You are here

‘ലൂസിഫറി’ൻെറ കുട്ടിജീപ്പ്​ സൂപർ ഹിറ്റ്​; അരുണിന്​ മഹീന്ദ്രയിലേക്ക്​ ക്ഷണം

  • അമൃതേഷ് എന്ന10 വയസുകാരന് വേണ്ടിയാണ് അരുൺ വില്ലീസ്  ജീപ്പിെൻറ മിനിയേച്ചർ ഒരുക്കിയത്

arun-with-lucifer-jeep
1. അരുൺകുമാർ നിർമിച്ച ജീപ്പിനരികെ മകൻ മാധവ് കൃഷ്ണ, 2.ലൂസിഫർ സിനിമയിൽ മോഹൻലാൽ

തൊടുപുഴ: ‘ലൂസിഫർ’ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്​റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു​ ചിത്രത്തിൽ അദ്ദേഹം ഉപയോഗിച്ച KLQ 666 നമ്പർ വില്ലീസ്​ ജീപ്പ്. ഈ ജീപ്പി​െൻറ മിനിയേച്ചർ നിർമിച്ച ഇടുക്കിക്കാരൻ അരുൺ കുമാറിനെ തേടിയെത്തിയത് സാക്ഷാൽ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം. മഹീന്ദ്രയ്ക്കായി ഇത്തരം വാഹനങ്ങൾ നിർമിക്കാനുള്ള ക്ഷണവും അരുണിനെ പരിചയപ്പെടണമെന്ന ആഗ്രഹവും ആനന്ദ് മഹീന്ദ്ര പങ്കു വെച്ചിരിക്കുകയാണ്. കൊല്ലം അഞ്ചൽ സ്വദേശിയായ അമൃതേഷ് എന്ന10 വയസുകാരന് വേണ്ടിയാണ് അരുൺ വില്ലീസ്  ജീപ്പി​െൻറ മിനിയേച്ചർ ഒരുക്കിയത്. 

anand-mahindra-congrats-tweet-arun-kumar.

ആനന്ദ് മഹീന്ദ്രയെപ്പോലും വീഴ്ത്താൻ പറ്റിയ എന്താണ് ഈ കളി വാഹനത്തിൽ എന്നല്ലേ. വില്ലീസ് ജീപ്പ് പോലെ തന്നെ രൂപ ഭംഗിയും ഒരു കുട്ടിക്ക് ബാറ്ററിയുടെ കരുത്തിൽ ഓടിക്കാൻ കഴിയുമെന്നതുമാണ് ഇതി​െൻറ പ്രത്യേകത. ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ് അമൃതേഷ് എന്ന ഒരു കുട്ടി ഇത്തമൊരു വാഹനത്തിന് അതിയായി ആഗ്രഹിക്കുന്നു എന്ന കാര്യം അരുൺ കുമാറിനെ അറിയിക്കുന്നത്. മുമ്പ് അരുൺകുമാർ തൻെറ മക്കൾക്കായി നിർമിച്ച ‘സുന്ദരി’ എന്ന ഓട്ടോയുടെ മിനിയേച്ചർ പതിപ്പ് തരംഗമായിരുന്നു. ഈ വീഡിയോ കണ്ടതിനുശേഷമാണ് അമൃതേഷ് ‘നെടുമ്പള്ളി’ ജീപ്പ് വേണമെന്ന ആഗ്രഹം അരുണിനെ അറിയിച്ചത്. 

പത്തു വയസുകാരൻെറ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് അരുൺ കുഞ്ഞു ജീപ്പൊരുക്കിയത്​. ഒഴിവ് സമയങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം. ഏഴ് മാസം കൊണ്ടാണ് ജീപ്പിൻെറ പണി പൂർത്തിയായത്. തകിടാണ് ഈ കുഞ്ഞൻ വില്ലീസ് ജീപ്പ് നിർമിക്കാൻ ഉപയോഗിച്ചത്. മുന്നിൽ ഡ്രൈവർക്കുള്ള സീറ്റും പിന്നിൽ നീളത്തിലുള്ള സീറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ചാർജിങ്ങ് സംവിധാനവും മ്യൂസിക് സിസ്റ്റവും കൊച്ചു  വില്ലീസി​െൻറ പ്രത്യേകതയാണ്. സാധാരണ വാഹനങ്ങളിലേത് പോലുള്ള ലൈറ്റുകളും ഇൻഡിക്കേറ്ററുമെല്ലാം ഈ വാഹനത്തിലുമുണ്ട്. യഥാർഥ വാഹനങ്ങളിലേത് പോലെ ഗിയർ ലിവർ, ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയുമുണ്ട്. നിർമാണം പൂർത്തിയായെങ്കിലും കോവിഡ് കാലമായതിനാലാണ് വാഹനം അമൃതേഷിന് കൈമാറാൻ കഴിയാത്തത്. 

കുട്ടി ജീപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എത്തിയ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനത്തി​െൻറ ത്രില്ലിലാണ് അരുൺ. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ആനന്ദ് മഹീന്ദ്ര അഭിനന്ദനമറിയിച്ചത്. ഇതിനു പിന്നാലെ മഹീന്ദ്രയുടെ പ്രതിനിധി സുരേഷ് കുമാർ അരുണുമായി ബന്ധപ്പെട്ട് അദ്ദേഹം മുമ്പ് ചെയ്ത മിനിയേച്ചർ വാഹനങ്ങളുടെ ചിത്രങ്ങൾ വാങ്ങി. ഒരു എൻജിനീയറാകാനായിരുന്നു തൻെറ ആഗ്രഹമെങ്കിലും നഴ്സിങ്ങ് ജോലിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അത് തനിക്ക് ഏറെ ആനന്ദം നൽകുന്നുണ്ടെന്നുമാണ് അരുൺ പറയുന്നത്.  

ഇടവേളകളിലെ ചില  ചെറിയ പരീക്ഷണങ്ങളാണ് ഇവയെല്ലാം. എല്ലാവരിൽ നിന്നും ലഭിക്കുന്ന  അഭിനന്ദനങ്ങൾ സന്തോഷം നൽകുന്നു. ആനന്ദ് മഹീന്ദ്രയെപ്പോലുള്ളവർ നൽകുന്ന സന്തോഷം വളരെ വലുതാണെന്നും അദ്ദേഹത്തെ നേരിൽ കണ്ട്  സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും അരുൺ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. 

Loading...
COMMENTS