HOME KERALA

ഫ്ലാറ്റുകൾ കൈമാറിയാൽ പത്തുദിവസത്തിനകം പൊളിച്ചുതുടങ്ങും
11, OCT 2019 - 22:16 PM

മരട്: കാരാർ ഒപ്പു​െവക്കൽ നടപടികൾ പൂർത്തിയാക്കി മരടിലെ ഫ്ലാറ്റുകൾ കമ്പനികൾക്ക്​ കൈമാറിയാൽ പത്തുദിവസത്തിനകം പൊളിക്കൽ തുടങ്ങുമെന്ന് എഡിഫൈസ് എൻജിനീയറിങ്​ കമ്പനി പ്രതിനിധികൾ പറഞ്ഞു. ഓരോ കെട്ടിടവും വ്യത്യസ്​ത രീതിയിലും സമയങ്ങളിലുമായിരിക്കും പൊളിക്കുക. നാശനഷ്​ടങ്ങൾക്ക് കമ്പനികൾ സ്വന്തം ഉത്തരവാദിത്തത്തിൽ  ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. അവശിഷ്​ടങ്ങൾ എവിടെ നിക്ഷേപിക്കണമെന്ന്​ നിർദേശിക്കേണ്ടത് നഗരസഭയും ജില്ല ഭരണകൂടവുമാണ്​. 

പൊളിക്കൽ ജോലികൾക്ക്​ കരാർ ഏറ്റെടുക്കുന്ന കമ്പനികൾ വിശദ കർമപദ്ധതിയടങ്ങുന്ന റിപ്പോർട്ട് തയാറാക്കി നൽകണം. തുടർന്ന്  കമ്പനി പ്രതിനിധികൾ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുമുമ്പ്​ സുരക്ഷിതത്വ മാനദണ്ഡങ്ങൾ നിശ്ചയിക്കും. പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളോ വീടുകൾക്കും മറ്റും നാശനഷ്​ടമോ പരമാവധി ഒഴിവാക്കും വിധമായിരിക്കും പൊളിക്കൽ. പൊളിക്കൽ തുടങ്ങുന്നതിനുമുമ്പ്​ നൂറുമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് രേഖാമൂലം അറിയിപ്പ്​ നൽകും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക സംവിധാനവും ഒരുക്കും. വിദഗ്ധരുടെ ഉപദേശങ്ങളും ഇതിന്​ തേടും. വിശദ പ്ലാൻ തയാറാക്കിയ ശേഷമായിരിക്കും ആളുകളെ ഒഴിപ്പിക്കണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.

 ഭൂമിയിൽ അവശിഷ്​ടങ്ങൾ വീഴുന്ന ഭാഗത്ത് ‘ജിയോ മാറ്റ്’ വിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ, പൊതുമരാമത്ത്​ വകുപ്പ്, കെ.എം.ആർ.എൽ, പെസോ, എൻജിനീയറിങ്​ വിദഗ്ധർ ഉൾ​െപ്പടെ 12 അംഗ ടെക്നിക്കൽ കമ്മിറ്റിയുടെ നിയന്ത്രണവും നിരീക്ഷണവും പൊളിക്കൽ പൂർത്തിയാവുംവരെ ഉറപ്പുവരുത്തും. വിശദ സാങ്കേതികപഠന റിപ്പോർട്ട്​ തയാറാക്കിയശേഷം നടക്കുന്ന പൊളിക്കൽ നടപടികൾ 90 ദിവസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. പൊളിക്കലിനുശേഷം ഉണ്ടാവുന്ന അവശിഷ്​ടങ്ങൾ നീക്കുന്നതിന് പ്രത്യേകം കരാർ നൽകും. ഇൻഡോറിൽനിന്ന്​ സംസ്ഥാന സർക്കാർ ക്ഷണിച്ചുവരുത്തിയ എൻജിനീയറിങ്​ വിദഗ്ധൻ ശരത് ബി. സർവാതെ പൊളിക്കൽ പൂർത്തിയാവുംവരെ പ്രത്യേക ഉപദേശകനായി പ്രവർത്തിക്കും.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട്​ കമ്പനികൾ
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളെ തീരുമാനിച്ചു. മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിങ്, ചെന്നൈയിലെ വിജയ് സ്​റ്റീൽസ് കമ്പനികളെയാണ് തെര​ഞ്ഞെടുത്തത്​. ഫ്ലാറ്റ്‌ പൊളിക്കുന്നതി​​െൻറ ചുമതല വഹിക്കുന്ന സബ്‌ കലക്‌ടർ സ്‌നേഹിൽ കുമാർ സിങി​​െൻറ അധ്യക്ഷതയിൽ മരട്‌ നഗരസഭയിൽ ചേർന്ന യോഗമാണ്‌ കമ്പനികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്‌. ശനിയാഴ്ചത്തെ മരട് നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടർന്നാകും ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുക. പൊളിക്കൽ നടപടികൾ സബ് കലക്ടർ നഗരസഭ കൗൺസിലിൽ വിശദീകരിക്കും. 

