You are here

മധുവിൻെറ മരണം: സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു

13:36 PM
23/02/2018

പാലക്കാട്: അട്ടപ്പാടിയിൽ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ മർദിച്ച ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ സമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു. സാധാരണക്കാർ മുതൽ മുഖ്യമന്ത്രിയടക്കമുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തെ നമ്പർ വൺ സംസ്ഥാനത്ത് നടന്ന സംഭവം ദേശീയ തലത്തിലും ചർച്ചയായി. മാണിക്യ മലർ ഗാനത്തിൻെറ തളളിച്ചയിലായിരുന്ന കേരളത്തിന് മുഖത്തടിയേറ്റ സംഭവമായി അട്ടപ്പാടിയിലേത്. യുവാവിനെ മർദിക്കുന്ന സമയത്തെടുത്ത സെൽഫി ക്രൂരതയുടെ പര്യായമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്.

സാക്ഷര - സംസ്കാര കേരളമേ ലജ്ജിക്കുക- ജോയ് മാത്യു
ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച്‌ അട്ടപ്പാടിയിൽ മധു എന്ന മാനസീകാസ്വാസ്‌ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ- മധു ഒരു പാർട്ടിയുടേയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല-
കേസുകൾ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുബ്‌ കൈകൾകെട്ടിയിട്ടു മർദ്ദിക്കുന്നതിന്റെ മുന്നോടിയായി സെൽഫി എടുത്ത്‌ ആനന്ദിക്കുന്ന മലയാളിയെ ഓർത്ത്‌ നമുക്ക്‌ ലജ്ജിക്കാം

Adivasi-Man


സെൽഫി സംസ്‌കാരം ഭയം ജനിപ്പിക്കുന്നു- എം.ബി രാജേഷ്

അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകം നടുക്കമുളവാക്കുന്നതും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. കൊലചെയ്യപ്പെട്ട മധു മനോനില തകരാറിലായ ഒരു ആദിവാസിയുവാവാണ് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഒരിക്കലും വച്ചുപൊറുപ്പിക്കാനാവാത്തതും മുളയിലേ നുള്ളേണ്ടതുമാണ് ഈ നൃശംസത. കൊല്ലും മുമ്പ് ഈ നിസ്സഹായനായ മനുഷ്യനെ കൈകാലുകൾ ബന്ധിച്ച് സെൽഫിയെടുത്ത അക്രമികളുടെ ക്രൂരത ചോരമരവിപ്പിക്കുന്നതാണ്. രാജസ്ഥാനിലെ അഫ്രാസുളിന്റെ കൊലയെയും പ്രതികളുടെ ക്രൂരതയെയും ഇത് അനുസ്മരിപ്പിക്കുന്നു. കേരളത്തെ ഉത്തരേന്ത്യയാക്കി മാറ്റിക്കൂടാ. നമ്മുടെ നാടിന്റെ ജനാധിപത്യബോധത്തിനും പ്രബുദ്ധതക്കും നീതിബോധത്തിനും നേരെയുള്ള ആക്രമണമാണിത്. ഹിംസയെ ജീവിതമൂല്യമാക്കി മാറ്റുന്ന സെൽഫി സംസ്‌കാരം ഭയം ജനിപ്പിക്കുന്നു. ഈ പ്രവണതകൾ എന്തുകൊണ്ട് വളർന്നുവരുന്നുവെന്നും കാരണങ്ങളെന്തൊക്കെയെന്നും വിശദമായി വേറെ ചർച്ചചെയ്യേണ്ടതുണ്ട്. 

ആൾക്കൂട്ട മന:ശാസ്ത്രവും സമൂഹത്തിന്റെയാകെ മനോഭാവത്തിൽ ആദിവാസികൾ,ദളിതർ,സ്ത്രീകൾ,ലൈംഗികന്യൂനപക്ഷങ്ങൾ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദുർബ്ബലരോടുമെല്ലാമുള്ള അവജ്ഞയും വെറുപ്പും ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണതകളും ഗൗരവമായി വിശകലനം ചെയ്യേണ്ടതുണ്ടെങ്കിലും ഇപ്പോൾ അതിനുമുതിരുന്നില്ല. അടിയന്തിരമായി വേണ്ടത് കുറ്റവാളികളെ ഉടൻ പിടികൂടുക എന്നതാണ്. ചില പ്രതികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു. പട്ടികജാതി-പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി ഏ.കെ.ബാലനും കർശനനടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 

