പൊലീസ് ജീപ്പിന് കൈകാണിച്ച് അശ്വിൻ കൈമാറിയത് കൊച്ചുസമ്പാദ്യം
text_fieldsകൊഴിഞ്ഞാമ്പാറ (പാലക്കാട്): കൊറോണ ഡ്യൂട്ടിയുടെ ഭാഗമായുള്ള പട്രോളിങ്ങിനിടെയാണ് പൊലീസ് ജീപ്പിന് ഒരുകൊച്ചുപയ്യൻ കൈകാണിച്ചത്. ജീപ്പ് നിർത്തിയതോടെ അവൻ റോഡരികിലെ വീട്ടിലേക്ക് ഓടിക്കയറി. ഇതുകണ്ടതോടെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാർക്ക് ദേഷ്യം തോന്നിയെങ്കിലും നിമിഷനേരത്തിനുള്ളിൽ അത് അദ്ഭുതത്തിന് വഴിമാറി.
വീട്ടിനുള്ളിൽനിന്ന് ഒരുകുടുക്കയും കുറച്ച് നോട്ടുകളുമായി അവൻ ജീപ്പിന് അടുത്തേക്ക് ഓടിവന്നു. പിന്നെ സ്വയം പരിചയപ്പെടുത്തി. പേര് അശ്വിൻ, കൊഴിഞ്ഞാമ്പാറ ഗവ. യു.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. തെൻറ കൈവശമുള്ള കുടുക്കയിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് അവൻ പൊലീസ് ജീപ്പിന് കൈ കാണിച്ചത്. നിഷ്കളങ്കതയോടെ നിന്ന അശ്വിനോട് സ്റ്റേഷനിലേക്ക് വരാൻ പറ്റുമോയെന്ന് പൊലീസുകാർ ചോദിച്ചു. നാളെ വരാമെന്ന് മറുപടി. അടുത്തദിവസം ഉച്ചയോടെ അമ്മ ചന്ദ്രകലയെയും അമ്മയുടെ സഹോദരിയുടെ മകൾ ഒന്നാം ക്ലാസുകാരി മിത്രയും കൂട്ടിയാണ് സ്റ്റേഷനിലെത്തിയത്. രണ്ട് കുട്ടികളുടെയും കൈയിൽ നാണയങ്ങളും നോട്ടുകളും നിറച്ച രണ്ട് കുടുക്കകൾ.
കൈയിലും കുറെ നോട്ടുകൾ. എല്ലാം കൂടിയെണ്ണിയപ്പോൾ 5581 രൂപ. എസ്.ഐ എസ്. അൻഷാദ്, എ.എസ്.ഐ എം.വി. ചാക്കോ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ നൗഷാദ്, കെ. ബിന്ദു, സി.പി.ഒ രാമചന്ദ്രൻ, വുമൺ സി.പി.ഒ പരമേശ്വരി, സുജിത എന്നിവരുടെ മുന്നിൽ കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.വി. ബെന്നിക്ക് തുക കൈമാറി. ഭർത്താവുപേക്ഷിച്ച അശ്വിെൻറ അമ്മ ചന്ദ്രകല നീലാങ്കച്ചിയിലെ വനിത കാൻറീനിൽ ജോലി ചെയ്യുകയാണ്. വീടിെൻറ പണി പാതിവഴിയിലാണ്. എങ്കിലും ദുരിതമനുഭവിക്കുന്ന സഹജീവികളോടുള്ള മകെൻറ കരുതലിൽ അഭിമാനിക്കുകയാണ് ഈ അമ്മ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.