മാര്‍ ജോസഫ് പൗവത്തിലിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
text_fieldsചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുൻ അധ്യക്ഷന്‍ മാര്‍ ജോസഫ് പൗവത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി വി.എന്‍. വാസവൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശനിയാഴ്ച മന്ത്രി വി.എന്‍. വാസവന് ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ ബുധനാഴ്ച രാവിലെ 9. 30നാണ് മാര്‍ പൗവത്തിലിന്റെ കബറടക്കം. ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. രണ്ടുഘട്ടമായിട്ടാണ് സംസ്കാരശുശ്രൂഷകള്‍. രാവിലെ ഏഴിന് ചങ്ങനാശ്ശേരി അതിരൂപതാഭവനത്തില്‍ കുര്‍ബാനയും സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടക്കും. തുടര്‍ന്ന് 9.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് ഭൗതികശരീരം വിലാപയാത്രയായി എത്തിക്കും. ബുധനാഴ്ച സംസ്കാര ശുശ്രൂഷകള്‍ നടക്കുന്നതുവരെ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടാകും.
പൊതുദര്‍ശനം നാളെ
ചങ്ങനാശ്ശേരി: മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം ചൊവ്വാഴ്ച പൊതുദർശനത്തിനുവെക്കും. ചൊവ്വാഴ്ച രാവിലെ 9. 30ന് ചങ്ങനാശ്ശേരി അതിരൂപത ഭവനത്തില്‍ നിന്നാരംഭിക്കുന്ന വിലാപയാത്രയെ തുടര്‍ന്ന് മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് പൊതുദർശനം.
ചെത്തിപ്പുഴ ആശുപത്രിയില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ലെന്നും ചങ്ങനാശ്ശേരി അതിരൂപത അറിയിച്ചു. അന്ത്യോപചാരമര്‍പ്പിക്കുവാന്‍ വരുന്നവര്‍ പൂക്കള്‍, ബൊക്കെ എന്നിവ പൂര്‍ണമായി ഒഴിവാക്കണമെന്നും ആവശ്യമെങ്കില്‍ കച്ച സമര്‍പ്പിക്കാവുന്നതാണെന്നും സഭാനേതൃത്വം അറിയിച്ചു.