മുഖ്യമന്ത്രിയും ഏ.കെ.ബാലനുമായും ഇത് സംബന്ധിച്ച് ഞാൻ നേരിട്ട് സംസാരിക്കുകയുണ്ടായി. കേരള സർക്കാർ ഇക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി ഇത്തരമൊരു ദാരുണാനുഭവം ആർക്കും ഉണ്ടാകാതിരിക്കാനുള്ള കടുത്ത നടപടി തന്നെ ഉണ്ടാവണം. പ്രതികൾക്ക് ശിക്ഷ ഉറപ്പിക്കാവുന്ന പഴുതടച്ച അന്വേഷണം പോലീസ് നടത്തണം. മാപ്പർഹിക്കാത്ത ഈ കൊടുംപാതകത്തിനുത്തരവാദികളായ ഒരാളും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടരുത്. ആൾക്കൂട്ടം നീതി നടപ്പാക്കുന്ന ഉത്തരേന്ത്യൻ അരാജകത്വം കേരളത്തിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാമോരുരുത്തരും ഉറപ്പുവരുത്തണം. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരായ അവബോധം വളർത്തിയെടുക്കാൻ ജനാധിപത്യവാദികളാകെ മുന്നോട്ടു വരികയും വേണം.
 

മധു
 

നമ്മുടെ സാമൂഹ്യനെഞ്ചിലെ ഇരട്ടത്താപ്പ്-വി.ടി ബൽറാം
ഈ വരിഞ്ഞുകെട്ടിയിരിക്കുന്നത്‌ കേരളത്തിന്റെ നീതിബോധമാണ്‌. തുറന്നുകാട്ടിയിരിക്കുന്നത്‌ നമ്മുടെ സാമൂഹ്യനെഞ്ചിലെ ഇരട്ടത്താപ്പാണ്‌.
നമ്മിൽപ്പെട്ടവരെത്തന്നെ അപരവൽക്കരിച്ച്‌, ആട്ടിയോടിച്ച്‌, അവരുടേതെല്ലാം കവർന്നെടുത്ത്‌, ഒടുവിൽ അതിക്രൂരമായി തച്ചുകൊന്ന് നമ്പർ വൺ കേരളം പുരോഗമനപാതയിൽ കുതിച്ചുപായുകയാണ്‌.


 

ഞാൻ മധു...
ഇപ്പോൾ ഇരുട്ടാണ്....
എനിക്ക് നിങ്ങളെ കാണാൻ കഴിയുന്നില്ല...
നിങ്ങളൊക്കെ ആരാ....
എന്നെ എന്തിനാ തല്ലിയേ....? 
എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല....
നിങ്ങളെന്റെ കീശ തപ്പിയതെന്തിനാ....
അവസാന ശ്വാസമെടുക്കുമ്പോഴും ഞാൻ ചോര തുപ്പിയതോർമയുണ്ട്....
ഞാൻ അവസാനമായി എടുത്ത ഭക്ഷണ സാധനങ്ങൾ എവിടെ.....?
അതവിടെക്കിടന്ന് എന്നെപ്പോലെ ജീർണ്ണിക്കുമോ.....?
കാടു വിളിക്കുന്നത നിങ്ങൾ കേൾക്കുന്നിലെ....
ചുറ്റിലും നോക്കണേ എന്നെപ്പോലെ ഇനിയും മധുമാരുണ്ട്..... 
അവരെ തല്ലരുത് .... 
വിശന്നിട്ടായിരിക്കും... 
വിശന്നാൽ ഭ്രാന്താവും എനിക്കന്നല്ല ആർക്കും.....
നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും വിശക്കാതെ സൂക്ഷിക്കണേ....
നിങ്ങളെന്താണ് ആ കൈയിലെ സാധനം ഉയർത്തി എന്നെയും നിങ്ങളെയും അതിലേക്ക് ചേർക്കുന്നത്... 
ഓ അതാണോ നിങ്ങൾ പറഞ്ഞ സെൽഫി....
നിങ്ങളെങ്ങനെ ആണ് ചിരിക്കുന്നത്....
വിശക്കുന്നുണ്ട്....
നല്ല വിശപ്പ്....
കണ്ണിലിരുട്ടു കയരുന്നുണ്ട്..
എന്നെ പറഞ്ഞു വിടുകയാണോ...
എന്റെ കാട് വിളിക്കുന്നുണ്ട്.... 
എന്റെ മണ്ണും... 
ഇനി ഞാനുറങ്ങട്ടെ.... 
വിഷക്കരുതെ ആർക്കും...

