ്ച് വലുപ്പത്തിലുള്ള കഷണങ്ങള്‍). -ഒന്നര കപ്പ്
2. പച്ചമുളക് നീളത്തിലരിഞ്ഞത് -3-4 എണ്ണം
3. മഞ്ഞള്‍പൊടി -1/4 ടിസ്പൂണ്‍
4. ഉപ്പ് -ആവശ്യത്തിന്
5. വെളിച്ചെണ്ണ -2 ടേ. സ്പൂണ്‍
6. കാരറ്റ് ചെറുതായരിഞ്ഞത് -1/2 കപ്പ്
7. കടുക് -1/2 ടിസ്പൂണ്‍
8. ചുവന്ന മുളക് കഷ്ണങ്ങളാക്കിയത് -2-3 എണ്ണം
9. കറിവേപ്പില -കുറച്ച്

പാകം ചെയ്യുന്നവിധം:
ഒരു ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുചൂടാക്കുമ്പോള്‍ കടുക് പൊട്ടിച്ച് മുളകും കറിവേപ്പിലയും മൂപ്പിച്ച് പയര്‍ ഇട്ടുകൊടുത്ത് മഞ്ഞള്‍പൊടിയും ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് കാരറ്റും ഉപ്പും ചേര്‍ത്ത് കുച്ച് വെള്ളം കുടഞ്ഞിളക്കി അടച്ചു ചെറുചൂടില്‍ വേവിക്കണം. അടിയില്‍ പിടിക്കാതെ നോക്കണം. വെന്തുകഴിഞ്ഞാല്‍ ബാക്കി വെളിച്ചെണ്ണ കൂടിച്ചേര്‍ത്ത് വഴറ്റി ഉലത്തിയെടുക്കണം.  ഓണസദ്യയില്‍ പയര്‍ മെഴക്കുപുരട്ടി ഒരു പ്രധാന വിഭവമാണ്.

4. കാബേജ് തോരന്‍

ചേരുവകള്‍:

1. കാബേജ് പൊടിയായരിഞ്ഞുവെച്ചത് -ഒന്നര കപ്പ്
2. മഞ്ഞള്‍പൊടി -1/4 ടിസ്പൂണ്‍
3. വെളിച്ചെണ്ണ -2 ടേ. സ്പൂണ്‍
4. കടുക് -1/2 ടിസ്പൂണ്‍
5. മുളക് -2-3 എണ്ണം നുറുക്കിയത്
6. കറിവേപ്പില -കുറച്ച്
7. തേങ്ങചിരകിയത് -1 കപ്പ്
8. ജീരകം -1/2 ടിസ്പൂണ്‍
9. പച്ചമുളക് -2 എണ്ണം
10. ചുവന്നുള്ളി -3-4 ചുള
11. വെള്ളുത്തുള്ളി -2-3 അല്ലി
12. ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്നവിധം:
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് മുളകും കറിവേപ്പിലയും മൂപ്പിച്ച് കാബേജ് ചേര്‍ത്ത് വഴറ്റണം. അല്ലം വെള്ളം ചേര്‍ത്തിളക്കി ചെറിയ ചൂടില്‍ അടച്ചു വെന്തു വരുമ്പോഴേക്കും (7) മുതല്‍ (11) ചേരുവകള്‍ ചതച്ചെടുത്ത് കാബേജ് കൂട്ടില്‍ ചേര്‍ത്തിളക്കണം. ഉപ്പും ചേര്‍ക്കാം. എല്ലാം യോജിച്ചു വെന്തു പാകമായാല്‍ അല്‍പം വെളിച്ചെണ്ണ കൂടി ഒഴിച്ചിളക്കി നന്നായി ഉലര്‍ത്തി ഇറക്കിവെക്കാം.

5. മാങ്ങാപ്പച്ചടി

ചേരുവകള്‍:

1. പച്ചമാങ്ങ കൊത്തിയരിഞ്ഞ് -1 കപ്പ്
2. കടുക് -1/2 ടിസ്പൂണ്‍
3. ഉലുവ -1/4 ടിസ്പൂണ്‍
4. ചുവന്ന മുളക് -2 എണ്ണം നുറുക്കിയത്
5. കറിവേപ്പില -6-7 ഇല
6. ഉപ്പ് -ആവശ്യത്തിന്
7. വെളിച്ചെണ്ണ  -ആവശ്യത്തിന്
8. തേങ്ങ ചിരകിയത് -ഒരു മുറിയുടേത്
9. ഇഞ്ചി: 3/4 ഇഞ്ച് കഷണം
10. പച്ചമുളക് -4 എണ്ണം
11. കടുക് -1/2 ടിസ്പൂണ്‍
12. തൈര് -1 കപ്പ്

പാകം ചെയ്യുന്നവിധം:
കുറച്ചു വെളിച്ചെണ്ണയില്‍ (2) മുതല്‍ (5) ചേരുവകള്‍ മൂപ്പിച്ച് മാങ്ങ ചേര്‍ത്ത് വഴറ്റണം. ഉപ്പുചേര്‍ക്കാം. (8) മുതല്‍ (11) വരെ ചേരുവകള്‍ അരച്ചെടുക്കണം. തേങ്ങ നന്നായരഞ്ഞതിനുശേഷം ബാക്കിയുള്ളവ ചതച്ചെടുക്കുന്നതാണ് നല്ലത്. വഴറ്റിവെച്ചതിലേക്ക് അരച്ച തേങ്ങാക്കൂട്ടും തൈരുടച്ചതും ചേര്‍ത്തിളക്കി തിള വരുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കിവെക്കാം. രുചികരമായ മാങ്ങാപച്ചടി തയാര്‍.

