ഫാ. സേവ്യർ വധം: പ്രതി കപ്യാർ ജോണിക്ക് ജീവപര്യന്തം
text_fieldsകൊച്ചി: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവുശിക്ഷ. മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിയെയാണ് (62) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പകത്ത് ശിക്ഷിച്ചത്. ജീവപര്യന്തത്തിനുപുറമെ ഒരു ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.
2018 മാർച്ച് ഒന്നിന് ഉച്ചക്ക് 12.30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലയടിവാരത്തെ തീർഥാടക കേന്ദ്രത്തിൽനിന്ന് നാരങ്ങ മുറിക്കുന്ന കത്തി കൈക്കലാക്കിയ ജോണി തിരുക്കർമങ്ങൾക്കുശേഷം മലയിറങ്ങിവരുകയായിരുന്ന ഫാ. സേവ്യറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഒടുവിൽ പ്രതി കാട്ടിലേക്ക് ഓടിമറഞ്ഞശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമദ്യപാനത്തെ തുടർന്ന് ജോണിയെ കപ്യാർ ജോലിയിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഏപ്രിലിൽ നടക്കുന്ന തിരുനാളിനുമുമ്പ് ജോലിയിൽ തിരികെ കയറ്റണമെന്നാവശ്യപ്പെട്ട് ഫാ. സേവ്യറിനെ ഇയാൾ സ്ഥിരമായി ശല്യം ചെയ്തിരുന്നു. ഇതേതുടർന്നാണ് കൊല നടത്തിയത്. തൊട്ടടുത്ത ദിവസംതന്നെ മലയാറ്റൂർ കാട്ടിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
കാലടി പൊലീസ് ഇൻസ്പെക്ടർ സജി മാർക്കോസാണ് കുറ്റപത്രം സമർപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.