ചാർളി ഗോപിനാഥ്


അവരുടെ ഗതികേടിന്റെ മീതെ പടുത്തുയര്‍ത്തിയതാണ് എൻെറ സൗഭാഗ്യങ്ങൾ- ശ്രീജിത്ത് ദിവാകരൻ
രാത്രി മുഴുവന്‍ മുഖം മൂടി വച്ച മനുഷ്യരുടെ ആക്രോശങ്ങളായിരുന്നു. തീവണ്ടിയില്‍, വഴിയരികുകളില്‍, വീടിന്നുള്ളില്‍, തെരുവുകളില്‍ ആക്രോശത്തോടെ പാഞ്ഞടുക്കുന്ന മുഖം മൂടി വച്ച മനുഷ്യര്‍. ഡെത്ത് ഈറ്റേഴ്‌സ്.ജുനൈദിനെ ഓര്‍മ്മവന്നു. അവനെ കൊന്നവരേയും മുഹമ്മദ് അഖ്‌ലാക്കിനേയും പെഹ്ലാഖാനേയും ഓര്‍മ്മവന്നു, അവരെ കൊന്നവരേയും. രാജസ്ഥാനില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്ന് കത്തിച്ച് വീഡിയോ ഷെയര്‍ ചെയ്ത ശംഭുലാല്‍ റീഗര്‍ക്ക് നല്‍കാന്‍ ലക്ഷങ്ങള്‍ പിരിച്ച പിശാചുക്കളെ ഓര്‍മ്മവന്നു. തീവച്ചും ആള്‍ക്കൂട്ട വിചാരണ നടത്തിയും ഇക്കാലമത്രയും ജാതിഹിന്ദുക്കള്‍ തല്ലിക്കൊന്ന് കുഴിച്ചു മൂടിയ, കുടിലുകളടക്കം കത്തിച്ചു ചാമ്പലാക്കിയ മനുഷ്യരേയും അവരെ കൊന്ന മനുഷ്യരേയും ഓര്‍മ്മവന്നു. കള്ളപ്പേരുകളിലും മുഖങ്ങളിലുമെത്തി കൊലവിളികളുളെ ഓര്‍ഗാസം അനുഭവിക്കുന്ന ഫേസ്ബുക്ക് വെട്ടുകിളി ആണ്‍കൂട്ടത്തെ ഓര്‍മ്മവന്നു.

കൊന്നവര്‍ക്ക് എന്റെ ഛായയാണ്. ആ ആണ്‍കൂട്ടത്തിലെ അതിക്രൂരനായ വംശവെറിയനെ നോക്കൂ. ഞാന്‍ തന്നെയാണ്. എന്റെ കൈകളിലുണ്ട് ചോര. ഞാന്‍ അനുഭവിച്ച സൗഭാഗ്യങ്ങളൊക്കെ, ഈ കൊല്ലപ്പെട്ട, പീഡിക്കപ്പെട്ട മനുഷ്യരുടെ ഗതികേടിന്റെ മീതെ പടുത്തുയര്‍ത്തിയതാണ്. കണ്ണാടിയില്‍ ഞാന്‍ കാണുന്നത്, ആ സെല്‍ഫിയെടുത്ത, കണ്ണടവച്ച, വെളുത്ത, പ്രിവിലേജുകളുടെ മേല്‍ത്തട്ടില്‍ വാഴുന്ന ചെറുപ്പക്കാരനെയാണ്.


നീതിന്യായത്തിന്റെ അങ്ങാടിയെവിടെ- പ്രമോദ് പുഴങ്കര
അട്ടപ്പാടിയില്‍ ഒരു ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്ത മലയാളിയുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളില്‍ എവിടേയും സ്പര്‍ശിക്കപ്പെടാതെ പോകും. അയാള്‍ പേരില്ലാത്ത, ബന്ധുബലമില്ലാത്ത, രാഷ്ട്രീയ പിന്തുണയില്ലാത്ത, ഈ ജനാധിപത്യറിപ്പബ്ലിക്കിന് കണ്ണുപറ്റാതിരിക്കാന്‍ പാകത്തില്‍ ഭരണവര്‍ഗം കുത്തിനിര്‍ത്തിയ കോലങ്ങളിലൊന്നാണ് എന്ന പൊതുബോധത്തില്‍ കേരളസമൂഹം ഒരസ്വാരസ്യവുമില്ലാതെ ജീവിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.

