You are here

പ്രവാസിയെ ലോഡ്‌ജിൽനിന്ന്​  ഇറക്കിവിട്ട സംഭവത്തിൽ  നടപടി

08:00 AM
21/06/2020
expat

നീലേശ്വരം: വിദേശത്തുനിന്നും പെയ്ഡ് ക്വാറൻറീൻ സംവിധാനത്തിൽ ലോഡ്ജിൽ മുറി ബുക്ക് ചെയ്ത്  നീലേശ്വരത്ത്​ വന്ന പ്രവാസി യുവാവിന് മുറി നിഷേധിച്ച സംഭവത്തിൽ നടപടി എടുക്കാൻ നഗരസഭ കോവിഡ്  ജാഗ്രത പരിപാലന സമിതി യോഗം തീരുമാനിച്ചു. കടിഞ്ഞിമൂല കൊട്ടറ കോളനിയിലെ പി. അനീഷിനെയാണ് ലോഡ്ജ് അധികൃതർ 16ന്  രാത്രി 12 ന് മുറിയിൽ നിന്ന്  ഇറക്കിവിട്ടത്. കുവൈത്തിൽ നിന്ന് വരുന്നതിന് ഒരാഴ്ച മുമ്പ് അനീഷ് മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ, മുറിയിൽ പ്രവേശിച്ച ഉടൻ പ്രവാസിയെ ഇറക്കി വിടുകയായിരുന്നു. 

ഈ സംഭവത്തിലാണ് ലോഡ്ജ് ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചത്. റൂം നിഷേധിക്കുന്നതിന് ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിയുന്ന നഗരസഭ ശുചീകരണ തൊഴിലാളികൾ പ്രേരണ ചെലുത്തിയിട്ടുണ്ട് എന്ന പരാതിയും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അറിയിച്ചു. സംഭവം അന്വേഷിക്കാൻ മൂന്നംഗ കൗൺസിലർ സമിതിയെ നിയമിച്ചു. നഗരസഭ ക്ഷേമകാര്യസമിതി സ്ഥിരം അധ്യക്ഷ പി. രാധ, കൗൺസിലർമാരായ എ.വി. സുരേന്ദ്രൻ, പി.വി. രാധാകൃഷ്ണൻ എന്നിവർ സംഭവം അന്വേഷിച്ച് നഗരസഭക്ക് റിപ്പോർട്ട് സമർപ്പിക്കും.

യോഗത്തിൽ വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ കെ. ബാലകൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, ഇബ്രാഹിം പറമ്പത്ത്, പി.വി. സുകുമാരൻ, സുരേഷ് പുതിയേടത്ത്, ജോൺ ഐമൺ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗൺസിലർമാരായ എറുവാട്ട് മോഹനൻ, എ.വി. സുരേന്ദ്രൻ, പി. മനോഹരൻ പി. ഭാർഗവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, നഗരസഭ സെക്രട്ടറി സി.കെ. ശിവജി, നീലേശ്വരം സബ് ഇൻസ്പെക്ടർ പി.വി. സതീശൻ എന്നിവർ സംസാരിച്ചു.

Loading...
COMMENTS