6. വിലുമ്പിപ്പുളി പുളിഞ്ചി

ചേരുവകള്‍:

1. വിലുമ്പിപ്പുളി ചെറുതായരിഞ്ഞത് -3/4 കപ്പ്
2. ഇഞ്ചി -ചെറുതായരിഞ്ഞത് -1 ടേ. സ്പൂണ്‍
3. പച്ചമുളക് ചെറുതായരിഞ്ഞത് -1 ടേ. സ്പൂണ്‍
4. ചുവന്നുള്ളി ചെറുതായരിഞ്ഞത് -1. ടേ. സ്പൂണ്‍
5. വെളുത്തുള്ളി ചെറുതായരിഞ്ഞത് -1 ടേ. സ്പൂണ്‍
6. കറിവേപ്പില ചെറുതായരിഞ്ഞത് -1. ടേ. സ്പൂണ്‍
7. വെളിച്ചെണ്ണ -ആവശ്യാനുസരണം
8. മഞ്ഞള്‍പൊടി -1/4 ടിസ്പൂണ്‍
9. മുളകുപൊടി -1/4 ടിസ്പൂണ്‍
10. പുളി കുറുകെ പിഴിഞ്ഞത് -3/4 കപ്പ്
11. ശര്‍ക്കര -2 വലിയ അച്ച്
12. ഉലുവ, ജീരകം, പച്ചരി, എള്ള് വറുത്തുപൊടിച്ചത് (പുളിഞ്ചിപൊടി) -1. ടേ. സ്പൂണ്‍
13. ഉപ്പ് -ആവശ്യത്തിന്
14. കടുക് -1/2 ടിസ്പൂണ്‍
15. ഉലുവ -1/4 ടിസ്പൂണ്‍
16. ചുവന്ന മുളക് -2 എണ്ണം നുറുക്കിയത്
17. കറിവേപ്പില -6-7ഇല

പാകം ചെയ്യുന്നവിധം:
അല്‍പം വെളിച്ചെണ്ണയില്‍ (2) മുതല്‍ (6) വരെ ചേരുവകള്‍ വഴറ്റിയതിലേക്ക് വിലുമ്പിപ്പുളി ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റണം. ഇതിലേക്ക് (8) ഉം (9) ചേരുവകള്‍ ചേര്‍ത്തിളക്കി പുളിവെള്ളവും ശര്‍ക്കരയും ചേര്‍ക്കണം. (12) ഉം (13) ചേരുവകള്‍ ചേര്‍ത്തിളക്കി കുറുക്കിത്തുടങ്ങുമ്പോള്‍ ഇറക്കിവെക്കണം. കുറച്ചു വെളിച്ചെണ്ണയില്‍ (14) മുതല്‍ (15) ചേരുവകള്‍ മൂപ്പിച്ചുചേര്‍ക്കണം. വിലുമ്പിപ്പുളി പുളിഞ്ചി റെഡി.

NB: 1. വെണ്ടക്ക, വഴുതിന, പാവക്ക തുടങ്ങിയവ കൊണ്ടും ഇതേ പുളിഞ്ചി ഉണ്ടാക്കാവുന്നതാണ്.
2. പുളീഞ്ചിപ്പൊടി കുറച്ചധികം ഉണ്ടാക്കി ബാക്കി പാത്രത്തിലാക്കി ഫ്രിഡ്ജില്‍വെച്ച് ആവശ്യാനുസരണം  എടുക്കാവുന്നതാണ്.

7. വെളുത്തുള്ളി അച്ചാര്‍

ചേരുവകള്‍:

1. വെളുത്തുള്ളി തൊലി കളഞ്ഞത് - രണ്ട് കപ്പ്

2. നല്ലെണ്ണ - ഒരു കപ്പ്
3. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍
4. നല്ലെണ്ണയില്‍ മൂപ്പിച്ചു പൊടിച്ച ഉലുവപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
5. നല്ലെണ്ണയില്‍ മൂപ്പിച്ചു പൊടിച്ച കായപൊടി - 1 ടീസ്പൂണ്‍
6. കടുക് പരിപ്പെടുത്തത് - 1 ടേബിള്‍ സ്പൂണ്‍
7. മുളകുപൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
8. ചെറുനാരങ്ങ നീര് - രണ്ട് ടേബിള്‍ സ്പൂണ്‍
9. നൂറ് കളഞ്ഞ ഇഞ്ചിനീര് - രണ്ട് ടേബിള്‍ സ്പൂണ്‍
10. സുര്‍ക്ക - അരകപ്പ്
11. ഉപ്പ് - ആവശ്യത്തിന്
12. പഞ്ചസാര - ഒരു ടീസ്പൂണ്‍