കുടിയേറിയും കയ്യേറിയും തോട്ടങ്ങളായും പള്ളികളായും രൂപതകളായും ഒക്കെ കേരളത്തിലെ കാടുകള്‍ അവസരവാദ, ധനിക രാഷ്ട്രീയ വിളവെടുപ്പിന്റെ ജൈവ വൈവിധ്യത്താല്‍ സമ്പന്നമായപ്പോള്‍ ആദിവേരുകള്‍ക്കപ്പുറവും ആ കാടിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന മനുഷ്യര്‍ എങ്ങനെ നീട്ടിയും കുറുക്കിയും വര്‍ത്തമാനം പറഞ്ഞെത്തിയ വരത്തര്‍ക്ക് മുന്നില്‍ ആ കാടുകളുടെ അതിരുകളില്‍ ഭൂരഹിതരായി ശീലക്കീറുകളില്‍ പൊതിഞ്ഞുമൂടി വരണ്ട അന്നപ്പാത്രങ്ങളില്‍ തുറിച്ചുനോക്കിയിരിക്കേണ്ടി വന്നു എന്നത് മലയാളികളുടെ കൊടികെട്ടിയ രാഷ്ട്രീയബോധത്തിന്റെ മുഖ്യധാരയില്‍ ഇന്നും ഒരു പ്രശ്നമേയല്ല. തട്ടിയെടുത്ത ആദിവാസി ഭൂമി തിരിച്ചുകൊടുക്കാതിരിക്കാന്‍ ഒന്നിനെതിരെ സര്‍വ്വകക്ഷി വോട്ടോടെ നിയമസഭാ പ്രമേയം അംഗീകരിച്ചാണ് നമ്മള്‍ ആഘോഷിച്ചത്. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ എന്നു ചോദിച്ച കടമ്മനിട്ടയെ എം എല്‍ എയാക്കി സഭ താന്ത്രികവിധി പ്രകാരം പരിഹാരം ചെയ്തു.

ആള്‍ക്കൂട്ടത്തിന്റെ ഹിംസാത്മകമായ ഇടപെടലുകള്‍ എങ്ങനെയാണ് ഭരണകൂടത്തിന്റെ ഹിംസയുമായി, ഉപരിവര്‍ഗ, ഭരണവര്‍ഗ പൊതുബോധവുമായി ഒത്തുപോകുന്നതെന്ന് നമ്മള്‍ കണ്ടതും പറഞ്ഞിട്ടുള്ളതുമാണ്. ആദിവാസിയെ തല്ലിക്കൊന്ന് സെല്‍ഫിയെടുത്തിട്ട ‘നാട്ടുകാര്‍’ ക്രിമിനലുകളും അതിന്റെ തുടര്‍ച്ചയാണ്. ഗുണ്ടാ സംഘങ്ങളെപ്പോലെ രാഷ്ട്രീയകക്ഷികള്‍ മനുഷ്യരെ പച്ചയ്ക്ക് വെട്ടിക്കൊല്ലുന്ന നാട്ടില്‍, അതൊരു ധീരകൃത്യമായി കൊണ്ടാടപ്പെടുന്ന നാട്ടില്‍, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പാര്‍ടി സമ്മേളനത്തില്‍ ആദരിക്കുന്ന നാട്ടില്‍, ഈ സംഘടിത ഗുണ്ടാസംഘങ്ങളെ സമാശ്വസിപ്പിക്കാന്‍ സമാധാനസമ്മേളനം നാട്ടുകാരുടെ ചെലവില്‍ വിളിക്കുന്ന നാട്ടില്‍, ആദിവാസി കൊല്ലപ്പെട്ടാല്‍ അതിനെതിരെ പ്രതിഷേധിച്ചാല്‍ ഉടനെ വരും മാവോവാദത്തിന്റെ പുലിപ്പേടിയുമായി ഇടിവണ്ടികള്‍. വ്യാജ ഏറ്റുമുട്ടലില്‍ രണ്ടു പേരെ കേരളത്തില്‍ ഭരണകൂടം കൊന്നതല്ലാതെ മാവോവാദികള്‍ കേരളത്തില്‍ ആരെയും കൊന്നതായി നമുക്കറിയില്ല. എന്നിട്ടും കൊലപാതക യന്ത്രങ്ങളായ സംഘടിത ഗുണ്ടാ സംഘങ്ങള്‍ക്ക് സമാധാന ചര്‍ച്ച, ആദിവാസിക്ക് തണ്ടര്‍ ബോള്‍ട്!