അതിനി​െട, പൊളിക്കലിന്​ മാർഗനിർദേശങ്ങൾ നൽകാൻ ഇൻഡോറിൽനിന്ന് എത്തിയ ഖനന എൻജിനീയർ ശരത് ബി. സർവാതെ ഫ്ലാറ്റുകൾ സന്ദർശിച്ചു. വെള്ളിയാഴ്​ച രാവിലെ മരട് നഗരസഭയിൽ എത്തിയ അദ്ദേഹം സബ്​ കലക്​ടർ, സാങ്കേതിക സമിതി അംഗങ്ങൾ, കെ.എം.ആർ.എൽ, മലിനീകരണ നിയന്ത്രണ ബോർഡ്‌ അംഗങ്ങൾ തുടങ്ങിയവരുമായി ചർച്ച നടത്തി. തുടർന്ന് ഇവരോടൊപ്പം നാല് ഫ്ലാറ്റുകളും സന്ദർശിച്ചു​. നഗരസഭയിൽ വീണ്ടും ചേർന്ന യോഗത്തിൽ രണ്ടുകമ്പനികളുടെയും പൊളിക്കല്‍ രീതികൾ അദ്ദേഹം വിലയിരുത്തി. 

ഫ്ലാറ്റുകൾക്ക്​ കാലപ്പഴക്കം കുറവായതിനാൽ പൊളിക്കുക ശ്രമകരമാണെന്ന് സർവാതെ മാധ്യമങ്ങളോട് പറഞ്ഞു. കായലിലേക്ക്‌ ചെരിച്ച്‌ പൊളിക്കാനാണ്‌ ആലോചന. പരിസരവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും ഒരു വീടിനെപ്പോലും പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊളിക്കുന്നതിന്‌ ആറുമണിക്കൂർ മുമ്പ്‌ പരിസരവാസികളെ ഒഴിപ്പിക്കും. അതേസമയം, ആശങ്ക പരിഹരിക്കാൻ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂന്നു വാർഡുകളിലായി പരിസരവാസികളുടെ യോഗം വിളിച്ചിട്ടുണ്ട്‌. 


ഫ്ലാറ്റ് പൊളിക്കൽ: ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സബ് കലക്ടറെ കണ്ടു
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട്​ തങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സബ് കലക്ടറെ കണ്ടു. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ ഫ്ലാറ്റുകൾക്ക് സമീപത്തെ വീട്ടുകാരാണ് മുനിസിപ്പാലിറ്റിയിലെത്തിയത്. 

കുണ്ടന്നൂർ-തേവര പാലം, വിവിധ വാർത്തവിനിമയ കേബിളുകൾ, വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ, ഐ.ഒ.സിയുടെ ഓയിൽ പൈപ്പുകളടക്കം ഇതിന്​ സമീപത്തുകൂടെയാണ് പോകുന്നത്​. ഇത്​ ആശങ്കക്കിടയാക്കു​െന്നന്ന്​ അവർ വ്യക്തമാക്കി. ചുറ്റുഭാഗത്ത്​ നിരവധി വീടുകളും താമസക്കാരും വളർത്തുമൃഗങ്ങളുമുണ്ട്. തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുണ്ടന്നൂർ പൗരസമിതി കൺവീനർ സിബി സേവ്യർ, കൗൺസിലർ സുനില സിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. ഭയപ്പെടേണ്ടെന്നും സുരക്ഷ ഉറപ്പാക്കി മാത്രമെ നടപടികൾ മുന്നോട്ടുകൊണ്ടുപോകൂവെന്നും സബ് കലക്ടർ മറുപടി നൽകി. 

പ്രദേശവാസികളെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളുണ്ടായാൽ സുപ്രീംകോടതിയെ മു​േമ്പ അറിയിക്കുമെന്നായിരുന്നു മറുപടിയെന്ന് സുനില സിബി പറഞ്ഞു. എന്നാൽ, അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ തങ്ങൾക്ക് സന്ദേഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

ഫ്ലാറ്റ് പൊളിക്കൽ രണ്ടര മാസം കൊണ്ട്
കൊച്ചി: രണ്ടര മാസം കൊണ്ട് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് തെരഞ്ഞെടുക്കപ്പെട്ട എഡിഫൈസ് കമ്പനിയുടെ അനുബന്ധ സ്​ഥാപനമായ ജെറ്റ്​ ഡെമോളിഷൻസ്​ പ്രതിനിധി ജോ ബ്രിങ്മാൻ. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാകുമെന്നും ഫ്ലാറ്റുകൾ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

നിയന്ത്രിത സ്ഫോടനത്തിലൂടെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടങ്ങൾ നിലംപതിക്കും. പൊളിക്കുന്നതിന്‌ മുമ്പ്​ കെട്ടിടത്തി​​​െൻറ രൂപരേഖയും ഘടനയും വിശദമായി പരിശോധിക്കും. സമീപത്ത്‌  അനുഭവപ്പെടുന്ന പ്രകമ്പനങ്ങൾ പരാമവധി കുറക്കും. ചുറ്റുഭാഗത്തെ ബാധിക്കാത്ത തരത്തിൽ ഏറ്റവും ലഘൂകരിച്ചായിരിക്കും ഇത് ചെയ്യുക. മുനിസിപ്പാലിറ്റി, വിവിധ ഗവ. ഏജൻസികൾ, സമീപവാസികൾ തുടങ്ങിയ എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ് അദ്ദേഹം പറഞ്ഞു.