പാകംചെയ്യുന്ന വിധം:
നല്ലെണ്ണയില്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റണം. നാല് മുതല്‍ ഏഴ് ചേരുവകള്‍ ചേര്‍ത്തിളക്കണം. ആവിയില്‍ വെച്ച് വാട്ടിയെടുത്ത വെളുത്തുള്ളി ഇതിലേക്ക് ചേര്‍ത്ത് കുറച്ചു നേരം വഴറ്റണം. വഴന്ന വെളുത്തുള്ളി കൂട്ടിലേക്ക് എട്ട് മുതല്‍ 11വരെ ചേരുവകള്‍ ചേര്‍ത്തിളക്കി തിള തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇറക്കി വെക്കണം. നന്നായി ആറിക്കഴിഞ്ഞാല്‍ ഉണക്കിവെച്ച കുപ്പിയിലേക്കോ ഭരണിയിലേക്കോ ഒഴിച്ച് അടച്ചു വെക്കുക. പോഷകപ്രദവും ആരോഗ്യപ്രദവും രുചികരവുമായ വെളുത്തുള്ളി അച്ചാര്‍ റെഡി.

8. അവിയല്‍ നാടന്‍ രീതിയില്‍

ചേരുവകള്‍:

1. ചേന - 100 ഗ്രാം
2. പടവലങ്ങ - 100 ഗ്രാം
3. വെള്ളരിക്ക - 100 ഗ്രാം
4. കാരറ്റ്, പച്ചക്കായ - ഒരെണ്ണം വീതം
5. ഉരുളക്കിഴങ്ങ് - ഒരു ഇടത്തരം
6. ബീന്‍സ് - 2-3 എണ്ണം
7. മുരിങ്ങക്കായ - 100 ഗ്രാം
8. പച്ചപ്പയര്‍ - 4-5 എണ്ണം
9. പച്ചമാങ്ങ - ഒന്നിന്‍െറ പകുതി
10. പച്ചമുളക് - 6-7 എണ്ണം
11. മഞ്ഞള്‍പൊടി - കാല്‍ കപ്പ്
12. കൈപ്പക്ക - ഒരു കഷണം
13. തേങ്ങ ചിരകിയത് - ഒന്നര ക്ളബ്
14. ജീരകം - കാല്‍ ടീസ്പൂണ്‍
15. തൈര് (ഇടത്തരം പുളിയുള്ളത്) - ഒന്നര കപ്പ്
16. കറിവേപ്പില - ഒരുപിടി
17. പച്ചവെളിച്ചെണ്ണ - 3-4 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:
ഒന്നു മുതല്‍ ആറ് വരെയുള്ള പച്ചക്കറികള്‍ തൊലിയും കുരുവും നീക്കാനുള്ള നീക്കി വൃത്തിയാക്കി ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞ് പച്ച മുളകരിഞ്ഞതും ഒരുനുള്ള് മഞ്ഞള്‍പൊടിയും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ചിളക്കി ഒരു കപ്പ് വെള്ളമൊഴിച്ച് നോണ്‍ സ്റ്റിക്ക് കഠായിയില്‍ വെച്ച് അടച്ചു നന്നായി തിളച്ചു ഒന്നു വേവിക്കണം. ഇതോടൊപ്പം കുറച്ചു കറിവേപ്പിലയും ഞരടിച്ചേര്‍ക്കണം. കഷണങ്ങള്‍ക്ക് കറിവേപ്പിലയുടെയും വെളിച്ചെണ്ണയുടേയും രുചി പിടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് മുരിങ്ങാക്കായയും പച്ചപ്പയറും ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞ് ചേര്‍ക്കണം. വീണ്ടും തിളച്ചു തുടങ്ങുമ്പോള്‍ മാങ്ങാക്കഷണങ്ങള്‍ ഒരു വശത്തും കയ്പക്കാ ഒന്നര ഇഞ്ച് നീളത്തിലരിഞ്ഞത് മറ്റൊരു വശത്തും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വേവിക്കണം. വെള്ളം, വേവാന്‍ ആവശ്യമെങ്കില്‍ മാത്രം അല്‍പം ഒഴിച്ചു കൊടുക്കണം. എല്ലാം വെന്തു മയം വന്നു കഴിയുമ്പോഴേക്കും 13ഉം 14 ചേരുവകള്‍ പകുതി അരവാകുന്നതുപോലെ മിക്സിയില്‍ ചതച്ചെടുക്കണം. കൂടുതല്‍ അരയരുത്. തൈരും കൂടി ഒഴിച്ച് ഒന്നുകൂടി ചെറുതായി അരച്ച് പച്ചക്കറിക്കൂട്ടില്‍ ഒഴിക്കണം. എല്ലാം കൂടി ഇളക്കിയോജിപ്പിച്ചു ഒന്നു രണ്ടു തിള വന്നു കഴിഞ്ഞാല്‍ ബാക്കിയുള്ള കറിവേപ്പില ഞരടിയതും വെളിച്ചെണ്ണയും ഒഴിച്ചിളക്കി ഇറക്കി വെക്കാം. വളരെ രുചികരമായ നാടന്‍ അവിയല്‍ റെഡി. കറിവേപ്പിലയും കാന്താരിയും അടുക്കളത്തോട്ടത്തില്‍നിന്ന് എടുത്താല്‍ കൂടുതല്‍ രുചിയാകും. കിട്ടുന്നത്രയും ജൈവവളം ചെയ്ത പച്ചക്കറികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കൂ. രുചി ഇരട്ടിയാകും.