തല്ലിനിരപ്പാക്കി ഒരു ദുര്‍ബലനായ മനുഷ്യനെ പൊലീസിന്റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍, അതും അയാള്‍ ആദിവാസി വിഭാഗത്തില്‍ പെടുന്ന, അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമപരിരക്ഷയുള്ള ഒരാളാണ് എന്നറിയുന്ന പൊലീസ്, ഒരു ബുദ്ധിമുട്ടുമില്ലാതെ അയാളെ വണ്ടിയിലിട്ട്, നാട്ടുകാര്‍ എന്ന ക്രിമിനലുകളോട് സലാം പറഞ്ഞ് പോന്നു എന്നത് ഈ നാട്ടിലെ മനോവീര്യ പൊലീസ് എന്താണ് എന് നമ്മെ ഒന്നുകൂടി ബോധ്യപ്പെടുത്തുന്നു. അയാളെ കെട്ടിയിട്ടു തല്ലിയ ക്രിമിനലുകള്‍ ആരാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. എന്തുകൊണ്ടാണ് പൊലീസ് അവരെ ഉടനടി പിടികൂടാത്തത്? എന്തുകൊണ്ടാണ് SC/ST അതിക്രമ നിരോധന നിയമത്തിന് കീഴില്‍ ജാമ്യമില്ല വകുപ്പുകള്‍ അനുസരിച്ചു കേസ് ചാര്‍ജ് ചെയ്തു കോടതിയില്‍ ഹാജരാക്കാത്തത്? അതിനയാള്‍ മരിച്ചോ ഇല്ലയോ എന്നതുപോലും നോക്കേണ്ടതില്ലയിരുന്നു. സ്ഥലം എം.എല്‍.എയും എം.പിയുമൊക്കെ ഈ വിഷയത്തില്‍ എന്തു നിലപാടാണ് എടുക്കുന്നത്? ഒരു മനുഷ്യനെ തല്ലിക്കൊന്നു സെല്‍ഫിയെടുത്തിട്ട നാട്ടില്‍ നിങ്ങളെന്തു രാഷ്ട്രീയപ്രവര്‍ത്തനമാണ് ഇതിനെതിരെ ശബ്ദിക്കാതെ നടത്തുന്നത്?


വര്‍ണവെറിയാണിത്. രാജസ്ഥാനില്‍ മുസ്ലീമിനെ കത്തിച്ചതും യു.പിയില്‍ ബീഫ് കഴിച്ചെന്നു ആരോപിച്ച് മുസ്ലീമിനെ അടിച്ചുകൊന്നതും ഇതിന്റെ വകഭേദങ്ങളാണ്. ആദിവാസിയോടുള്ള വര്‍ണവെറിയില്‍ മതഭേദമില്ല. രണ്ടു മാസം മുമ്പ് സൈലന്‍റ് വാലി കാട്ടിലേക്ക് പോകുമ്പോള്‍ ഇടതുപക്ഷക്കാരനും വൃത്തിയായി രാഷ്ട്രീയം പറയുന്നയാളുമായ ജീപ്പ് ഡ്രൈവര്‍ നിന്ദോക്തിയോടെ പറഞ്ഞത് ‘അടുത്ത ജന്മത്തില്‍ ആദിവാസിയായി ജനിക്കണം, എന്തെല്ലാം ആനുകൂല്യങ്ങളാണ്’ എന്നാണ്. ആദിവാസിക്ക് ഒരു പ്രശ്നവുമില്ല, നിങ്ങള്‍ ശല്ല്യപ്പെടുത്താതിരുന്നാല്‍ മതിയെന്നും, അവറ്റകള്‍ക്ക് അധികം കൊടുത്താലും കാര്യമില്ലെന്നെ, എന്നും പറയുന്ന കല്‍പ്പറ്റ-മാനന്തവാടി-പാലാ ബസിലെ ഉറക്കച്ചടവുള്ള രാഷ്ട്രീയമാണ് കേരളത്തിന്റെ പൊതുബോധം.

നിങ്ങള്‍ ആസൂത്രിതമായി വംശഹത്യയിലേക്ക് തള്ളിയിടുന്ന ഒരു വിഭാഗത്തില്‍പ്പെട്ട മനുഷ്യന്‍ കെട്ടിയിട്ട കൈകളുമായി, ചത്തുമലച്ച കണ്ണുകളുമായി നിങ്ങളോട് ചോദിക്കുന്നത്, നീതിന്യായത്തിന്റെ അങ്ങാടിയെവിടെ എന്നാണ്? നീതി വില്‍ക്കുന്ന കടയേതാണ് എന്നാണ്? അയാള്‍ക്ക് കുത്തിത്തുറക്കാനാണ്; മോഷ്ടിച്ചാണെങ്കിലും അല്പം കിട്ടുമോ എന്നറിയാന്‍. എവിടെയാണ് നാട്ടുകാരെ നിങ്ങളുടെ നീതിയുടെ പാണ്ടികശാലകള്‍? മോഷ്ടിക്കാനല്ല, കത്തിക്കാനാണ്.


 

Loading...
COMMENTS