തൂശനിലയിൽ തുമ്പപ്പൂ ചോറു വിളമ്പാം

ഓണക്കാലത്ത് ഓണപ്പൂക്കളം... ഓണക്കോടി... ഓണപ്പാട്ട്.... ഓണസദ്യ അങ്ങിനെപോകുന്നു ആഘോഷങ്ങളുടെ നിര. ഇന്ന് ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളൊഴികെ എല്ലാം മാറിക്കഴിഞ്ഞു. പൂക്കളവും കോടിയും സദ്യയുമെല്ലാം കാലത്തിനനുസരിച്ച് പുതിയഭാവത്തിലും രൂപത്തിലുമാണ് മലയാളിയുടെ മുന്നിലെത്തി നില്‍ക്കുന്നത്. ഇതില്‍ പ്രധാനം ഓണസദ്യതന്നെ. മുന്‍കാലങ്ങളില്‍ ആഘോഷങ്ങള്‍ക്ക് മാത്രം വയറുനിറച്ചുണ്ടിരുന്നവര്‍ ഇന്ന് എല്ലാദിവസവും സദ്യയുണ്ണാന്‍ തുടങ്ങിയതോടെയാണ് ഓണസദ്യ എന്ന സങ്കല്‍പ്പത്തിന് മങ്ങലേറ്റത്. വിവാഹങ്ങള്‍ തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യ സാധാരണമായതോടെയാണിത്. അതുകൊണ്ടുതന്നെ ഓണസദ്യ ഇപ്പോള്‍ ഒരു ചടങ്ങുമാത്രമായി അവശേഷിക്കുകയാണ്. പ്രത്യേകിച്ച് കാറ്ററിംഗ് ഏജന്‍റുമാരും ഹോട്ടലുകളും ‘ഓണ സദ്യ’ നടത്തുകയും റെഡിമെയ്ഡ് വിഭവങ്ങള്‍ വീട്ടിലത്തെിക്കുകയും ചെയ്യുമ്പോള്‍. എന്നാല്‍ ഒരുകാലത്ത് ഓണത്തിന്‍െറ പ്രധാനഘടകമായിരുന്നു വീട്ടിലൊരുക്കുന്ന സദ്യ. അന്ന് മലയാളി ഓണമാഘോഷിച്ചിരുന്നത് സദ്യയുടെ ചിട്ടവട്ടങ്ങള്‍ കൂടി പാലിച്ചായിരുന്നു. അതുകൊണ്ടാവാം മലയാളത്തനിമയുള്ള സദ്യയുടെ പെരുമ കടല്‍കടന്നുപോലും പ്രശസ്തമായത്.

എണ്ണംകൊണ്ടും രുചികൊണ്ടും രൂപംകൊണ്ടും ഇത്രയും വ്യത്യസ്തമായ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതും അതേസമയം സമീകൃതവും ശാസ്ത്രീയം എന്ന് വിളിക്കാവുന്ന തരത്തില്‍ ചില നിയമങ്ങള്‍ അടങ്ങിയതുമാണ് മലയാളിയുടെ സദ്യ. ഭാഷയില്‍ ‘സദ്യ’ എന്ന വാക്കിന് തന്നെയുണ്ട് അതിന്‍േറതായ അര്‍ഥവും പശ്ചാതലവും. ’ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം’ എന്ന് അര്‍ഥമുള്ള ‘സഗ്ധി’  എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നാണ് ‘സദ്യ’ എന്ന മലയാളവാക്കുണ്ടായത്. ചുരുക്കത്തില്‍ വിഭവങ്ങളുടെ പ്രത്യേകത ഉദ്ദേശിച്ചുകൊണ്ടല്ല, മറിച്ച് എല്ലാവരുംകൂടി ഒരുമിച്ചിരുന്ന് ഉണ്ണുന്നതിനെയാണ് സദ്യ എന്നു പറയുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ വാഴയിലയില്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ള വിഭവങ്ങള്‍ ചേര്‍ത്ത് ചോറുണ്ണുന്നതിനെയാണ് പൊതുവെ സദ്യ എന്ന് വിളിക്കുന്നത്. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യ ആയുര്‍വേദത്തിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

കേരളത്തിന്‍െറ പല ഭാഗങ്ങളിലും സദ്യയിലെ ചില വിഭവങ്ങള്‍ക്കും അവയുടെ പേരിനും മറ്റും വ്യത്യാസങ്ങളുണ്ടെങ്കിലും പ്രധാന വിഭവങ്ങള്‍ക്കും വിളമ്പുന്ന രീതിക്കുമെല്ലാം സമാനതകളുണ്ട്. സദ്യക്ക് ഇലവെക്കുന്നത്, വിഭവങ്ങള്‍ ഇലയില്‍ വിളമ്പുന്ന സ്ഥാനങ്ങള്‍, ആദ്യം വിളമ്പേണ്ടത്, ആദ്യം കഴിക്കേണ്ടത്, ഉണ്ണുന്ന രീതി എന്നിവക്കെല്ലാം ഒരുകാലത്ത് നിയമങ്ങളുണ്ടായിരുന്നു. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ചിട്ടകളും ക്രമങ്ങളുമുണ്ട് എന്ന് ചുരുക്കം. ഉണ്ണുന്നയാള്‍ ഇലയിലേക്ക് നോക്കാതത്തെന്നെ കൈവെച്ചാല്‍ ആവശ്യമുള്ള വിഭവം കൃത്യമായി ലഭിച്ചിരുന്നു എന്നര്‍ഥം.