9. നാടന്‍ കൂട്ടുകറി

ചേരുവകള്‍:
1. ചെറിയ ഇനം  കടല - ഒരു കപ്പ് (കുതിര്‍ത്തുവെക്കണം)
2. മുളകുപൊടി - ഒരു ടീസ്പൂണ്‍
3. പച്ചമുളക് - മൂന്നെണ്ണം നീളത്തില്‍ കീറിയത്
4. ചേന തൊലി കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കിയത് - രണ്ട് കപ്പ്
5. വിളഞ്ഞ നേന്ത്രക്കായ തൊലികളഞ്ഞ് ചതുരക്കഷണങ്ങളാക്കിയത് - ഒന്നര കപ്പ്
6. ഇളവന്‍ അരിഞ്ഞത് - ഒരു കപ്പ്
7. തേങ്ങ ചിരവിയത് - ഒരു കപ്പ്
8. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
9. ജീരകം - അര ടീസ്പൂണ്‍
10. കറിവേപ്പില - 8-10 ഇല
11. ചുവന്നുള്ളി - 4-5 ചുള
12. വെളിച്ചെണ്ണ - ആവശ്യത്തിന്
13. ഉപ്പ് - ആവശ്യത്തിന്
14. കടുക് - അര ടീസ്പൂണ്‍
15. ചുവന്ന മുളക് - 2-3 എണ്ണം നുറുക്കിയത്
16. കറിവേപ്പില - കുറച്ച്
17. തേങ്ങാക്കൊത്ത് (വിളഞ്ഞ തേക്കു ചെറുതായരിഞ്ഞത്) - ഒരു കപ്പ്
18. കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
19. ജീരകപൊടി - കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:
കടല മുളകുപൊടിയും പച്ചമുളകും ചേര്‍ത്ത് കുക്കറില്‍ നന്നാലയ വേവിച്ചെടുക്കണം. ചേന, നേന്ത്രക്കായ, ഇളവന്‍ എന്നിവയും ഉപ്പും ചേര്‍ത്ത് വീണ്ടും വേവിക്കണം. കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഏഴ് മുതല്‍ 11 ചേരുവകള്‍ ചുവക്കെ വറുത്തു കോരി അരച്ചെടുത്ത് കടലക്കൂട്ടിലേക്കൊഴിക്കണം. ഒരു കപ്പ് വെള്ളം ഒളിച്ച് തിളച്ച് വറ്റി യോജിച്ചാല്‍ ഉപ്പുചേര്‍ത്തിളക്കണം. കുറച്ചു വെളിച്ചെണ്ണയില്‍ 14 മുതല്‍ 17 ചേരുവകള്‍ ചുവക്കെ മൂപ്പിച്ച് കൂട്ടുകറിയിലേക്കൊഴിക്കണം. കുരുമുളകുപൊടിയും ജീരകപൊടിയും ചേര്‍ത്തിളക്കണം. വറുത്തരച്ചുവെച്ച നാടന്‍ കൂട്ടുകറി തയാര്‍. ഈ കറി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും, തീര്‍ച്ച.


10. കൂര്‍ക്കല്‍ പച്ചക്കായ എരിശ്ശേരി

ചേരുവകള്‍:


1. പരിപ്പ് - അരക്കപ്പ്

2. കൂര്‍ക്കല്‍ നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
3. പച്ചക്കായ നാലായി മുറിച്ചത് - അര കപ്പ്
4. പച്ചമുളക് (രണ്ടായി കീറിയത്) - നാലെണ്ണം
5. മുളകുപൊടി - ഒരു ടീസ്പൂണ്‍
6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
7. തേങ്ങ ചിരകിയത് - ഒരു വലിയമുറി
8. ജീരകം - അര ടീസ്പൂണ്‍
9. ചുവന്നുള്ളി - രണ്ട് ചുള
10. കറിവേപ്പില - രണ്ട് തണ്ട്
11. വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
12. കടുക് - അര ടീസ്പൂണ്‍
13. ചുവന്ന മുളക് (കഷണിച്ചത്) - 3-4 എണ്ണം
14. കറിവേപ്പില - 5-6 ഇല
15. തേങ്ങ ചിരകിയത് - ഒരുകപ്പ്
16. ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
ഒന്നു മുതല്‍ അഞ്ച് വരെ ചേരുവകള്‍ കുറച്ചു വെള്ളമൊഴിച്ച് കുക്കറില്‍ വെച്ച് വേവിച്ചെടുക്കണം. ആറ് മുതല്‍ ഒമ്പത് വരെ  ചേരുവകള്‍ അരച്ച് ഇതിലേക്ക് ചേര്‍ത്തിളക്കി ആവശ്യാനുസരണം വെള്ളമൊഴിച്ചിളക്കി നന്നായി തിളച്ച് കഴിഞ്ഞാല്‍ ഉപ്പും കറിവേപ്പില കൈകൊണ്ട് ഞരടി ചേര്‍ത്തും കറി ഇറക്കിവെക്കാം. വെളിച്ചെണ്ണയില്‍ കടുകു മുതല്‍ കറിവേപ്പില വരെ മൂപ്പിച്ചതിലേക്ക് ചിരകിയ തേങ്ങയും കൂടി ചേര്‍ത്ത് ചുവക്കെ മൂപ്പിച്ച് കറിയിലേക്കൊഴിച്ചു ഇളക്കിവെക്കാം. കൂര്‍ക്ക പച്ചക്കായ എരിശ്ശേരി തയാറായി.

11. സാമ്പാര്‍

ചേരുവകള്‍:

1. തുവരപ്പരിപ്പ് - കാല്‍ കപ്പ്
2. പച്ചമുളക് നീളത്തിലരിഞ്ഞത് - 2-3 എണ്ണം
3. സവാള - ഒരു വലുത്
4. ചുവന്നുള്ളി - ഒരു ടേബിള്‍ സ്പൂണ്‍
5. തക്കാളി അരിഞ്ഞത് - അര കപ്പ്
6. ഉപ്പ് - ആവശ്യത്തിന്
7. ഉരുളക്കിഴങ്ങ് - രണ്ട് വലുത് നീളത്തില്‍ മുറിച്ചത്
8. വെണ്ടക്ക നീളത്തില്‍ മുറിച്ചത് - 8-10 കഷണം
9. വഴുതന - 7-8 കഷണം
10. പച്ചക്കായ - 7-8 കഷണം
11. കാരറ്റ് - 5-6 കഷണം
12. ബീന്‍സ് - 5-6 കഷണം
13. കയ്പക്ക - 5-6 കഷണം
14. പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ (പിഴിഞ്ഞുവെക്കണം)
15. തേങ്ങ ചിരകിയത് - ഒരു കപ്പ്
16. ഉലുവ - കാല്‍ ടീസ്പൂണ്‍
17. കടലപ്പരിപ്പ് - ഒരു ടീസ്പൂണ്‍
18. കായം - ഒരു കഷണം
19. മല്ലിപ്പൊടി - ഒന്നര ടേബിള്‍ ടീസ്പൂണ്‍
20. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
21. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
22. വെളിച്ചെണ്ണ - ആവശ്യത്തിന്
23. കടുക് - അര ടീസ്പൂണ്‍
24. ഉലുവ - കാല്‍ ടീസ്പൂണ്‍
25. ചുവന്ന മുളക് - രണ്ടെണ്ണം നുറുക്കിയത്
26. കറിവേപ്പില - കുറച്ച്
27. മല്ലിയില - കുറച്ചധികം

പാകം ചെയ്യുന്ന വിധം:
ഒന്നു മുതല്‍ ഏഴ് വരെ കുക്കറില്‍ ഒന്നു രണ്ടു വിസില്‍ വരുന്നതു വരെ വേവിക്കണം. അപ്പോഴേക്കും അല്‍പം വെളിച്ചെണ്ണയില്‍ എട്ട് മുതല്‍ 13 വരെ ചേരുവകള്‍ കുറച്ചു നേരം പഴറ്റിയെടുക്കണം. ആവി കളഞ്ഞ് പരിപ്പു കൂട്ടിലേക്ക് ഇവ കൂടി ചേര്‍ക്കണം. കഷണങ്ങള്‍ വെന്തടിഞ്ഞു പോകരുത്. ഇതിലേക്ക് പുളി ഒഴിക്കണം. വെട്ടിത്തിളക്കണം. കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു 15 മുതല്‍ 18 വരെ ചുവക്കെ വറുത്ത് തീ ഓഫാക്കി 19 മുതല്‍ 21 വരെ ചേരുവകള്‍ ചേര്‍ത്തിളക്കണം. നന്നായി അരച്ചെടുത്ത് കറിയിലേക്ക് കലക്കി ഒഴിക്കണം. ഗ്രേവിക്ക് ആവശ്യമായ വെള്ളവും ഉപ്പും പാകമാക്കി കറി വേപ്പിലയും മല്ലയിലയും ഇട്ടിളക്കി വെക്കണം. തിളച്ചാല്‍ കുറച്ചു വെളിച്ചെണ്ണയില്‍ 23 മുതല്‍ 25 വരെ ചേരുവകളും അഞ്ചാറില കറിവേപ്പിലയും താളിച്ചൊഴുക്കണം. ഒന്നാംതരം സാമ്പാര്‍ റെഡി.

