You are here

ഗാർഹിക കണക്​ഷന്​ രണ്ടു വർഷത്തെ വാട്ടർബിൽ 3.60 ലക്ഷം

  • ​അമിത ബിൽ വരുന്നതിനെതിരെ പരാതിയുമായി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല

08:50 AM
13/07/2020
water-authority-bill

തൊടുപുഴ: അധ്യാപക ദമ്പതികളുടെ വീട്ടിൽ രണ്ടുവർഷത്തെ വാട്ടർ ബിൽ ലഭിച്ചത് 3.60 ലക്ഷം രൂപ. തൊടുപുഴ കുമാരമംഗലം പാറയിൽ താമസിക്കുന്ന റിട്ട. ഹെഡ്മാസ്​റ്റർ പുതുപ്പറമ്പിൽ ഫ്രാൻസിസ് ജോസഫും കുമാരമംഗലം എം.കെ.എൻ.എം സ്കൂളിലെ അധ്യാപികയായ ഭാര്യ മാഗി ജോർജും താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞമാസം 3,60,479 രൂപയുടെ ബിൽ ലഭിച്ചത്. ​രണ്ടുവർഷമായി അമിത ബിൽ വരുന്നതിനെതിരെ പരാതിയുമായി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. 

കമ്പ്യൂട്ടർ ബില്ലിൽ വന്ന പിശകാണ് ഇതെന്നും മീറ്റർ ശരിയായിട്ടാണ് പ്രവർത്തിക്കുന്നതെന്ന്​ അധികൃതർ പരിശോധന നടത്തി പറഞ്ഞതല്ലാതെ തെറ്റായി വന്നുകൊണ്ടിരിക്കുന്ന ബിൽ മാറ്റിനൽകാൻ മാത്രം നടപടിയില്ല. 2018 ഫെബ്രുവരി വരെ ഒരുവർഷത്തെ ബിൽ മുൻകൂറായി അടച്ചിരുന്നത് മിനിമം യൂനിറ്റ് തുക ആയ 240 രൂപയാണെന്ന് ഇവർ പറയുന്നു. എന്നാൽ, 2018 ആഗസ്​റ്റിൽ ഇവർക്ക് ഇരുട്ടടി പോലെ ലഭിച്ചത് 709 കിലോ ലിറ്റർ വെള്ളം ഉപയോഗിച്ചതായി കാട്ടി 76,995 രൂപയുടെ ബില്ലാണ്​. 

രണ്ടുമാസം കൂടുമ്പോൾ മിനിമം 40 രൂപയുടെ ബിൽ ലഭിച്ചിരുന്ന ഇവർക്ക് ഇത്ര കൂടിയ തുകയുടെ ബിൽ ലഭിച്ചതോടെ പരാതിയുമായി മൂവാറ്റുപുഴയിലെ സൂപ്രണ്ടിങ് എൻജിനീയറെ സമീപിച്ചു. അവിടെനിന്ന് എൻജിനീയർ എത്തി പരിശോധിച്ചശേഷം ഇത് തെറ്റായി ബിൽ വന്നത് ആണെന്നും മീറ്റർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ വീട്ടുകാരോട് പറഞ്ഞു. അതിനാൽ സാധാരണ ബിൽ ലഭിക്കുമ്പോൾ പണം അടച്ചാൽ മതിയെന്നും പറഞ്ഞു. 

എന്നാൽ, അടുത്ത ഒക്ടോബറിൽ 1,02,759 രൂപയായി വർധിച്ച ബില്ലാണ് നൽകിയത്. വീണ്ടും പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും കഴിഞ്ഞ ഒക്ടോബറിൽ 2,57,393 രൂപയായി വർധിച്ച ബില്ലാണ് ലഭിച്ചത്. വീണ്ടും പരാതി ജല അതോറിറ്റിയിൽ നൽകിയപ്പോൾ കഴിഞ്ഞ മാർച്ച് 19ന് അദാലത്തിൽ പങ്കെടുക്കാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന്​ അദാലത്​ മാറ്റി. പിന്നീട് കഴിഞ്ഞ ജൂൺ 16ന് ലഭിച്ച ബില്ലാണ് 3,60,479 രൂപയുടേത്.

Loading...
COMMENTS