‘ഓണം പൊടിപൊടിക്കണം
കാളന്‍ കുറുകുറുക്കണം
കാളന്‍ കുറുകുറുക്കാഞ്ഞാല്‍
മുത്തച്ഛന്‍ പിറുപിറുക്കും’

എന്ന നാടന്‍ പട്ടിലുണ്ട് ഓണസദ്യക്ക് ഒരുക്കുന്ന വിഭവങ്ങളുടെ കൃത്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ്. കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ വി.കെ.എന്‍ വരെയുള്ള എത്രയോ എഴുത്തുകാര്‍ തങ്ങളുകെ കൃതികളില്‍ സദ്യയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. പി കുഞ്ഞിരാമന്‍ നായരുടെ ‘ഓണസദ്യ’യില്‍  സദ്യയുടെ രുചിയും മണവും നിറഞ്ഞുനില്‍ക്കുന്നുണ്ട്. സദ്യയെക്കുറിച്ച് പത്മിനി അന്തര്‍ജനം, ചേപ്പാട് ഭാസ്കരന്‍ നായര്‍ എന്നിവര്‍ പ്രത്യേകം പുസ്തകങ്ങള്‍തന്നെ എഴുതിയിട്ടുണ്ട്.

സദ്യക്ക് ഇല വെക്കുന്നതിനും കര്‍ശനമായ നിയമമുണ്ട്. സാധാരണ നാക്കിലയിലാണ് സദ്യ വിളമ്പുക. വാഴയിലയുടെ തലഭാഗം അഥവാ വീതി കുറഞ്ഞവശം ഇരിക്കുന്ന ആളിന്‍െറ ഇടത്തുവശത്തേക്കായിരിക്കണം. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവ നാക്കിലയുടെ ഇടത്ത് ഭാഗത്തായി ആദ്യം വിളമ്പണം. പിന്നീട് അച്ചാര്‍, ഇഞ്ചിപുളി എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. അടുത്തത് മധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് അവിയല്‍, തോരന്‍, കുറുക്കുകാളന്‍, കൂട്ടുകറി തുടങ്ങിയവ വിളമ്പുന്നു. പഴത്തിന്‍െറ സ്ഥാനം ഇലയുടെ  ഇടത്തുവശത്ത്  താഴെയായാണ്. ഉപ്പ്, പരിപ്പ്, നെയ്യ് എന്നിവക്ക് പിറകയേയാണ് ചോറു വിളമ്പേണ്ടത്. തുടര്‍ന്ന് ചോറിലേക്കാണ് സാമ്പാര്‍, പുളിശ്ശേരി, പരിപ്പുകറി എന്നിവ ഒഴിക്കേണ്ടത്. ഇതിനിടയില്‍ വലിയ പപ്പടവുംചെറിയ പപ്പടവും ഇലയുടെ ഇടതുഭാഗത്തായി സ്ഥാനം പിടിച്ചിരിക്കും.

ചോറുണ്ടുകഴിഞ്ഞാല്‍ പിന്നെ പായസത്തിന്‍െറ വരവായി. പാലട പ്രഥമന്‍, പഴ പ്രഥമന്‍, ഗോതമ്പ് പ്രഥമന്‍, ചക്ക പ്രഥമന്‍, പരിപ്പ് പ്രഥമന്‍, അരിപ്പായസം തുടങ്ങി വിവിധ നിറത്തിലും രുചിയിലുമുള്ള നിരവധി പായസങ്ങളുണ്ട്. സാധാരണ സദ്യയില്‍ രണ്ട് പാസയങ്ങളാണ് വിളമ്പുക. പായസത്തിനൊപ്പമാണ് പഴം കഴിക്കേണ്ടത്. പായസത്തിനു ശേഷം രസം, കാളന്‍ അഥവാ മോരുകറി, പച്ചമോര് എന്നിവ കൂട്ടിക്കഴിക്കുന്നതിനായി വീണ്ടും ചോറുവിളമ്പും. രസവും പച്ചമോരും ചേര്‍ത്ത് ഒരുപിടി ചോറുകൂടി ഉണ്ണുന്നതോടെയാണ് സദ്യ പൂര്‍ണമാകുന്നത്.

രുചിയുടെ വൈവിധ്യത്തിലും വിഭവങ്ങളുടെ എണ്ണത്തിലും ഭൂമിയില്‍ മറ്റെവിടെയും കാണാത്ത നമ്മുടെ സദ്യക്ക് പ്രാദേശികമായി ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും ‘തൂശനില മുറിച്ചുവെച്ച് തുമ്പപ്പൂ ചോറു വിളമ്പി’വെച്ചത് കണ്ടാല്‍ ആര്‍ക്കും ഉറപ്പിക്കാം അതിനടുത്തൊരു മലയാളി ഉണ്ടെന്ന്.

COMMENTS