12. മാമ്പഴവും നേന്ത്രപ്പഴവും കൊണ്ട് പുളിശ്ശേരി

ചേരുവകള്‍:
1. പഴുത്ത നല്ല മാമ്പഴം (തൊലി കളഞ്ഞു കുറച്ചു വലിയ കഷണങ്ങളായി മുറിച്ചു വെക്കണം) - ഒന്നു വലുത്
2. നേന്ത്രപ്പഴം (തൊലികളഞ്ഞു നെടുകെ മുറിച്ച് ഒരിഞ്ചു കഷണങ്ങളാക്കി മുറിക്കണം) - ഒന്ന് വലുത്
3. പച്ചമുളക് നീളത്തിലരിഞ്ഞത് - മൂന്ന് എണ്ണം
4. ഇഞ്ചി ചെറുതായരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
5. മുളകുപൊടി - ഒരു ടീസ്പൂണ്‍
6. ഉപ്പ് - ആവശ്യത്തിന്
7. തേങ്ങ ചിരകിയത് - ഒരു കപ്പ്
8. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
9. ജീവകം - അര ടീസ്പൂണ്‍
10. നല്ല പുളിയുള്ള തൈര് - രണ്ട് കപ്പ്
11. വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
12. കടുക് - അര ടീസ്പുണ്‍
13. ഉലുവ - കാല്‍ ടീസ്പൂണ്‍
14. ചുവന്ന മുളക് - 2-3 എണ്ണം നുറുക്കിയത്
15. കറിവേപ്പില - കുറച്ച്
16. മുളകുപൊടി - കാല്‍ ടീസ്പൂണ്‍
17. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
18. ഉലുവപൊടി - അല്‍പം
19. കുരുമുളകുപൊടി - മുക്കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:
ഒരു കുക്കറില്‍ മാങ്ങാക്കഷണങ്ങളും നേന്ത്രപ്പഴക്കഷണങ്ങളും മൂന്ന് മുതല്‍ ആറ് വരെയുള്ള ചേരുവകളും മുക്കാല്‍ കപ്പ് വെള്ളവുമൊഴിച്ച് ഒരു വിസില്‍ വരുന്നതുവരെ അടുപ്പില്‍ വെക്കുക. മഞ്ഞള്‍പൊടിയും ജീരകവും ചേര്‍ത്ത് തേങ്ങ അരച്ചെടുക്കണം. വേവിച്ച കഷണങ്ങളിലേക്ക് കട്ട ഉടച്ച തൈരും തേങ്ങാക്കൂട്ടും ചേര്‍ത്ത് തിളക്കുമ്പോള്‍ കുറച്ചു കറിവേപ്പില ചേര്‍ത്ത് ഇറക്കി വെക്കാം. സെര്‍വ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഈ കറി ഒഴിക്കണം. വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് തീ ഓഫാക്കുക. 16 മുതല്‍ 19 വരെ ചേരുവകള്‍ ചേര്‍ത്ത് ഇളക്കി ഉടനെ കറിക്ക് മുകളില്‍ ഭംഗിയായി ഒഴിക്കുക. ഇളക്കരുത്. വിളമ്പിക്കൊടുക്കുമ്പോള്‍ കുറേശ്ശെ വറവും കിട്ടത്തക്ക വിധത്തില്‍ കയിലുകൊണ്ട് കോരിയെടുത്താല്‍ മതി. വളരെ രുചികരവും വ്യത്യസ്തവുമായ മാമ്പഴവും നേന്ത്രപ്പഴവും കൊണ്ടുള്ള പുളിശ്ശേരി തയാര്‍. ഓണ വിഭവങ്ങളില്‍ ഈ കാളന്‍ ഉണ്ടാക്കി കഴിച്ചു നോക്കൂ...

13. കുറുക്കുകാളന്‍

ചേരുവകള്‍:
1. കുറച്ചു മൂപ്പത്തെിയ  നേന്ത്രക്കായ തൊലി മുഴുവന്‍ കളഞ്ഞ് നടുനീളത്തില്‍ മുറിച്ച് വലിയ കഷ്ണങ്ങളാക്കിയെടുത്തത് - ഒന്നര കപ്പ്
2. ചേനതൊലികളഞ്ഞ് ഒരിഞ്ച് ചതുരക്കഷണങ്ങളാക്കി മുറിച്ചെടുത്തത് -ഒരു കപ്പ്
3. മഞ്ഞള്‍പൊടി - അര ടീസ്പണ്‍
4. മുളകുപൊടി - അര ടീസ്പൂണ്‍
5. കുരുമുളകുപൊടി - 1 ടേബ്ള്‍ സ്പൂണ്‍
6. ജീരകപ്പൊടി - അര ടീസ്പൂണ്‍
7. ചുക്കുപൊടി - അര ടീസ്പൂണ്‍
8. ഉലുവപ്പൊടി - അര ടീസ്പൂണ്‍
9. ഉപ്പ് - ആവശ്യത്തിന്
10. തൈര് - അര ലിറ്റര്‍
11. തേങ്ങ വിളഞ്ഞത് - ഒരെണ്ണം
12. വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
13. കടുക് - അര ടീസ്പൂണ്‍
14. ഉലുവ - കാല്‍ ടീസ്പൂണ്‍
15. കറിവേപ്പില - എഴ് ഇല
16. ചുവന്ന മുളക് - 2-3 എണ്ണം നുറുക്കിയത്

