You are here

സാമൂഹിക അകലം പാലിക്കാതെ ബാങ്കിന് മുന്നിൽ ജനക്കൂട്ടം

07:15 AM
30/06/2020
state-bank

സുൽത്താൻ ബത്തേരി: സാമൂഹിക അകലം പാലിക്കാതെ ബാങ്കിന് മുന്നിൽ വൻ ജനക്കൂട്ടം. ചുള്ളിയോട് എസ്.ബി.ഐ ശാഖക്കു മുന്നിലാണ് തിങ്കളാഴ്ച വൻ തിരക്കനുഭവപ്പെട്ടത്. ബാങ്കിനകത്തും ഉപഭോക്താക്കളുടെ തിരക്കായിരുന്നു. കഴിഞ്ഞ ആഴ്ചയും ബാങ്കിൽ ഇതേ അവസ്ഥതന്നെയായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാർ എസ്.പിക്ക് പരാതി കൊടുത്തിട്ടുണ്ട്. തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചുള്ളിയോട്. കാൽനടയായി അതിർത്തി കടന്ന് ഇവിടെ ആളുകൾ എത്തുന്നുണ്ട്. അതിനാൽ കോവിഡ് സാധ്യത തള്ളിക്കളയാനാവില്ല. സുൽത്താൻ ബത്തേരി ഐശ്വര്യ മാളിനടുത്തെ എ.ടി.എമ്മിനു മുന്നിൽ ഏതു സമയവും തിരക്കാണ്. സാമൂഹിക അകലം ഇവിടെയും പ്രശ്നമല്ല.

തിരക്കിലമർന്ന് മാനന്തവാടി നഗരം
മാനന്തവാടി: കോവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിശ്ചയിച്ച നിയന്ത്രണങ്ങളെല്ലാം ജനം മറന്നു. നഗരങ്ങളും അങ്ങാടികളും ജനത്തിരക്കേറി. അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെയാണ് സുരക്ഷ മുൻകരുതലുകളെല്ലാം മറന്ന് ജനം പുറത്തേക്കിറങ്ങുന്നത്. മാനന്തവാടി നഗരം തിങ്കളാഴ്ച ജനനിബിഡമായിരുന്നു. കോവിഡ് പ്രോട്ടോകോൾ പൂർണമായും ലംഘിച്ചാണ് ജനം നഗരത്തിലിറങ്ങിയത്. വയോധികരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒരു നിയന്ത്രണവുമില്ലാതെയാണ് നഗരത്തിൽ നടക്കുന്നത്. മുഖാവരണം ധരിച്ചതല്ലാതെ മറ്റൊരു സാമൂഹിക നിയന്ത്രണങ്ങളും പാലിക്കാതെയാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. വാഹനത്തിരക്കും ക്രമാതീതമായിരുന്നു. 10 മുതൽ 20 മിനിറ്റുവരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഗതാഗത നിയന്ത്രണത്തിനായി നിയോഗിക്കപ്പെട്ട പൊലീസിനു പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ഇത്തരത്തിൽ ജനങ്ങൾ പുറത്തിറങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
 

Loading...
COMMENTS