പാകം ചെയ്യുന്ന വിധം:
ഒന്ന് മുതല്‍ എട്ട് വരെ ചേരുവകള്‍ കുക്കറില്‍ കാല്‍ കപ്പ് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. തൈര് കുറച്ച് വെള്ളമൊഴിച്ച് നന്നായി കലക്കി അരിച്ചെടുത്ത് കഷണങ്ങളില്‍ ഒഴിച്ച്  കുറുക്കിയെടുക്കണം. തേങ്ങ നല്ല മയത്തിലരച്ച് കറിക്കൂട്ടില്‍ യോജിപ്പിച്ച് കൂട്ടു തിളക്കുമ്പോള്‍ ഇറക്കി വെക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ 12 മുതല്‍ 15 വരെ മൂപ്പിച്ച് ഇറക്കി വെച്ചതില്‍ ഒരുനുള്ള് മുളക്പൊടി ചേര്‍ത്തിളക്കി കറിയിലേക്ക് ഒഴിച്ചിളക്കണം. രണ്ടു മൂന്നു ദിവസത്തേക്ക് ഈ കറി കേടുകൂടാതെ ഉപയോഗിക്കാന്‍ കഴിയും.

14. തക്കാളി രസം

ചേരുവകള്‍:
1. നന്നായി പഴുത്ത തക്കാളി  വലുതായി മുറിച്ചത് - ഒരു കപ്പ്
2. ഉണക്ക മല്ലി - ഒരു ടേബിള്‍ സ്പൂണ്‍
3. കുരുമുളക് - ഒരു ടീ സ്പൂണ്‍
4. ജീരകം - അര ടീസ്പൂണ്‍ (മൂന്നും കൂടി ചതച്ചെടുക്കണം)
5. കായം - ഒരു കഷണം
6. പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുള
7. ഉപ്പ് - ആവശ്യത്തിന്
8. പച്ചമുളക് - നാല് എണ്ണം
9. ഇഞ്ചി - ഒരു ചെറിയ കഷണം
10. ചുവന്നുള്ളി - നാല് ചുള
11. വെളുത്തുള്ളി - ചെറിയ ഒരു കുടം
12. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
13. കറിവേപ്പില - രണ്ട് തണ്ട്
14. മല്ലിയില - കുറച്ചധികം
15. പഞ്ചസാര - അര ടീസ്പൂണ്‍
16. വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
17. കടുക് - അര ടീസ്പൂണ്‍
18. ചുവന്ന മുളക് - രണ്ടെണ്ണം നുറുക്കിയത്
19. ഉലുവ - അര ടീസ്പൂണ്‍
20. കറിവേപ്പില - 5-6 ഇല

പാകം ചെയ്യുന്ന വിധം:
ഒന്നു മുതല്‍ അഞ്ച് വരെ ചേരുവകള്‍ ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ചു വെന്തു കുഴയുന്നതുവരെ ആകുമ്പോള്‍ പുളി കലക്കി ആവശ്യാനുസരണം വെള്ളമൊഴിച്ചു കൊടുക്കണം. ഉപ്പ് ചേര്‍ക്കാം. എട്ട് മുതല്‍ 11 വരെ ചതച്ചും 12 മുതല്‍ 15 വരേയും ചേര്‍ക്കാം. നന്നായി വെട്ടിത്തിളച്ചാല്‍ 15 മുതല്‍ 20 വരെ ചേരുവകള്‍ താളിച്ച് ചേര്‍ക്കാം. തക്കാളി രസം റെഡി.

15. ഉണങ്ങലരി ബദാം യമ്മീ ആന്‍ഡ് ടേസ്റ്റി പാല്‍പ്പായസം

ചേരുവകള്‍:
1. ഉണങ്ങലരി - മുക്കാല്‍ കപ്പ്
2. ബദാം കുതിര്‍ത്ത് തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ്
3. പാല്‍ - രണ്ട് ലിറ്റര്‍
4. മില്‍ക്ക് മെയ്ഡ് - ഒരു ടിന്‍
5. പഞ്ചസാര - 250 ഗ്രാം
6. ഏലക്കാപൊടി - ഒരു ടീസ്പൂണ്‍
7. ബട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
8. നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
9. അണ്ടിപ്പരിപ്പ് - 50 ഗ്രാം
10. കിസ്മിസ് - 50 ഗ്രാം
11. കുങ്കുമപ്പൂ - ഒരു നുള്ള് / റോസ്വാട്ടര്‍ - 3-4 തുള്ളി

പാകം ചെയ്യുന്ന വിധം:
ഉണങ്ങലരി കഴുകി അരിച്ച് ഒന്നര കപ്പ് പാലും ഒന്നര കപ്പ് വെള്ളവും ഒഴിച്ച് നല്ല മയത്തില്‍ വേവിച്ചെടുക്കണം. മറ്റൊരു അടുപ്പില്‍ ബാക്കി പാല് തിളപ്പിച്ചതില്‍ വേവിച്ച ഉണങ്ങലരി കൂട്ട് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കണം. നന്നായി വെന്ത് പാലുമായി യോജിപ്പിച്ചു വറ്റിത്തുടങ്ങിയതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കി മില്‍ക്ക് മെയ്ഡ് ഒഴിച്ചു യോജിപ്പിക്കണം. ഏലക്കാപൊടി വിതറിക്കൊടുക്കാം. ബട്ടറില്‍ ഒന്നിളക്കിയെടുത്ത ബദാം കഷണങ്ങള്‍ ഇതിലിട്ട് വീണ്ടും ഇളക്കി വെക്കണം. നെയ്യില്‍ കിസ്മിസും അണ്ടിപ്പരിപ്പും വറുത്ത് പായസത്തിനു മുകളില്‍ ഒഴിക്കാം. കുങ്കുമപ്പൂവോ, റോസ് വാട്ടറോ മുകളില്‍ തൂവാം. അര മുക്കാല്‍ -മണിക്കൂര്‍ ആവി പോകത്തക്ക വിധത്തില്‍ അടച്ചു വെച്ച് പായസം നന്നായി സെറ്റായതിനു ശേഷം മാത്രമേ തവിയിട്ടു വിളമ്പാന്‍ തുടങ്ങാവൂ. ബദാം കഷണങ്ങള്‍ ഇടക്കിടെ കടിച്ച്, നാവില്‍ അലിഞ്ഞു പോകുന്ന ഉണങ്ങലരി, ബദാം യമ്മീ ആന്‍ഡ് ടേസ്റ്റീ പാല്‍ പായസമാക്കാം ഈ വര്‍ഷത്തെ ഓണ സദ്യക്കുള്ള മധുരം.

16. പഴം പ്രഥമന്‍

ചേരുവകള്‍:
1. നന്നായി  പഴുത്ത നാടന്‍ നേന്ത്രപ്പഴം - ആറെണ്ണം വലുത് (തൊലിയും നാരും കുരുവും കളഞ്ഞ് ചെറുതായരിയണം)
2. ശര്‍ക്കര - 350 ഗ്രാം.
3. വിളഞ്ഞ വലിയ നാളികേരം - രണ്ടെണ്ണം
4. ജീരകപ്പൊടി, ചുക്കുപൊടി, ഏലക്കാപൊടി - മുക്കാല്‍ ടീസ്പൂണ്‍ വീതം
5. നെയ്യ് - മൂന്ന് ടേബിള്‍ സ്പൂണ്‍
6. തേങ്ങാക്കൊത്ത് - ഒന്നര ടേബിള്‍ സ്പൂണ്‍
7. അണ്ടിപ്പരിപ്പ് - 10-12 എണ്ണം നടുകീറിയത്

പാകം ചെയ്യുന്ന വിധം:
ശര്‍ക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കണം. നാളികേരം മിക്സിയില്‍ ചതച്ച് പിഴിഞ്ഞെടുത്ത് കട്ടിയായ ഒന്നാം പാല്‍ ഒരു കപ്പൂം ബാക്കി പീരയില്‍ ചൂടുവെള്ളമൊഴിച്ച് ചതച്ച് പിഴിഞ്ഞ് അരിച്ചെടുത്ത രണ്ടാം പാല്‍ 6-7 കപ്പും തയാറാക്കി വെക്കണം. അരിഞ്ഞുവെച്ച പഴക്കഷണങ്ങളില്‍ കുറച്ച് വെള്ളമൊഴിച്ച് നന്നായി വേവിച്ച് മയത്തില്‍ ഉടച്ചെടുക്കണം. ഇതിലേക്ക് കുറച്ച് നെയ്യൊഴിച്ച് കുറേ നേരം ഇളക്കി നെയ്യ് തെളിയുമ്പോള്‍ ശര്‍ക്കരപ്പാനി ഒഴിച്ചിളക്കണം. അല്‍പം വരണ്ടുവരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് കുറേനേരം ഇളക്കി എല്ലാം യോജിച്ച് കുറുകിത്തുടങ്ങുമ്പോള്‍ ഒന്നാംപാലും പൊടികളും (4) ചേര്‍ത്തിളക്കി തിള വരാന്‍ തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങിവെക്കുക. നെയ്യില്‍ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും വറുത്തു കോരി പ്രഥമനിലേക്ക് ചേര്‍ക്കുക. ആവി പോവാത്തവിധത്തില്‍ അര-മുക്കാല്‍ മണിക്കൂര്‍ അടച്ചുവെച്ച് പ്രഥമന്‍ അല്‍പം ചൂടാറി ഒന്ന് സെറ്റായതിനു ശേഷം മാത്രം ഉപയോഗിക്കുക.

Loading...
COMMENTS